1877 നു ശേഷം ഏറ്റവും ചൂടു കൂടിയ ഫെബ്രുവരിയാണ് 2023 ലേതെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ദേശീയ ശരാശരി താപനില റെക്കോർഡ് ചെയ്തത് 29.54 ഡിഗ്രി സെൽഷ്യസ് ആയിരുന്നു. ആഗോള താപനമാണ് ചൂടു കൂടുന്നതിന് കാരണം. 1901 മുതൽ രാജ്യത്ത് കുറഞ്ഞ താപനിലയിൽ ഏറ്റവും കൂടുതൽ രേഖപ്പെടുത്തിയ അഞ്ചാമത്തെ ഫെബ്രുവരിയുമാണ് കഴിഞ്ഞു പോയത്.
മാർച്ചിൽ ഉത്തരേന്ത്യയിൽ ഉഷ്ണ തരംഗത്തിന് സാധ്യതയുണ്ട്. എന്നാൽ ചിലയിടങ്ങളിൽ മാത്രമാണ് താപതരംഗം പ്രതീക്ഷിക്കുന്നതെന്ന് ഹൈഡ്രോമെറ്റ് ആന്റ് അഗ്രോമെറ്റ് അഡൈ്വസറി സർവിസ് മേധാവി എസ്.സി ചൗഹാൻ പറഞ്ഞു. ഏപ്രിൽ, മെയ് മാസങ്ങളിൽ രാജ്യത്ത് കൂടുതൽ മേഖലകളിൽ താപതരംഗമുണ്ടാകും.
മാർച്ച് മാസത്തിൽ മഴ രാജ്യത്ത് സാധാരണ നിലയിലാകുമെന്നും കാലാവസ്ഥാ വകുപ്പ് പറഞ്ഞു. 83 മുതൽ 117 ശതമാനമാണ് ദീർഘകാല ശരാശരി പ്രകാരം സാധാരണ മഴ. 1971 മുതൽ 2020 വരെയുള്ള ദീർഘകാല ശരാശരി പ്രകാരം രാജ്യത്ത് മാർച്ചിൽ ലഭിക്കേണ്ട ശരാശരി മഴയുടെ അളവ് 29.9 മില്ലി മീറ്ററാണ്. അതേസമയം, വടക്കുപടിഞ്ഞാറ് ഇന്ത്യയിലും പടിഞ്ഞാറ് മധ്യ ഇന്ത്യയിലും കിഴക്ക്, വടക്കുകിഴക്ക് സംസ്ഥാനത്തിലും മഴ സാധാരണയേക്കാൾ കുറയും.
കേരളം ഉൾപ്പെടുന്ന ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ സാധാരണ തോതിൽ മഴ ലഭിക്കും. കിഴക്ക്, മധ്യ ഇന്ത്യയിലെ ചില പ്രദേശങ്ങളിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ചില പ്രദേശത്തും മഴ സാധാരണ നിലയിലാകും.
ഭൂമധ്യരേഖാ പ്രദേശത്ത് ലാനിന സാഹചര്യം തുടരുന്നുവെന്നും ഇത് ദുർബലമായി എൽനിനോയിലേക്ക് മാറുമെന്നും മൺസൂണിന് മുൻപ് ദക്ഷിണ ആന്തോളനമെന്ന (എൻസോ) ന്യൂട്രലിലാകുമെന്നും കാലാവസ്ഥാ വകുപ്പ് കണക്കുകൂട്ടുന്നു. ഏപ്രിയിൽ എൽനിനോ കാലവർഷത്തെ എങ്ങനെ ബാധിക്കുമെന്ന് പറയാനാകുമെന്നും കാലാവസ്ഥാ വകുപ്പ് പറയുന്നു.