കേരളത്തിൽ ഒറ്റപ്പെട്ട മഴക്ക് സാധ്യത, എവിടെ എന്നറിയാം

25 ദിവസത്തോളമായി തുടരുന്ന വരണ്ട കാലാവസ്ഥയ്ക്ക് ശേഷം കേരളത്തിൽ വീണ്ടും ഒറ്റപ്പെട്ട മഴക്ക് സാധ്യത. 2023 ജനുവരി 24 ന് ശേഷം നാലു ദിവസത്തേക്കാണ് മഴ സാധ്യത. ഇക്കാര്യം കഴിഞ്ഞ ദിവസങ്ങളിൽ മെറ്റ്ബീറ്റ് വെതർ സൂചിപ്പിച്ചിരുന്നു. തെക്കൻ കേരളത്തിനാണ് കൂടുതൽ മഴ സാധ്യത. ഒറ്റപ്പെട്ട മഴ മധ്യ കേരളത്തിലും വടക്കൻ ജില്ലകളുടെ കിഴക്കൻ മലയോരത്തും സാധ്യതയുണ്ടെന്ന് ഞങ്ങളുടെ നിരീക്ഷകർ പറയുന്നു.

മഴക്ക് കാരണം എന്ത്

മഡഗാസ്‌കറിനു സമീപം കഴിഞ്ഞ ദിവസമുണ്ടായ ചുഴലിക്കാറ്റും തുടർന്നുള്ള അന്തരീക്ഷസ്ഥിതിയുമാണ് കേരളത്തിൽ മഴ നൽകുക. തെക്കൻ തമിഴ്‌നാട്ടിലും തെക്കൻ കേരളത്തിലും മഴക്ക് അനുകൂല സാഹചര്യം ഒരുക്കാൻ ഈ സിസ്റ്റത്തിനു കഴിയും. ഒപ്പം ബംഗാൾ ഉൾക്കടലിലും കാറ്റിന്റെ സർക്കുലേഷനുകൾ രൂപപ്പെടുന്നുണ്ട്. ഇത് ശ്രീലങ്ക ഉൾപ്പെടെ മഴ നൽകും. ഇന്നു മുതൽ തെക്കൻ കേരളത്തിന്റെ ആകാശത്ത് മാറ്റങ്ങൾ കണ്ടു തുടങ്ങുമെന്ന് ഞ്ങ്ങളുടെ വെതർമാൻ പറയുന്നു. ബംഗാൾ ഉൾക്കടലിൽ നിന്ന് ഈർപ്പമുള്ള കാറ്റ് കേരളത്തിൽ പ്രവേശിക്കാൻ തുടങ്ങിയിട്ടുണ്ട്. ഇവ അടുത്ത ദിവസം മേഘരൂപീകരണത്തിന് ഇടയാക്കും. തുടർന്ന് മഴ ലഭിക്കുകയും ചെയ്യും. പരക്കെ മഴക്ക് സാധ്യതയില്ലെങ്കിലും ചിലയിടങ്ങളിൽ ഇടത്തരമോ ശക്തമോ ആയ മഴ ലഭിച്ചേക്കും. തണുപ്പിനും കുറവുണ്ടാകും.

ഇക്കുറി തുലാമഴയിൽ 3 ശതമാനവും കാലവർഷത്തിൽ 14 ശതമാനവും മഴക്കുറവുണ്ടായിരുന്നെങ്കിൽ ശീതകാല മഴയിൽ ഇതുവരെ 100 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കേന്ദ്ര അന്തരീക്ഷ ശാസ്ത്ര കേന്ദ്രത്തിന്റെ കണക്കുപ്രകാരം ജനുവരി ഒന്നു മുതൽ ഇന്നലെ വരെ ലഭിക്കേണ്ട ശരാശരി മഴ 5.4 മി.മീ ആണ്. എന്നാൽ ഈ കാലയളവിൽ സംസ്ഥാനത്തെ ഒരു ജില്ലയിലും ചാറ്റൽ മഴ പോലും ലഭിച്ചിട്ടില്ല.

Leave a Comment