ജൂലൈയിൽ കേരളത്തിൽ മഴ കുറയുമെന്ന് IMD

ജൂലൈ മാസത്തിൽ രാജ്യത്ത് സാധാരണ തോതിൽ കാലവർഷം ലഭിക്കുമെന്ന് കേന്ദ്ര കാലാസ്ഥാ വകുപ്പിന്റെ പുതുക്കിയ പ്രവചനം. ദീർഘകാല ശരാശരി പ്രകാരം ജൂലൈയിൽ രാജ്യത്തുടനീളം ലഭിക്കേണ്ടത് 280.4 എം.എം മഴയാണ്. 1971 മുതൽ 2020 വരെയുള്ള കണക്ക് പ്രകാരമാണ് നിലവിലെ ദീർഘകാല ശരാശരി (എൽ.പി.എ) കണക്കാക്കിയത്. ദീർഘകാല ശരാശരിയുടെ 94 ശതമാനം മുതൽ 106 ശതമാനം വരെയാണ് സാധാരണ മഴ.

കേരളത്തിൽ കുറയും
ഐ.എം.ഡിയുടെ പ്രവചനമനുസരിച്ച് കേരളത്തിൽ ജൂലൈ മാസത്തിൽ സാധാരണയേക്കാൾ കുറവ് മഴയാണുണ്ടാകുക. ഒഡിഷ, പശ്ചിമബംഗാൾ, തീരദേശ കർണാടക, വിധർഭ മേഖലകളിലും കേരളത്തിനൊപ്പം മഴ കുറയും.

തമിഴ്‌നാട്ടിലും കർണാടകയിലും കൂടും

തമിഴ്‌നാട്, കർണാടക, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, ഉൾനാടൻ കർണാടക, തെലങ്കാന, ഗുജറാത്ത്, മധ്യപ്രദേശ്, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഡൽഹി, ത്രിപുര സംസ്ഥാനങ്ങളിലും സാധാരണയിൽ കൂടുതൽ മഴ ജൂലൈയിൽ ലഭിക്കുമെന്നാണ് ഐ.എം.ഡി പറയുന്നത്.

ജൂലൈ മഴ തകർക്കേണ്ട മാസം
നാലു മാസം നീളുന്ന കാലവർഷ സീസണിൽ ഏറ്റവും മഴ ലഭിക്കേണ്ടത് ജൂലൈയിലാണ്. രാജ്യവ്യാപകമായി 35 ശതമാനം മഴയും ലഭിക്കുന്നത് ജൂലൈയിലാണ്. രാജ്യത്ത് ജൂൺ അവസാനിച്ചപ്പോൾ എട്ടു ശതമാനം മഴക്കുറവാണ് രേഖപ്പെടുത്തിയത്.

കാലവർഷം പുരോഗതി ഇതുവരെ
ജൂലൈ ഒന്നിന് രാജ്യത്തെ 97 ശതമാനം പ്രദേശത്തും കാലവർഷം വ്യാപിച്ചു. പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ എന്നിവിടങ്ങളിലാണ് വെള്ളിയാഴ്ച കാലവർഷം എത്തിയത്. വടക്കുപടിഞ്ഞാറൻ ഇന്ത്യയിൽ അടുത്ത രണ്ടു ദിവസത്തോടെ കൂടുതൽ മേഖലയിലേക്ക് കാലവർഷം എത്തും. ഇന്നലെ ദീസ, ചിറ്റോർഗഢ്, ബീകാനീർ, ഖാജുവാല എന്നിവിടങ്ങിലൂടെയാണ് നോർത്തേൺ ലിമിറ്റ് ഓഫ് മൺസൂൺ (എൻ.എൽ.എം) കടന്നു പോകുന്നത്.

Leave a Comment