കേരളത്തിലും ഗൾഫിലും ഇന്നത്തെ മഴ വിശകലനം

കേരളത്തിൽ കാലവർഷത്തിന്റെ ഭാഗമായ മഴ തുടരും. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി കനത്ത മഴ തുടരുന്ന വടക്കൻ കേരളത്തിൽ ഇന്ന് മഴക്ക് ഇടവേളകൾ ലഭിക്കും. നാളെയും വടക്കൻ കേരളത്തിന്റെ മലയോരമേഖലകളിൽ മഴ തുടരുമെങ്കിലും ദീർഘമായ ഇടവേളകൾക്ക് സാധ്യതയുണ്ട്. വ്യാഴാഴ്ചയ്ക്കുശേഷം മഴ താൽക്കാലികമായി കുറയും. ശനി ഞായർ ദിവസങ്ങളിൽ വീണ്ടും മഴ സാധ്യത. തുടർന്ന് വീണ്ടും മഴക്ക് അല്പം ബ്രേക്ക് ലഭിക്കും. ബുധനാഴ്ചക്കുശേഷം വീണ്ടും മഴ ശക്തിപ്പെടാനും സാധ്യതയുണ്ട്.

വടക്കൻ കേരളത്തിൽ ജാഗ്രത

വടക്കൻ കേരളത്തിൽ കനത്ത മഴ തുടർന്ന് സാഹചര്യത്തിൽ ജാഗ്രത നിർദ്ദേശം പിന്തുടരുന്നതാണ് സുരക്ഷിതം. കാസർകോട് കണ്ണൂർ ജില്ലകളിലെ പുഴകളെല്ലാം നിറഞ്ഞു കവിഞ്ഞ് ഒഴുകുകയാണ്. കോഴിക്കോട് ജില്ലയിലെ പുഴകളിലും ജലനിരപ്പ് ഉയരുന്നുണ്ട്. ഈ സാഹചര്യത്തിൽ തീരദേശത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണം. കിഴക്കൻ മേഖലയിൽ മഴ തുടരുന്നതിനാൽ പെട്ടെന്നുള്ള കുത്തൊഴുക്കും ജലനിരപ്പിൽ നേരിയ വ്യതിയാനവും പ്രതീക്ഷിക്കാം. തോടുകൾ അരുവികൾ എന്നിവിടങ്ങളിൽ കുളിക്കാൻ ഇറങ്ങുന്നതും സെൽഫി എടുക്കുന്നതും സുരക്ഷിതമല്ല. ലൈഫ് ജാക്കറ്റുകൾ ധരിക്കാതെ തോണിയിലോ മറ്റോ കടവ് കടക്കുന്നതും സുരക്ഷിതമല്ല.
മഴ കുതിർന്ന കിഴക്കൻ മേഖലകളിൽ മലയോര പ്രദേശങ്ങളിൽ അനാവശ്യ രാത്രികാല യാത്രകൾ ഒഴിവാക്കണം. ഇനിയുള്ള ദിവസങ്ങളിൽ കിഴക്കൻ മലയോര മേഖലയിലും മഴക്ക് ഇടവേളകൾ ലഭിക്കുന്നത് ആശ്വാസമാണ്. മധ്യകേരളത്തിലും തെക്കൻ കേരളത്തിലും ഇന്ന് സാമാന്യം ശക്തമായ മഴ ഉച്ചക്ക് ശേഷം പ്രതീക്ഷിക്കാം. അറബിക്കടലിൽ വ്യാപകമായ മേഘരൂപീകരണം ഉണ്ട് . അന്തരീക്ഷത്തിൽ മൂന്നു കിലോമീറ്റർ വരെ ഉയരത്തിൽ പടിഞ്ഞാറൻ കാറ്റ് ശക്തമാണ്. അതിനാൽ ഈ മേഘങ്ങൾ കരയിലെത്തിയാൽ തീർച്ചയായും മഴ ലഭിക്കാൻ കാരണമാകും.

ഗൾഫിലും മഴ തുടരുന്നു

ഒമാനിന്റെ കിഴക്കൻ പ്രദേശങ്ങളിൽ കേരളത്തിലെ വർഷക്കാലത്തെ അനുസ്മരിപ്പിക്കുന്ന വിധത്തിലുള്ള മഴക്ക് ഇന്നും സാധ്യതയുണ്ട്. ഇന്നലെ ഒമാനിലും യു.എ.ഇയിലും പലയിടങ്ങളിലായി ശക്തമായ മഴ റിപ്പോർട്ട് ചെയ്തിരുന്നു. സലാലയിലും മൺസൂൺ ശക്തിപ്പെടും. ഒമാനിന്റെ ഉൾനാടൻ പ്രദേശങ്ങളിലും യു.എ.ഇയിലും ഇടിയോടുകൂടിയുള്ള മഴക്കാണ് സാധ്യത. മഴക്കൊപ്പം ആലിപ്പഴ വർഷത്തിനും സാധ്യതയുണ്ട്. ഒമാൻ, യു.എ.ഇ പൂർണ്ണമായും സൗദി അറേബ്യയുടെ കിഴക്കൻ മേഖലകളിലും ഇന്ന് മേഘാവൃതം ആകും. കിഴക്കൻ സൗദിയിൽ ദമാം ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ട്. ഈ പ്രദേശങ്ങളിൽ താപനിലയിലും കുറവുണ്ടാകും.

Leave a Comment