കേരളത്തില്‍ കിഴക്കന്‍ അതിര്‍ത്തി മേഖലകളില്‍ ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ഒറ്റപ്പെട്ട മഴ സാധ്യത. തെക്കന്‍ കേരളത്തിലെ കിഴക്കന്‍ അതിര്‍ത്തി മേഖലയിലാണ് ഒറ്റപ്പെട്ട മഴ പ്രതീക്ഷിക്കുന്നത്. കോഴിക്കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളില്‍ നാളെ (ബുധന്‍) ഭാഗിക മേഘാവൃതമായ അന്തരീക്ഷവും ഉടലെടുക്കും.
തണുപ്പ് താല്‍ക്കാലികമായി പിന്‍വാങ്ങും
ബംഗാള്‍ ഉള്‍ക്കടലിലെ കാറ്റിന്റെ കറക്കമാണ് തമിഴ് നാട്ടിലേക്കും കേരളത്തിലേക്കും മേഘങ്ങളെ എത്തിക്കുന്നത്. ഇതു കാരണം വടക്കന്‍ ജില്ലകളില്‍ ഉള്‍പ്പെടെ കഴിഞ്ഞ രണ്ടു ദിവസമായി അനുഭവപ്പെട്ടിരുന്ന തണുപ്പ് താല്‍ക്കാലികമായി വിടവാങ്ങും. വെള്ളിയാഴ്ച വരെയാണ് മേഘാവൃതമായ അന്തരീക്ഷത്തിനോ ഒറ്റപ്പെട്ട മഴയ്‌ക്കോ സാധ്യതയുള്ളത്. ഈ ദിവസങ്ങളിലാണ് തണുപ്പ് പിന്‍മാറുക.
കിഴക്കന്‍ അതിര്‍ത്തിയില്‍ ഒറ്റപ്പെട്ട മഴ
തുടര്‍ന്ന് വീണ്ടും തെളിഞ്ഞ അന്തരീക്ഷസ്ഥിതി ഉടലെടുക്കുകയും തണുപ്പ് തിരികെ എത്തുകയും ചെയ്യുമെന്നാണ് ഞങ്ങളുടെ നിരീക്ഷകര്‍ കരുതുന്നത്. കേരളത്തില്‍ ശക്തമായ മഴ സാധ്യതയില്ലെന്നും ഇടുക്കി മുതല്‍ തെക്കോട്ടുള്ള കേരളത്തിന്റെ കിഴക്കന്‍ അതിര്‍ത്തിയിലുള്ള മേഖലകളിലാണ് ഒറ്റപ്പെട്ട മഴ പ്രതീക്ഷിക്കുന്നതെന്നും മെറ്റ്ബീറ്റ് വെതര്‍ നിരീക്ഷിക്കുന്നു.
ഇടുക്കി മുതല്‍ തിരുവനന്തപുരം വരെ മഴ മുന്നറിയിപ്പ്
അതിനിടെ, ഇന്നും (ചൊവ്വ) നാളെയും ഇടുക്കി, എറണാകുളം, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഴ സാധ്യതാ മുന്നറിയിപ്പ് നല്‍കി. ഒറ്റപ്പെട്ട സാധാരണ ചാറ്റല്‍ മഴയ്ക്കാണ് സാധ്യത.
മത്സ്യബന്ധന വിലക്ക്
കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധന വിലക്കില്ല. തെക്കന്‍ തമിഴ്‌നാട് തീരം, ഗള്‍ഫ് ഓഫ് മന്നാര്‍, അതിനോട് ചേര്‍ന്ന കന്യാകുമാരി പ്രദേശം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. ഇന്നു മുതല്‍ ഈ മാസം 19 വരെ ഈ മേഖലകളില്‍ മത്സ്യബന്ധന മുന്നറിയിപ്പുണ്ട്.
English Summary: Isolated rain likely along eastern border, overcast elsewhere, cold to ease