കേരളത്തിൽ അൾട്രാവയലറ്റ് സൂചിക ഉയരുന്നു, ഏറ്റവും കൂടുതൽ ഇടുക്കിയിൽ, നിരവധി ജില്ലകളിൽ ഓറഞ്ച് അലേർട്ട്

ഇടുക്കി ജില്ലയിലാണ് ഏറ്റവും ഉയർന്ന 9 എന്ന UV സൂചിക രേഖപ്പെടുത്തിയത്. പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ UV സൂചിക 8 ഉം രേഖപ്പെടുത്തി. കോട്ടയം, ചങ്ങനാശേരി, തൃശൂർ, പാലക്കാട്, കോഴിക്കോട് തുടങ്ങിയ ജില്ലകളിൽ UV സൂചിക 6 മുതൽ 7 വരെയായിരുന്നു.

Maneesha Prasoon
2 mins mins read

കേരളത്തിൽ അൾട്രാവയലറ്റ് സൂചിക ഉയരുന്നു, ഏറ്റവും കൂടുതൽ ഇടുക്കിയിൽ, നിരവധി ജില്ലകളിൽ ഓറഞ്ച് അലേർട്ട്

കേരളത്തിലെ വിവിധ ജില്ലകളിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ ഉയർന്ന അൾട്രാവയലറ്റ് (UV) സൂചിക രേഖപ്പെടുത്തിയതായി റിപ്പോർട്ട്. ചില പ്രദേശങ്ങളിൽ സൂചിക അപകടനിലയിലേക്ക് ഉയർന്നിട്ടുണ്ട്. ഇടുക്കി ജില്ലയിലാണ് ഏറ്റവും ഉയർന്ന 9 എന്ന UV സൂചിക രേഖപ്പെടുത്തിയത്. പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ UV സൂചിക 8 ഉം രേഖപ്പെടുത്തി. കോട്ടയം, ചങ്ങനാശേരി, തൃശൂർ, പാലക്കാട്, കോഴിക്കോട് തുടങ്ങിയ ജില്ലകളിൽ UV സൂചിക 6 മുതൽ 7 വരെയായിരുന്നു. കോന്നി, ചെങ്ങന്നൂർ മൂന്നാർ എന്നീ സ്റ്റേഷനുകളിൽ ഓറഞ്ച് അലർട്ട് രേഖപ്പെടുത്തി. 7 സ്റ്റേഷനുകളിൽ മഞ്ഞ അലേർട്ട് രേഖപ്പെടുത്തി. ഇതിൽ UV സൂചിക 6 മുതൽ 7 വരെയുള്ളത് മിതമായ അപകടസാധ്യതയായി കണക്കാക്കപ്പെടുന്നു. 8 മുതൽ 10 വരെ ഉയർന്ന അപകടനിലയാണെന്ന് വിദഗ്ധർ പറയുന്നു.

11-ന് മുകളിലുള്ളത് അതീവ അപകടകരമാണ്. കഴിഞ്ഞ ദിവസവും മുകളിൽ പറഞ്ഞ സ്റ്റേഷനുകളിൽ ഓറഞ്ച് അലർട്ട് റിപ്പോർട്ട് ചെയ്തിരുന്നു. അതേ സമയം നൂനമർദ്ദത്തെ തുടർന്ന് മേഘാവൃതമായ അന്തരീക്ഷം ഉണ്ടായതോടെ ഇവിടങ്ങളിൽ UV index കുറഞ്ഞിരുന്നു. ഇന്ന് മേഘാവൃതമായ അന്തരീക്ഷത്തിൽ അൽപ്പം മാറ്റമുണ്ട്. അതിനാൽ ചൂട് കൂടുകയും ഒപ്പം UV index കൂടുകയും ചെയ്തു. നേരിട്ട് വെയിൽ ഭൂമിയിൽ പതിക്കുന്ന സാഹചര്യത്തിലാണ് അൾട്രാവയലറ്റ് റേഡിയേഷൻ കൂടുതലാവുന്നത്. ചർമ്മത്തിൽ വരുന്ന കാൻസറുകൾക്ക് ഈ അൾട്രാവയലറ്റ് റേഡിയേഷൻ കാരണമാകും. 

സൂചിക 6 ന് മുകളിലുള്ള പ്രദേശങ്ങളിലുള്ളവര്‍ പുറത്തിറങ്ങുമ്പോള്‍ മുന്‍കരുതലെടുക്കണം. മലയോരങ്ങൾ,  ഉഷ്ണമേഖലാ പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ പൊതുവേ യു.വി സൂചിക ഉയര്‍ന്നതായിരിക്കും. മേഘങ്ങളില്ലാത്ത തെളിഞ്ഞ ആകാശമാണെങ്കിലും ഉയര്‍ന്ന യു.വി സൂചികയുണ്ടാകാന്‍ സാധ്യതയുണ്ട്. പകല്‍ 10 മുതല്‍ 3 വരെയുള്ള സമയങ്ങളിലാണ് ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. അതിനാല്‍ ആ സമയങ്ങളില്‍ കൂടുതല്‍ നേരം ശരീരത്തില്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നതു പരമാവധി ഒഴിവാക്കുന്നതാണ് സുരക്ഷിതം.
തൊഴിലാളികള്‍ക്ക് സൂര്യാഘാതം ഏല്‍ക്കുന്നതിനുള്ള സാഹചര്യമുള്ളതിനാല്‍ ഫെബ്രുവരി 12 മുതല്‍ മേയ് 20 വരെ ജോലി സമയം പുനഃക്രമീകരിച്ച് സംസ്ഥാനലേബര്‍ കമ്മിഷണര്‍ ഉത്തരവിറക്കിയിരുന്നു. 

English Summary : Several districts in Kerala have recorded high Ultraviolet (UV) index levels in the past 24 hours, with some areas reaching dangerous levels. The highest UV index of 9 was reported in Idukki district. Pathanamthitta district and Alappuzha district recorded a UV index of 8.