പ്രകൃതിയെ സംരക്ഷിച്ചില്ലെങ്കിൽ പ്രകൃതി നമുക്ക് തിരിച്ചടി നൽകും, ഗാഡ്ഗിലിൻ്റെ വാക്കുകൾ ഓർത്തു വെച്ചോളൂ
പ്രകൃതിയെ സ്നേഹിക്കുന്ന ആർക്കും മാധവ് ഗാഡ്ഗിലിനെ ഓർക്കാതിരിക്കാൻ കഴിയില്ല. ഈ ഭൂമിയോട് അദ്ദേഹം വിട പറഞ്ഞാലും ഗാഡ്ഗിൽ പറഞ്ഞ പല കാര്യങ്ങളും പാമ്പ് ചുറ്റുന്ന പോലെ കേരളത്തെ ചുറ്റും. കാരണം കേരളം ഇന്ന് നേരിടുന്ന പ്രധാന പ്രതിസന്ധികളായിരുന്നു മരണം വരെ അദ്ദേഹം ചൂണ്ടികാട്ടിയിരുന്നത്. സത്യത്തിൽ എല്ലാ പേമാരിയിലും നമ്മൾ ഓർക്കുന്നതും മഴ തോരുമ്പോൾ സൗകര്യപൂർവ്വം മറക്കുന്നതുമായ പാരിസ്ഥിതിക ദുരന്തങ്ങളെ കുറിച്ച് പറയുമ്പോൾ മാധവ് ഗാഡ്ഗിൽ എന്ന വ്യക്തിയെ എന്ത് മനോഹരമായിട്ടാണ് മലയാളികൾ ഓർക്കുന്നത്. ഇനിയും നമ്മൾ ഭീകരമായ ദുരന്തങ്ങളെ അഭിമുഖീകരിക്ക്കേണ്ടി വരും. അപ്പോൾ ഗാഡ്ഗില് എന്ന ശാസ്ത്രഞ്ജന്റെ അവഗണിക്കപ്പെട്ട മുന്നറിയിപ്പുകൾ നമ്മളെ ചോദ്യം ചെയ്യും.
ഗാഡ്ഗിൽ പോരാടിയത് താഴേത്തട്ടിലുള്ള ജനങ്ങൾക്കു വേണ്ടി
പ്രകൃതിക്കും മനുഷ്യനും ഇടയിലെ ഒരു പാലമായിരുന്നു ഗാഡ്ഗിൽ. അദ്ദേഹം ആദിവാസികൾ, കർഷകർ, മത്സ്യത്തൊഴിലാളികൾ എന്നിവരിലേക്ക് ഇറങ്ങി പ്രവർത്തിച്ചു. പരിസ്ഥിതി സംരക്ഷണത്തിൽ താഴെത്തട്ടിലുള്ള ജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കണമെന്ന് നിരന്തരം വാദിച്ചു. പരിസ്ഥിതി സംരക്ഷണം ഒരേസമയം ശാസ്ത്രീയവും സാമൂഹിക നീതിയിൽ വേരൂന്നിയതും ആയിരിക്കണമെന്നും പ്രകൃതി വിഭവങ്ങൾ കൈകാര്യം ചെയ്യുന്നതിൽ പ്രാദേശിക സമൂഹങ്ങൾ പ്രധാന പങ്ക് വഹിക്കണമെന്നും അദ്ദേഹത്തിന് നിർബന്ധമുണ്ടായിരുന്നു.
Madhav Gadgil, then chairman of the Western Ghats Ecology Expert Panel, visit Chembanmudi hiils in Pathanamthitta, Kerala on November 7, 2013. | Photo Credit: Leju Kamal
പ്രകൃതിയുടെ ഹൃദയത്തിൽ JCB ആഴ്‌ന്നിറങ്ങുമ്പോൾ ആ മനുഷ്യൻ്റെ കണ്ണു നിറയും. പാടം മണ്ണിട്ട് മൂടുമ്പോൾ എല്ലാത്തിനുമവസാനം എല്ലാം വെട്ടിപിടിച്ച മനുഷ്യൻ ഒരു സുപ്രഭാതത്തിൽ ഇല്ലാതാവുന്ന കഥ ഗാർഡ്ഗിൽ ഓർമിപ്പിക്കും. പ്രകൃതി ദുരന്തങ്ങൾക്ക് വഴിവെട്ടുന്ന മനുഷ്യനെ പറഞ്ഞു തിരുത്താൻ ശ്രമിച്ച ഗാഡ്ഗിൽ പലപ്പോഴും തോറ്റുപോയി. പക്ഷേ മുണ്ടക്കൈ-ചൂരൽ മല, പോത്തുകല്ല്, കവളപ്പാറ ദുരന്തങ്ങൾ നമ്മളെ പോലെ മാധവ് ഗാഡ്ഗിലും നിസ്സഹായനായി നോക്കിനിന്നു. ഓരോ പ്രകൃതി ദുരന്തകാലത്തും നാം മാധവ് ഗാഡ്ഗിൽ എന്ന മനുഷ്യനെ ഓർത്തു. കുർത്തയും പൈജാമയും ധരിച്ച് തോളിലൊരു തുണിസഞ്ചിയുമായി പ്രകൃതിയെ ഒരു കുഞ്ഞിനെ പോലെ പരിചരിക്കാനും ആരോഗ്യം നിലനിർത്താനുമുള്ള ഗാഡ്ഗിൽ റിപ്പോട്ടെന്ന മരുന്നു കുറിപ്പുകളുമായി സ്വയം ആരോഗ്യത്തെ മറന്ന് അദ്ദേഹം നടന്നു. പരിസ്ഥിതിയും രാഷ്ട്രീയവും ആ പേരിന് മുൻപും ശേഷവും എന്ന മട്ടിൽ രണ്ടായി പിരിഞ്ഞിരുന്നു.
2010 മാർച്ച് നാലിന് ഉത്തരവിറങ്ങി
ഹാർവാഡിൽനിന്ന് തിരിച്ചെത്തിയപ്പോഴാണ് മാധവ് ഗാഡ്‌ഗിൽ പശ്ചിമഘട്ടം പഠിക്കാൻ തുടങ്ങിയത്. പശ്ചിമഘട്ടത്തിൻ്റെ അപകടാവസ്ഥ ബോധ്യപ്പെടുത്തിയപ്പോൾ പഠനം നടത്തി ശുപാർശകൾ നൽകാൻ അന്നത്തെ കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ജയറാം രമേശ് ഗാഡ്‌ഗിലിനെത്തന്നെ ചുമതലപ്പെടുത്തുകയായിരുന്നു. പശ്ചിമഘട്ട പരിസ്ഥിതി വിദഗ്‌ധസമിതി രൂപവത്കരിച്ച് 2010 മാർച്ച് നാലിന് ഉത്തരവും ഇറങ്ങി. 2011 ഓഗസ്റ്റ് 30-ന് അദ്ദേഹം റിപ്പോർട്ട് സമർപ്പിച്ചു. 2012-ൽ കോടതി നിർദേശത്തെ തുടർന്നാണ് റിപ്പോർട്ട് പുറത്തുവിട്ടത്. 2012 ജൂലായിൽ പശ്ചിമഘട്ടത്തെ ലോകപൈതൃകപ്പട്ടികയിൽ ഉൾപ്പെടുത്തിയതോടെ റിപ്പോർട്ട് നടപ്പാക്കണമെന്ന് ആവശ്യമുയർന്നു. ഇതോടെ വലിയ വിവാദത്തിന് തിരികൊളുത്തുകയായിരുന്നു.
ശുപാർശകൾ
. പരിസ്ഥിതി ദുർബലയിടങ്ങളിൽ പ്രത്യേക സാമ്പത്തികമേഖല പാടില്ല
. പുതിയ ഹിൽസ്റ്റേഷനുകൾ പാടില്ല
. നീരൊഴുക്ക് മെച്ചപ്പെടുംവിധം ജലസംഭരണികൾ ക്രമീകരിക്കണം
. മണൽഖനനത്തിന് കർശന നിയന്ത്രണം. സോൺ ഒന്നിൽ ഖനനം തീരേവിലക്കും 2016-ഓടെ നിലവിലെ ഖനനം പൂർണമായും നിർത്തും. രണ്ടാം സോണിലും പുതിയ ഖനനം പാടില്ല. നിലവിലെ ഖനനം സാമൂഹിക ഓഡിറ്റിങ് നടത്തി തീരുമാനിക്കണം
. ജലസ്രോതസ്സുകൾ വീണ്ടെടുക്കണം
. ഖനനകാലാവധി കഴിഞ്ഞ ഇടങ്ങളിൽ പരിസ്ഥിതി വീണ്ടെടുപ്പിന് സൗകര്യമൊരുക്കണം
. ജൈവകൃഷിക്ക് പ്രോത്സാഹനം. ചെടികൾ വഴി മണ്ണിലെ കാർബൺ നിക്ഷേപം കൂട്ടാൻ കൃഷിക്കാർക്ക് സഹായം
. പരമ്പരാഗത വിത്തിനങ്ങളുടെ സംരക്ഷണം
. ജനിതകമാറ്റം വരുത്തിയ വിത്തുകൾ പാടില്ല
. രാസവള സബ്‌സിഡി മാറ്റി ജൈവവള പ്രോത്സാഹനം
. മീൻപിടിക്കാൻ സ്ഫോടനം പാടില്ല
. ജനങ്ങൾക്ക് അവകാശം സ്ഥാപിച്ചുകിട്ടാൻ വനാവകാശ നിയമം നടപ്പാക്കണം
. ജൈവവൈവിധ്യം സംരക്ഷിക്കുന്നവർക്ക് സാമ്പത്തികസഹായം
. സോൺ 1, 2-ൽ ചുവപ്പ്, ഓറഞ്ച് പട്ടികയിലെ വ്യവസായം പാടില്ല. ഹരിതവ്യവസായം പ്രോത്സാഹിപ്പിക്കുക
. കാറ്റാടി പദ്ധതി, താപനിലയം പറ്റില്ല
. ജനങ്ങളുടെ കൂട്ടായ്മയിൽ ചെറുകിട ജല പദ്ധതികൾ
. സോൺ ഒന്നിൽ പുതിയ റെയിൽവേ, ദേശീയപാത ഇവ പാടില്ല
. വൻകിട ഭവനനിർമാണം അടക്കം ആഘാത പഠനം നടത്തിയേ ആകാവൂ. 20,000 ചതുരശ്രമീറ്ററിലേറെ വിസ്തൃതിയു ള്ള കെട്ടിടത്തിനാണ് ഇത് ബാധകം
ഇത്രയുമായിരുന്നു ശുപാർശകൾ. പ്രകൃതിയെ മുഴുവനായും സംരക്ഷിക്കുക എന്ന ലക്ഷ്യം മാത്രമാണ് ഈ ശുപാർശകളിലെ ഓരോ കാര്യവും. ഭൂമിയിലെ എല്ലാ ജീവജാലങ്ങൾക്കും ഇവിടെ തന്നെ ജീവിക്കാനുള്ള അവകാശത്തേയും ഗാഡ്ഗിൽ ശുപാർശയിൽ ചൂണ്ടികാട്ടി. എന്നാൽ രാഷ്ട്രീയ പ്രതിഷേധം ശക്തമാവുകയാണ് പിന്നീട് ഉണ്ടായത്.
കസ്‌തൂരിരംഗൻ്റെ കടന്നു വരവ്
ഡോ. കസ്തൂരിരംഗൻ അധ്യക്ഷനായ സമിതിയെ സർക്കാർ നിയോഗിച്ചു. അവർ ഗാഡ്ഗിൽ റിപ്പോർട്ടിൽ ഭേദഗതികൾ വരുത്തി. അവ ഇങ്ങനെയായിരുന്നു
. പശ്ചിമഘട്ടത്തിൻ്റെ 37 ശതമാനം മാത്രം സ്വാഭാവിക ഭൂപ്രദേശം എന്ന നിലയിൽ സംരക്ഷിച്ചാൽ മതി. 1.64 ലക്ഷം ചതുര ശ്രകിലോമീറ്റർ വരുന്ന പശ്ചിമഘട്ടത്തിൻ്റെ 60,000 ചതുരശ്രകിലോമീറ്റർ മാത്രമേ സംരക്ഷണ പരിധിയിൽ വരുന്നുള്ളൂ
. പശ്ചിമഘട്ടത്തെ സ്വാഭാവിക ഭൂപ്രദേശം, സാംസ്കാരിക ഭൂപ്രദേശം എന്നിങ്ങനെ തിരിച്ചു. നിലവിൽ സംരക്ഷിത ഇടങ്ങളായി പ്രഖ്യാപിച്ചിട്ടുള്ള ഭൂമിയാണ് സ്വാഭാവിക ഭൂപ്രദേശം. റിസർവ് വനങ്ങൾ ഇതിൽ വരും. സാംസ്കാരിക ഭൂമിയിൽ ജനവാസമേഖല, കൃഷിഭൂമി എന്നിവ വരും. ഇവിടെ നി യന്ത്രണം ഒഴിവാക്കും
. മലമ്പ്രദേശങ്ങളിൽ 66 ശതമാനം വനമായി നിലനിർത്തണം. എന്നാൽ, ആ പദവി പാതി ഇടത്തിനുമാത്രം മതിയാകുമെന്ന് തിരുത്ത്
. നിലവിലെ ഖനനം പാട്ടക്കാലാവധി തീരുമ്പോഴോ അഞ്ചുവർഷത്തിനകമോ ഏതാണ് ആദ്യം വരുക അപ്പോൾ അവസാനിപ്പിക്കണം. ഗാഡ്‌ഗിൽ ഉടൻ വിലക്കാണ് ആവശ്യപ്പെട്ടിരുന്നത്
. കെട്ടിടനിർമാണ നിയന്ത്രണം ഒഴിവാക്കി പുതിയ അണക്കെട്ടുകളുടെ പണിക്കുള്ള വിലക്ക് നീക്കി
. റോഡ്, റെയിൽ പണിക്കുള്ള നിയന്ത്രണം ഒഴിവാക്കി
. വ്യവസായ വിലക്ക് ചുവപ്പ് വിഭാഗത്തിന് മാത്രമാക്കി ചുരുക്കി. നദീജല കൈമാറ്റം അനുവദിച്ചു
വിമർശനങ്ങളുടെ കൂമ്പാരം
ഒടുവിൽ നടന്നത് വിമർശനങ്ങളായിരുന്നു. ചിലർ വസ്തുതകൾ ചൂണ്ടികാട്ടി. വനത്തിനോടു ചേർന്ന ലോലപ്ര ദേശങ്ങളിലെ നിർമാണ വിലക്കിൽ വിമർശനം ഉയർന്നു. 20,000 ചതുരശ്ര മീറ്ററിലേറെ വരുന്ന കെട്ടി ടങ്ങൾക്കുമാത്രം ബാധകമായ വ്യ വസ്ഥ എല്ലാതരം പണികൾക്കും ബാധകമെന്ന് പ്രചരിപ്പിച്ചു. വനമേഖലയോടു ചേർന്ന പ്രദേശങ്ങളിൽ തെരുവുവിളക്ക് പ്രകാശിപ്പിക്കാൻ വിലക്ക് വരു മെന്ന പ്രചാരണം ഉണ്ടായി.
വീടുകളിലെ വിളക്കിനോ തെരുവു വിളക്കിനോ ഒരു വിലക്കും ശുപാർശയിൽ ഉണ്ടായിരുന്നില്ല. ഖനനം ഘട്ടംഘട്ടമായി അവസാനിപ്പിക്കണമെന്ന നിർദേശം ക്വാറിമാഫിയയെ വിറളിപിടിപ്പിച്ചു.
നിലവിലെ കൃഷിരീതി മാറ്റുന്നത് നാണ്യവിളകളെ ബാധിക്കുമെന്ന പ്രചാരണം വരെ ഉണ്ടായി. ഇതും ഗ്രാമ സഭയ്ക്ക് തീരുമാനിക്കാൻ അവസരമുണ്ടെന്ന കാര്യം മറന്നു.
പുഴയിൽ നിന്ന് മീൻപിടിക്കാൻ വി ലക്ക് വരുമെന്നും തെറ്റായ പ്രചാര ണം നടക്കുകയുണ്ടായി. ഏതൊരു കാര്യത്തിനും നല്ല വശവും ചീത്തവശവും കാണും. അതു തന്നെയാണ് ഗാഡ്ഗിലിൻ്റെ റിപ്പോർട്ടിലും ഉണ്ടായത്. ഗാഡ്ഗിലിൻ്റെ ശുപാർശകൾ പലതും ചീത്ത വശങ്ങളായപ്പോൾ നാടിൻ്റെ വികസനം മാത്രമായിരുന്നു പലരുടേയും നല്ല വശം.
പ്രകൃതിയെ സംരക്ഷിച്ചില്ലെങ്കിൽ പ്രകൃതി നമുക്ക് തിരിച്ചടി നൽകും എന്ന അദ്ദേഹത്തിന്റെ വാക്കുകൾ ഇന്ന് നാം നേരിട്ട് അനുഭവിച്ചുകൊണ്ടിരിക്കുന്നു.
അന്ന് ആ നിർദ്ദേശങ്ങൾ നാം അവഗണിച്ചു. പക്ഷേ സമീപകാലത്തുണ്ടായ വലിയ പ്രളയങ്ങളും വയനാട്ടിലുണ്ടായതുപോലുള്ള വൻ ഉരുൾപൊട്ടലുകളും ഗാഡ്ഗിൽ പറഞ്ഞ കാര്യങ്ങൾ എത്രത്തോളം ശരിയായിരുന്നുവെന്ന് നമ്മെ ഓർമ്മിപ്പിക്കുന്നു. പ്രകൃതിയെ ചൂഷണം ചെയ്ത് നമുക്ക് മുന്നോട്ട് പോകാൻ കഴിയില്ലെന്ന് കാലം തെളിയിച്ചു കഴിഞ്ഞു.
English Summary : Today, we are directly experiencing his words that if we do not protect nature, nature will strike back at us.