മഴക്കെടുതി : ഏഴു ദുരിതാശ്വാസ ക്യാംപുകൾ തുറന്നു

മഴക്കെടുതിയെതുടർന്ന് സംസ്ഥാനത്ത് 90 പേരെ മാറ്റിപ്പാർപ്പിച്ചതായും ഏഴ് ക്യാംപുകൾ തുറന്നതായും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കൊല്ലം 1, പത്തനംതിട്ട 1, ഇടുക്കി 1, കോട്ടയം 2, തൃശ്ശൂർ 1, വയനാട് 1 എന്നിങ്ങനെയാണു ക്യാമ്പുകൾ. മാറ്റിപ്പാർപ്പിച്ചവരിൽ 19 പുരുഷൻമാരും 23 സ്ത്രീകളും 48 കുട്ടികളും ഉൾപ്പെടുന്നു. ദുരന്തനിവാരണ അതോറിറ്റി അതത് സമയങ്ങളിൽ നൽകുന്ന മുന്നറിയിപ്പുകൾ കൃത്യമായി പാലിക്കാൻ എല്ലാവരും തയ്യാറാകണം. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും കാലാവസ്ഥാ വകുപ്പും പുറപ്പെടുവിക്കുന്ന മുന്നറിയിപ്പുകൾ, സുരക്ഷാ മുൻകരുതൽ നിർദേശങ്ങൾ എന്നിവ പഞ്ചായത്ത് വാർഡ്തലം വരെ എത്തുന്നുണ്ടെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റികൾ ഉറപ്പ് വരുത്തണം.
24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾറും തുറന്നു. കാലവർഷം ശക്തമാകുന്ന സാഹചര്യത്തിൽ എല്ലാ ജില്ലാ കളക്ട്രേറ്റുകളിലും താലൂക്ക് ഓഫീസുകളിലും തുറന്ന കൺട്രോൾ റൂമുകൾക്ക് പുറമേ സെക്രട്ടറിയേറ്റിലെ റവന്യു വകുപ്പ് മന്ത്രിയുടെ ഓഫീസിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾറും തുറന്നിട്ടുണ്ട്. നമ്പർ 807 8548 538.
മുഴുവൻ തദ്ദേശസ്ഥാപനങ്ങളിലും കൺട്രോൾ റൂമുകൾ ആരംഭിച്ച് 24 മണിക്കൂറും പ്രവർത്തിക്കണം. കൺട്രോൾ റൂമുകളുടെ ഫോൺ നമ്പറുകൾ പൊതുജനങ്ങളിലേക്ക് എത്തിയെന്ന് ഉറപ്പാക്കണം. താലൂക്ക്, ജില്ലാതലത്തിലുള്ള ദുരന്ത നിവാരണ കൺട്രോൾ റൂമുകളുമായി ചേർന്നു കൊണ്ടായിരിക്കണം തദ്ദേശസ്ഥാപന കൺട്രോൾ റൂമുകൾ പ്രവർത്തിക്കുന്നത്.
എൻ.ഡി.ആർ.എഫ്, ഇന്ത്യൻ ആർമി, എയർഫോഴ്സ്, സി ആർ പി എഫ്, ബി എസ് എഫ്, കോസ്റ്റ്ഗാർഡ്, ഐ ടി ഡി പി എന്നീ സേനാവിഭാഗങ്ങളുടെ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. അതതു പ്രദേശത്തെ സാഹചര്യം പരിഗണിച്ച് ജില്ലാ കളക്ടർമാർക്ക് സ്‌കൂളുകൾക്ക് അവധി നൽകാം. മണ്ണൊലിപ്പ് സാധ്യത മുൻകൂട്ടി കണ്ട് ആളുകളെ സുരക്ഷിതകേന്ദ്രങ്ങളിലേക്ക് മാറ്റണം. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ആവശ്യമായ ഫണ്ട് ലഭ്യമാക്കുന്നുണ്ട്. ഫണ്ട് ദൗർലഭ്യം മൂലം ഒരു പ്രവർത്തനങ്ങളും മുടങ്ങാൻ പാടില്ലെന്ന് ബന്ധപ്പെട്ടവർക്ക് കർശന നിർദ്ദേശം നൽകി. എറണാകുളത്തെ വെള്ളക്കെട്ട് നിയന്ത്രിക്കുന്നതിന് കോർപ്പറേഷനുമായി ആലോചിച്ച് കാര്യങ്ങൾ ചെയ്യണം.
തിരുവല്ലയ്ക്ക് സമീപം വെണ്ണിക്കുളത്ത് കാർ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് കുമളി സ്വദേശികളായ അച്ഛനും രണ്ട് പെൺമക്കളും മരിച്ചത് അതീവ ദുഃഖകരമായ സംഭവമാണെന്നു മുഖ്യമന്ത്രി പറഞ്ഞു. ചർച്ച് ഓഫ് ഗോഡ് പാസ്റ്ററായ വി.എം.ചാണ്ടിയും മക്കളായ ഫേബ, ബ്ലസി എന്നിവരുമാണ് മരിച്ചത്. ഇവരുടെ ബന്ധുമിത്രാദികളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും അദ്ദേഹം പറഞ്ഞു.
മഴ രൂക്ഷമായ സാഹചര്യത്തിൽ അപകട സാധ്യതകൾ കൂടുതലാണ്. ഇത് മനസിലാക്കി കാൽനട യാത്രക്കാരടക്കം എല്ലാവരും ശ്രദ്ധിക്കണം. ഈ ദിവസങ്ങളിൽ മലയോര മേഖലകളിൽ രാത്രിയാത്ര കഴിവതും ഒഴിവാക്കാനും ശ്രമിക്കുക. ശക്തമായ കാറ്റ് ഉള്ളതിനാൽ മരങ്ങൾ കടപുഴകാനും ഇലക്ട്രിക്ക് പോസ്റ്റുകൾ റോഡിലേക്ക് വീഴുവാനും സാധ്യതയുണ്ട്.
രക്ഷാ പ്രവർത്തനങ്ങൾ ഏറ്റെടുക്കേണ്ടത് ഉത്തരവാദിത്തമായി കരുതണം. ഓരോരുത്തർക്കും തങ്ങളുടേതായ സംഭാവന ഇതിൽ നൽകാനാകും. ഒരു തരത്തിലുമുള്ള ഭേദ ചിന്തയുമില്ലാതെ മുഴുവനാളുകളും കൈകോർത്ത് ഈ പ്രയാസങ്ങൾ തരണം ചെയ്യാൻ മുന്നിട്ടിറങ്ങണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Leave a Comment