കേരളത്തിൽ തണുപ്പും ചൂടും ഒരു പോലെ, കാരണം ചക്രവാതച്ചുഴിയുടെ സ്വാധീനം, മഴ കാത്ത് കേരളം, വരും ദിവസങ്ങളിലെ കാലാവസ്ഥ ഇങ്ങനെ
തണുപ്പാണ് കേരളത്തിലെങ്കിലും പകൽ വരണ്ട കാലാവസ്ഥയാണ്. വെയിലിൻ്റെ ചൂടേറ്റ് മണ്ണുവരെ വരണ്ട അവസ്ഥയിലാണ്. അതുകൊണ്ട് തന്നെ മഴ കാത്തിരിക്കുകയാണ് കേരള മണ്ണ്. സംസ്ഥാനത്ത് ഇന്നും ഒരു ജില്ലകളിലും മഴ മുന്നറിയിപ്പില്ല. കാലാവസ്ഥ വകുപ്പിൻ്റെ ഏറ്റവും പുതിയ അറിയിപ്പ് പ്രകാരം, വരുന്ന അഞ്ച് ദിവസത്തേക്ക് ഒരു ജില്ലയിലും മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടില്ല. കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് പോകുന്നതിനും തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.
അതേസമയം, തെക്കൻ തമിഴ്നാട് തീരം, ഗൾഫ് ഓഫ് മന്നാർ, അതിനോട് ചേർന്ന കന്യാകുമാരി പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മുന്നറിയിപ്പുള്ള മേഖലകളിൽ മത്സ്യബന്ധനത്തിന് പോകുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പുണ്ട്.
രാത്രി തണുപ്പ് പകൽ ചൂട്, തണുപ്പും ചൂടും ഒരുപോലെ
സംസ്ഥാനത്ത് പകൽ സമയങ്ങളിൽ തെളിഞ്ഞ ആകാശമായതിനാൽ ചൂടുള്ള കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. വൈകുന്നേരത്തോടെ മിക്ക സ്ഥലങ്ങളിലും തണുപ്പാണ് രേഖപ്പെടുത്തുന്നത്. രാത്രിയിലും പുലർച്ചെയും അതിശൈത്യമാണ്. പ്രത്യേകിച്ച് മലയോര മേഖലകളായ ഇടുക്കി, വയനാട്, പത്തനംതിട്ട തുടങ്ങിയ ജില്ലകളിൽ. മലയോര പ്രദേശങ്ങളിൽ താപനില 10 ഡിഗ്രി സെൽഷ്യസിനും താഴേക്കാണ്. മൂന്നാറും പരിസര പ്രദേശങ്ങളിലും പൂജ്യം വരെ താപനില എത്തിയിരുന്നു. ശൈത്യം കടുത്തതോടെ മഞ്ഞും തണുപ്പും ആസ്വദിക്കാൻ നിരവധി വിനോദസഞ്ചാരികളാണ് ഇവിടേക്ക് എത്തുന്നത്.
മകരമാസം എത്തുന്നതോടെ തണുപ്പ് കൂടും
നിലവിലെ ശൈത്യം വരും ദിവസങ്ങളിൽ കൂടാനാണ് സാധ്യത. മകരമാസം എത്തുന്നതോടെ വീണ്ടും തണുപ്പ് വർദ്ധിക്കും. ശബരിമലയിലും സമാന കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. അതേസമയം കോട്ടയം, പാലക്കാട്, കൊല്ലം ജില്ലകളിലും സാധാരണയേക്കാൾ കുറഞ്ഞ താപനിലയാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ അനുഭവപ്പെട്ടത്. വടക്കൻ കേരളത്തിലും മലയോര മേഖലകളിലും പുലർച്ചെ കടുത്ത മഞ്ഞ് അനുഭവപ്പെടുന്നുണ്ട്. ബംഗാൾ ഉൾക്കടലിലെ ചക്രവാതച്ചുഴിയുടെ സ്വാധീനം കുറഞ്ഞതോടെ അന്തരീക്ഷം വരണ്ടതാകുകയും ഇത് തണുപ്പ് കൂടാൻ കാരണമാവുകയും ചെയ്തു. വരും ദിവസങ്ങളിൽ സംസ്ഥാനത്ത് വരണ്ട കാലാവസ്ഥ തുടരുമെന്നും മഴയ്ക്ക് സാധ്യത കുറവാണെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
English Summary : Experience the unique climate of Kerala, where hot days give way to cool evenings and chilly nights, especially in the hill districts like Idukki and Wayanad.