metbeat forecast 08/01/24: കേരളത്തിലും തമിഴ്നാട്ടിലും ശക്തമായ മഴ തുടരും

metbeat forecast 08/01/24: കേരളത്തിലും തമിഴ്നാട്ടിലും ശക്തമായ മഴ തുടരും

അറബിക്കടൽ, ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ ഉണ്ടായ അന്തരീക്ഷ മാറ്റം കാരണം കേരളത്തിലും തമിഴ്നാട്ടിലും ഇന്നും ശക്തമായ മഴ ലഭിക്കും. ഉച്ചയ്ക്ക് ശേഷവും വൈകിട്ടും രാത്രിയിലും ആയിരിക്കും മഴ. തമിഴ്നാട്ടിൽ ശക്തമായതോ അതി ശക്തമായതോ ആയ മഴ സാധ്യതയുണ്ട്. കേരളത്തിൽ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ മഴ ശക്തിപ്പെടാൻ സാധ്യത ഉണ്ടെന്നും Metbeat Weather ലെ നിരീക്ഷകർ പറയുന്നു.

ശ്രീലങ്കക്ക് സമീപം ചക്രവാത ചുഴി (cyclonic circulation) രൂപപ്പെട്ടിട്ടുണ്ട്. ഈ ചക്രവാത ചുഴിയിൽ നിന്ന് ഒരു ന്യൂനമർദ പാത്തി (Trough) ബംഗാൾ ഉൾക്കടലിലേക്ക് നീളുന്നു. അറബി കടലിൽ നിന്ന് കേരളത്തിന് സമാന്തരമായി മറ്റൊരു ന്യൂനമർദ പാത്തിയും നിലനിൽക്കുന്നു. ഇത് തെക്കൻ തമിഴ്നാട്ടിലും തെക്കൻ കേരളത്തിലും മഴ സാധ്യത വർധിപ്പിക്കുന്നു. ചെന്നൈ ഉൾപ്പെടെയുള്ള വടക്കൻ തമിഴ്നാട്ടിലെ തീരപ്രദേശങ്ങളിൽ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴക്കോ അതിശക്തമായ മഴക്കോ സാധ്യതയുണ്ട്. ശ്രീലങ്കയിൽ വ്യാപകമായ രീതിയിൽ ഇടിയോടെ മഴ ഉണ്ടാകും.

തെക്കൻ തമിഴ്നാട്ടിലെ വിവിധ ജില്ലകളിൽ ഇന്നും നാളെയും ശക്തമായതോ അതിശക്തമായതോ ആയ മഴയും പ്രതീക്ഷിക്കണം. തെക്കൻ തമിഴ്നാടിന്റെ കേരളത്തോട് ചേർന്ന് കിടക്കുന്ന മേഖലകളിലും മഴ ശക്തിപ്പെടുകയും ഡാമുകളിലേക്കുള്ള നീരൊഴുക്ക് വർധിക്കുകയും ചെയ്യും. കേരളവുമായി അതിർത്തി പങ്കിടുന്ന തമിഴ്നാട് മേഖലകളിലും ഉച്ചക്ക് ശേഷം ഇടിയോടുകൂടിയുള്ള ശക്തമായ മഴ പ്രതീക്ഷിക്കാം.

കേരളത്തിൽ ഇന്നലത്തെ അപേക്ഷിച്ച് ഇന്ന് പൊതുവേ മഴ സാധ്യത അല്പം കുറയുമെങ്കിലും തെക്കൻ കേരളത്തിലും വടക്കൻ കേരളത്തിലും ചില പ്രദേശങ്ങളിൽ ശക്തമായ മഴക്ക് സാധ്യത കൂടുതലാണ്. എറണാകുളം, കോട്ടയം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഒറ്റപ്പെട്ട മഴ പ്രതീക്ഷിക്കണം.

ശ്രീലങ്കക്ക് സമീപം രൂപപ്പെട്ട ചക്രവാത ചുഴി അടുത്തദിവസം പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് കന്യാകുമാരി കടൽ വഴി അറബിക്കടലിൽ എത്താനാണ് സാധ്യത. അതിനാൽ ചൊവ്വാഴ്ച ഉച്ചക്കുശേഷം കേരളത്തിലെ തീരദേശങ്ങളിൽ ഉൾപ്പെടെ ഇടിയോടുകൂടെ ശക്തമായ മഴക്ക് സാധ്യതയുണ്ട്. കണ്ണൂർ മുതൽ കോഴിക്കോട് വരെയും കൊച്ചി മുതൽ കൊല്ലം വരെയുള്ള തീരദേശങ്ങളിലാണ് മഴ സാധ്യത.

ഈ മാസം 10 വരെ കേരളത്തിൽ ശക്തമായ മഴ തുടരുമെന്ന് കഴിഞ്ഞ ദിവസങ്ങളിൽ മെറ്റ്ബീറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. തമിഴ്നാട്ടിൽ മഴക്കൊപ്പം ശക്തമായ ഇടിമിന്നൽ ഉണ്ടാകുമെന്നും ജാഗ്രത പാലിക്കണമെന്നും ഞങ്ങളുടെ നിരീക്ഷകർ പറഞ്ഞു. ഉത്തരേന്ത്യയിൽ നിന്നും വരുന്ന വരണ്ട തണുത്ത കാറ്റും ബംഗാൾ ഉൾക്കടലിൽ നിന്ന് വരുന്ന ഈർപ്പമുള്ള കാറ്റും സംഗമിക്കുന്നതുമൂലം (convergence) ആണ് ശക്തമായ മഴയും മിന്നലും (thunderstorm) ഉണ്ടാകുന്നത്. ഇത് തെക്കൻ തമിഴ്നാടിന് മുകളിൽ സംഭവിക്കാനാണ് സാധ്യത. ഈയൊരു പ്രതിഭാസത്തിന്റെ ഭാഗമായി തെക്കൻ കേരളത്തിലും അടുത്ത ദിവസം മഴ ശക്തി പെട്ടേക്കും.

ഇടിമിന്നൽ തൽസമയം അറിയുന്നതിന് വേണ്ടി ഞങ്ങളുടെ വെബ്സൈറ്റിലെ മിന്നൽ റഡാർ ഉപയോഗിക്കാം.

© Metbeat News

There is no ads to display, Please add some
Share this post

It is the editorial division of Metbeat Weather, the only private weather agency in Kerala. The desk consists of expert meteorologists and Senior Journalists. It has been operational since 2020.

Leave a Comment