സംസ്ഥാന വിള ഇൻഷുറൻസ് സേവനങ്ങൾ ഇനി എയിംസ് 2.0-ൽ; കർഷകർ നോമിനി വിവരങ്ങൾ പുതുക്കണം
കാർഷിക സേവനങ്ങൾ കൂടുതൽ സുതാര്യമാക്കുന്നതിനായി സംസ്ഥാനത്തിലെ വിള ഇൻഷുറൻസ്(Insurance)സേവനങ്ങൾ നവീകരിച്ച AIMS 2.0 പോർട്ടലിലേക്ക് മാറ്റുന്നു. മാർച്ച് 15 മുതൽ എല്ലാ പുതിയ ഇൻഷുറൻസ് അപേക്ഷകളും ഈ പുതിയ പോർട്ടൽ വഴിയാണ് സ്വീകരിക്കുകയെന്ന് Kerala Department of Agriculture Development and Farmers’ Welfare അറിയിച്ചു.
പ്രകൃതിക്ഷോഭം മൂലമുള്ള വിളനാശ ധനസഹായത്തിനുള്ള നാച്വറൽ കാലമിറ്റി സർവീസ് ഇതിനകം തന്നെ 2025 ജൂലൈ 15 മുതൽ പുതിയ പോർട്ടലിലേക്ക് മാറ്റിയിട്ടുണ്ട്. നിലവിൽ ഉപയോഗത്തിലുള്ള AIMS 1.0 പോർട്ടലിൽ മാർച്ച് 14 വരെ സമർപ്പിച്ച ഇൻഷുറൻസ് അപേക്ഷകൾ അതേ സംവിധാനത്തിലൂടെ തന്നെ പരിശോധിച്ച് നടപടികൾ പൂർത്തിയാക്കും.
പുതിയ സംവിധാനത്തിൽ ഇൻഷുറൻസ് (Insurance )അപേക്ഷ സമർപ്പിക്കുന്നതിന് മുമ്പ് നോമിനി വിവരങ്ങൾ നൽകുന്നത് നിർബന്ധമാക്കിയിട്ടുണ്ട്. നോമിനിയുടെ പേര്, ബന്ധം, തിരിച്ചറിയൽ രേഖകൾ എന്നിവ പോർട്ടലിൽ രേഖപ്പെടുത്തണം. കർഷകർ നൽകുന്ന ഈ വിവരങ്ങൾ ബന്ധപ്പെട്ട കൃഷി ഓഫീസർമാർ ഓൺലൈനായി പരിശോധിച്ച് അംഗീകരിച്ചാൽ മാത്രമേ ഇൻഷുറൻസ്(Insurance )അപേക്ഷാ നടപടികൾ പൂർത്തിയാക്കാൻ കഴിയൂ.
അതേസമയം, എയിംസ് 1.0 വഴി ഇതിനകം പോളിസി എടുത്തിട്ടുള്ള കർഷകർക്ക് മാർച്ച് 15 ന് ശേഷമുള്ള വിളനാശങ്ങൾക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ട് അപേക്ഷകൾ പുതിയ എയിംസ് 2.0 പോർട്ടൽ വഴി സമർപ്പിക്കാം.
ഇൻഷുറൻസ്(Insurance)പ്രീമിയം നിരക്കുകൾ, അപേക്ഷ നൽകേണ്ട സമയപരിധി തുടങ്ങിയ കാര്യങ്ങളിൽ നിലവിലുള്ള മാനദണ്ഡങ്ങളിൽ മാറ്റമില്ലെന്ന് അധികൃതർ അറിയിച്ചു. ഇൻഷുറൻസ് പരിരക്ഷ തടസ്സമില്ലാതെ ലഭിക്കുന്നതിനായി എല്ലാ കർഷകരും പുതിയ പോർട്ടലിൽ ലോഗിൻ ചെയ്ത് നോമിനി വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യണമെന്ന് കൃഷിവകുപ്പ് അഭ്യർത്ഥിച്ചു. കൂടുതൽ വിവരങ്ങൾക്കായി സമീപത്തുള്ള കൃഷിഭവനുമായി ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു.
English Summary : The Kerala Department of Agriculture Development and Farmers’ Welfare is transitioning its crop insurance services to the upgraded AIMS 2.0 portal to enhance transparency and efficiency.