കേരളത്തിൽ രണ്ടു ദിവസം മഴ സജീവമാകും

കേരളത്തിലെ വിവിധ ജില്ലകളിൽ ഇന്നലെ ലഭിച്ച മഴ ഇന്നും നാളെയും ശക്തമായി തുടരാൻ സാധ്യത. കാലവർഷക്കാറ്റ് കൂടുതൽ അനുകൂലമായതും വടക്കൻ തമിഴ്നാട്ടിനു മുകളിൽ രൂപപ്പെട്ട ചക്രവാതചുഴിയും രായലസീമ മുതൽ കന്യാകുമാരി വരെ നീണ്ടു നിൽക്കുന്ന ന്യൂനമർദ്ദ പാത്തിയുമാണ് മഴക്ക് കാരണമാകുന്നത്. കന്യാകുമാരി മേഖലയിൽ അന്തരീക്ഷ ചുഴിയും ദൃശ്യമാണ്. മധ്യ ,തെക്കൻ , വടക്കൻ കേരളത്തിൽ മഴ തുടരാൻ ഇത് കാരണമാകും. ആലപ്പുഴ മുതൽ കാസർകോട് വരെയുള്ള ജില്ലകളിൽ ആകും കൂടുതൽ മഴ സാധ്യത. അറബിക്കടലിലും ലക്ഷദ്വീപിലും അടുത്ത 48 മണിക്കൂറിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഞായറാഴ്ച വരെ കൂടുതൽ മഴ ലഭിച്ചശേഷം തിങ്കളാഴ്ച മുതൽ മഴ വീണ്ടും ദുർബലമായിരിക്കും. കേരളത്തിൽ രാത്രി പരക്കെ മഴയാണ് പ്രതീക്ഷിക്കുന്നത്. ചിലയിടങ്ങളിൽ ഇടിയോടുകൂടിയ മഴ ലഭിക്കും.

തമിഴകത്തും കർണാടകയിലും മഴ
തമിഴ്നാട്ടിലെ കോയമ്പത്തൂർ ഉൾപ്പെടെയുള്ള ജില്ലകളിലും മഴ ലഭിക്കും. വൈകിട്ട് ഇടിയോടു കൂടിയുള്ള മഴയാണ് പ്രതീക്ഷിക്കേണ്ടത്. കർണാടകയിലും ഇന്ന് മഴയ്ക്ക് സാധ്യതയുണ്ട്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ തുടരുന്ന ശക്തമായ മഴ അടുത്ത ദിവസങ്ങളിലും തുടരാനാണ് സാധ്യത . അസം, മേഘാലയ, മണിപ്പൂർ , ബംഗാൾ സംസ്ഥാനങ്ങളിൽ ശക്തമായ മഴയും വെള്ളക്കെട്ടും ഉണ്ടാകും. ഇവിടെ ഉരുൾപൊട്ടൽ സാധ്യതയും നിലനിൽക്കുന്നു. ബംഗാൾ ഉൾക്കടലിൽ നിന്ന് വീശുന്ന ശക്തമായ കാറ്റ് ആണ് ഇവിടെ മഴക്ക് കാരണമാകുന്നത്. കേരളത്തെ കൂടാതെ പശ്ചിമ തീരത്തു മഴ തുടരാനാണ് സാധ്യത. നിലവിൽ ഗുജറാത്ത് വരെ കാലവർഷം പുരോഗമിച്ചിട്ടുണ്ട്. പ്രധാനമായും പശ്ചിമതീരം വഴിയാണ് ഇത്തവണ കാലവർഷം പുരോഗമിച്ചത്. ഈ ഭാഗങ്ങളിൽ തുടർച്ചയായി മഴ ലഭിക്കാനുള്ള സാധ്യതയാണ് ഇപ്പോൾ ഒരുങ്ങുന്നത്. ജൂണിൽ കാലവർഷം എത്തിയതിനുശേഷം ഇതാദ്യമായാണ് ഇത്തരത്തിൽ തുടർച്ചയായ മഴയ്ക്കുള്ള സാധ്യത ഒരുങ്ങുന്നത്. വടക്കൻ കേരളം മുതൽ ഗുജറാത്ത് വരെയുള്ള ഭാഗങ്ങളിൽ അടുത്ത 48 മണിക്കൂറിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. അടുത്ത രണ്ടാഴ്ചയും ഈ മേഖലകളിൽ ഇതിൽ കഴിഞ്ഞ ആഴ്ചകളെ അപേക്ഷിച്ച് കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുണ്ട്. 2022ലെ കാലാവസ്ഥ പ്രവചന പ്രകാരം കാലവർഷത്തിന്റെ ആദ്യ രണ്ടു മാസത്തിൽ കൂടുതൽ മഴക്കുറവ് അനുഭവപ്പെടുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം. എം ജെ ഒ ഉൾപ്പെടെയുള്ള അനുകൂല സാഹചര്യങ്ങൾ ഉരുത്തിരിയുന്ന തിനാൽ എന്നാൽ ഈ മാസം അവസാനം വരെ കേരളത്തിലും കൂടുതൽ മഴ നമുക്ക് പ്രതീക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്കായി metbeatnews.com, metbeat.com, വെബ്സൈറ്റുകളും ഫേസ്ബുക്ക് പേജും പിന്തുടരുക. ഔദ്യോഗിക കാലാവസ്ഥ അറിയിപ്പുകൾക്കായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ വെബ്സൈറ്റും പിന്തുടരുക .

Leave a Comment