അതിതീവ്ര മഴയ്ക്കു സാധ്യത: ആറു മരണം,ജാഗ്രത പാലിക്കണമെന്നു മുഖ്യമന്ത്രി

സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്കു സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഉരുൾപൊട്ടൽ, മലവെള്ളപ്പാച്ചിൽ, മിന്നൽ പ്രളയം, നഗരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലുമുണ്ടാകുന്ന വെള്ളക്കെട്ടുകൾ തുടങ്ങിയ ദുരന്ത സാദ്ധ്യതകൾ മുന്നിൽ കണ്ടുകൊണ്ടുള്ള ജാഗ്രതയും തയ്യാറെടുപ്പും നടത്തുന്നുണ്ട്. റെഡ് അലേർട്ട് പ്രഖ്യാപിക്കപ്പെട്ട ജില്ലകളിൽ മാത്രമല്ല സമീപ ജില്ലകളിലും അതീവ ജാഗ്രതയും തയാറെടുപ്പുകളും ആവശ്യമാണെന്നു മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
കാലവർഷക്കെടുതിയിൽ ഇതുവരെ സംസ്ഥാനത്ത് അഞ്ച് വീടുകൾ പൂർണ്ണമായും 55 വീടുകൾ ഭാഗികമായും തകർന്നതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആറ് മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഒരാളെ കാണാതായി. അടുത്ത നാലു ദിവസം അതിതീവ്ര മഴയുണ്ടാകുമെന്നാണു കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. 2018, 2019 വർഷങ്ങളിലെ രൂക്ഷമായ കാലവർഷക്കെടുതിയുടെ അനുഭവത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളിലും മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഞായറാഴ്ച വൈകിട്ടു മുതൽ തെക്കൻ കേരളത്തിൽ വ്യാപകമായി മഴ ലഭിക്കുന്ന സാഹചര്യമാണ്. ചൊവ്വാഴ്ച രാവിലെ വരെ അതിതീവ്ര മഴ പ്രധാനമായും തെക്കൻ കേരളത്തിലും മധ്യകേരളത്തിലും കേന്ദ്രീകരിക്കുമെന്നും പിന്നീട് അത് വടക്കൻ കേരളത്തിലേക്ക് കൂടി വ്യാപിക്കാൻ സാധ്യതയുണ്ടെന്നുമാണ് കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പിലുള്ളത്. അതിതീവ്രമഴ പ്രതീക്ഷിക്കുന്ന തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിൽ ഇന്നും നാളെയും (ഓഗസ്റ്റ് 1, 2) റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിൽ 200 മില്ലിമീറ്ററിൽ കൂടുതൽ മഴയാണ് പ്രതീക്ഷിക്കുന്നത്. തുടർച്ചയായി നാലു ദിവസം ഇത്തരത്തിലുള്ള മഴ ലഭിക്കുകയാണെങ്കിൽ അത് പ്രതിസന്ധി സൃഷ്ടിക്കാൻ സാധ്യതയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഉരുൾപൊട്ടൽ, മലവെള്ളപ്പാച്ചിൽ, മിന്നൽ പ്രളയം, നഗരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലുമുണ്ടാകുന്ന വെള്ളക്കെട്ടുകൾ തുടങ്ങിയ ദുരന്ത സാദ്ധ്യതകൾ മുന്നിൽ കണ്ടുകൊണ്ടുള്ള ജാഗ്രതയും തയ്യാറെടുപ്പുമാണ് നടത്തുന്നത്. റെഡ് അലേർട്ട് പ്രഖ്യാപിക്കപ്പെട്ട ജില്ലകളിൽ മാത്രമല്ല സമീപ ജില്ലകളിലും അതീവ ജാഗ്രതയും തയ്യാറെടുപ്പുകളും ആവശ്യമാണ്.
ഇന്ന് (ഓഗസ്റ്റ് 1) റവന്യൂ മന്ത്രിയുടെ നേതൃത്വത്തിൽ അടിയന്തിര സാഹചര്യം വിലയിരുത്തി ജില്ലകൾക്ക് ആവശ്യമായ നിർദേശം നല്കിയിട്ടുണ്ട്. ദേശീയ ദുരന്ത നിവാരണ സേനയുടെയും സംസ്ഥാന രക്ഷാസേനകളുടേയും മറ്റ് ബന്ധപ്പെട്ട വകുപ്പുകളുടേയും പ്രതിനിധികളെ ഉൾപ്പെടുത്തി ദുരന്ത നിവാരണ അതോറിറ്റിയുടെ സ്റ്റേറ്റ് എമർജൻസി ഓപ്പറേഷൻസ് സെന്റർ സംസ്ഥാനതല കൺട്രോൾ റൂമായി പ്രവർത്തിക്കാൻ സജ്ജമാക്കി. ഇതുനുപുറമെ എല്ലാ ജില്ലകളിലും താലൂക്കുകളിലും കൺട്രോൾ റൂമുകൾ തുറക്കും. ഉരുൾപൊട്ടൽ സാധ്യതയുള്ള ഇടങ്ങളിലും വെള്ളം കയറാൻ സാധ്യതയുള്ള പ്രദേശങ്ങളിലും താമസിക്കുന്ന ജനങ്ങളെ മുൻകരുതലിന്റെ ഭാഗമായി സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറ്റുന്ന പ്രവർത്തനം ഉടൻ പൂർത്തീകരിക്കുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്.
ദേശീയ ദുരന്ത നിവാരണ സേനയുടെ നാലു സംഘങ്ങൾ മുൻകൂറായി ഇടുക്കി, കോഴിക്കോട്, വയനാട്, തൃശൂർ ജില്ലകളിൽ നിലയുറപ്പിച്ചിട്ടുണ്ട്. എൻ ഡി ആർ എഫിന്റെ നാല് അധിക സംഘങ്ങളെക്കൂടി സംസ്ഥാനത്ത് എത്തിക്കും. ഇവരെ എറണാകുളം, കോട്ടയം, കൊല്ലം, മലപ്പുറം ജില്ലകളിൽ വിന്യസിക്കും. ജലസേചന വകുപ്പിനു കീഴിലുള്ള 17 ഓളം അണക്കെട്ടുകളിൽ നിന്നും വെള്ളം പുറത്തു വിടുന്നുണ്ട്. കെ.എസ്.ഇ.ബി യുടെ വലിയ അണക്കെട്ടുകളിൽ വെള്ളം പുറത്തുവിടേണ്ട സാഹചര്യം നിലവിലില്ല. ചെറിയ ഡാമുകളായ കല്ലാർകുട്ടി, പൊ•ുടി, ലോവർപെരിയാർ, മൂഴിയാർ, പെരിങ്ങൽക്കുത്ത് എന്നീ ഡാമുകളിൽ നിന്നും ജലം തുറന്നുവിട്ടിട്ടുണ്ട്.
അണക്കെട്ടുകളിലെ ജലനിരപ്പ് സംബന്ധിച്ച് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ഡാം മാനേജ്മൻറ് കമ്മിറ്റി യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തിയിട്ടുള്ളതാണ്. ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ല. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർമാന്റെ അനുമതിയോടെ റൂൾ കർവ് അനുസരിച്ച് ചെറിയ അണക്കെട്ടുകളിൽനിന്നു നിയന്ത്രിത അളവിൽ വെള്ളം പുറത്തേക്കൊഴുക്കും.

Share this post

Editorial Desk at metbeatnews.com, This is Team of Meteorologists and Senior Weather Journalist and Experts. Metbeat Weather The Only Pvt. Weather Firm In Kerala Since 2020

Leave a Comment