കനത്തമഴ: വീടിൻ്റെ ചുവരിടിഞ്ഞ് 3 പേർക്ക് പരിക്ക്, ഉരുൾപൊട്ടൽ സാധ്യത, ഈ ജില്ലക്കാർ നിർദ്ദേശങ്ങൾ പാലിക്കുക

വടക്കൻ തമിഴ്നാടിന് മുകളിൽ ശക്തി കൂടിയ ന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നതിനാൽ കേരളത്തിൽ ഇന്നു മുതൽ അഞ്ച് ദിവസം മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. ഇന്ന് കേരളത്തിൽ 9 ജില്ലകളിൽ അതിശക്തമായതോ ശക്തമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്.

Maneesha M.K
2 mins mins read

കനത്തമഴ: വീടിൻ്റെ ചുവരിടിഞ്ഞ് 3 പേർക്ക് പരിക്ക്, ഉരുൾപൊട്ടൽ സാധ്യത, ഈ ജില്ലക്കാർ നിർദ്ദേശങ്ങൾ പാലിക്കുക

തമിഴ്നാട്ടിൽ വ്യാപകമായി മഴ തുടരുന്നു. ന്യൂനമർദ്ദം കൂടുതൽ ദുർബലമായെങ്കിലും ഇവിടെ മഴ ശക്തമാവുകയാണ്. തമിഴ്നാട്ടിലെ 22 ജില്ലകളിലും പുതുച്ചേരിയിലും മഴ മുന്നറിയിപ്പുണ്ട്. വടക്കൻ ചെന്നൈയിലും തിരുവള്ളൂരിലും രാവിലെ മുതൽ ശക്തമായ മഴ ലഭിച്ചു. ചെന്നൈ പുരസൈവാക്കത്ത് വീടിന്‍റെ ചുവരിടിഞ്ഞ് വീണ് മൂന്ന് പേർക്ക് പരിക്കേറ്റു. ചെന്നൈയിൽ വീടിന്‍റെ ചുവരിടിഞ്ഞ് റോഡരികിൽ നിർത്തിയിട്ടിരുന്ന കാർ തകർന്നു. നഗരത്തിൽ പലയിടത്തും വെള്ളക്കെട്ട് തുടരുകയാണ്. ചെന്നൈ അടക്കം 7 ജില്ലകളിലും പുതുച്ചേരിയിലും ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകിയിരുന്നു. 24 മണിക്കൂർ കൂടി തമിഴ്നാട്ടിൽ പലഭാഗങ്ങളിലും മഴ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം.  

കേരളത്തിലും ശക്തമായ മഴ

വടക്കൻ തമിഴ്നാടിന് മുകളിൽ ശക്തി കൂടിയ ന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നതിനാൽ കേരളത്തിൽ ഇന്നു മുതൽ അഞ്ച് ദിവസം മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. വടക്കൻ തമിഴ്നാട് മുതൽ കർണാടക, തമിഴ്നാട്, വടക്കൻ കേരളം വഴി ലക്ഷദ്വീപ് വരെ 1.5 കിലോമീറ്റർ മുകളിൽ ന്യൂനമർദ്ദപാത്തി സ്ഥിതിചെയ്യുന്നുണ്ട്. ഇന്ന് കേരളത്തിൽ 9 ജില്ലകളിൽ അതിശക്തമായതോ ശക്തമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്. ഇടുക്കിയിലാണ് ഇന്ന് ഓറഞ്ച് അലർട്ടുള്ളത്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204.4 മി.മീ വരെ മഴ ലഭിക്കാനിടയുണ്ട്. 

ഉരുൾപൊട്ടലുണ്ടാവാൻ സാധ്യത, നിർദ്ദേശങ്ങൾ അനുസരിക്കുക

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട് എന്നീ എട്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. നാളെ തൃശൂർ, മലപ്പുറം, വയനാട് ജില്ലകളിലാണ് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളത്. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. 

English Summary: A strong low-pressure system is set to bring heavy rain to Kerala for five days. Expect intense rainfall in nine districts, with an orange alert in Idukki.