താപതരംഗം: ഇന്ന് രണ്ട് മരണം; മുഖ്യമന്ത്രി അവലോകന യോഗം വിളിച്ചു, മെയ് 6 വരെ വിദ്യാഭ്യസ സ്ഥാപനങ്ങൾക്ക് അവധി
സംസ്ഥാനത്ത് സൂര്യാഘാതം രണ്ടുപേർ മരിച്ചതോടെ കൂടുതൽ നിയന്ത്രണങ്ങൾ വരുന്നു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ദുരന്തനിവാരണ അതോറിറ്റിയുടെ യോഗം ചേർന്നു. സംസ്ഥാനത്ത് മെയ് ആറു വരെ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടാനാണ് നിർദേശം.
ഉഷ്ണതരംഗ സാധ്യത വിലയിരുത്താൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ദുരന്തനിവാരണ അതോറിറ്റിയുടെ യോഗത്തിൻ്റേതാണ് തീരുമാനം. സംസ്ഥാനത്ത് ഇന്നും നാളെയും നാലു ജില്ലകളിൽ ഉഷ്ണ തരംഗ മുന്നറിയിപ്പുണ്ട്. ആലപ്പുഴ, പാലക്കാട്, തൃശൂർ, കോഴിക്കോട് ജില്ലകളിലാണ് താപ തരംഗ മുന്നറിയിപ്പുള്ളത്.
സ്കൂൾ വിദ്യാർഥികൾക്ക് അവധിക്കാല ക്ലാസുകൾ രാവിലെ 11 മുതൽ ഉച്ചക്കുശേഷം മൂന്നുവരെ ഒഴിവാക്കണം. പൊ:.ലീസ്, അഗ്നിശമന രക്ഷാസേന, മറ്റ് സേനാവിഭാഗങ്ങൾ, എൻ.സി.സി, എസ്.പി.സി തുടങ്ങിയവയുടെ പരിശീലന കേന്ദ്രങ്ങളിൽ പകൽ സമയത്തെ പരേഡും ഡ്രില്ലുകളും ഒഴിവാക്കണമെന്നും നിർദേശം നൽകി. വിവിധ ജില്ലകളിലെ സാഹചര്യം ജില്ല കലക്ടർമാർ യോഗത്തിൽ വിശദീകരിച്ചു.
അതിനിടെ സംസ്ഥാനത്ത് ഇന്ന് സൂര്യാഘാതം രണ്ടുപേർ മരിച്ചു. മലപ്പുറം കോഴിക്കോട് ജില്ലകളിലാണ് മരണം റിപ്പോർട്ട് ചെയ്തത്. മലപ്പുറം കൂട്ടിലങ്ങാടി സ്വദേശി മുഹമ്മദ് ഹനീഫ (63) ആണ് മരിച്ചത്. ബുധനാഴ്ചയാണ് സൂര്യാതപമേറ്റ് ഹനീഫയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് രാവിലെ മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് മരിച്ചത്.
ബുധനാഴ്ച ഉച്ചയ്ക്ക് മലപ്പുറം താമരക്കുഴിയില്‍ വയലിൽ ജോലിക്കിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് രാവിലെയോടെ മരണം സംഭവിക്കുകയായിരുന്നു.
കോഴിക്കോട് പെയിന്റിംഗ് തൊഴിലാളിയും സൂര്യാഘാതത്തെ തുടർന്ന് മരിച്ചു. പന്നിയങ്കര പൈങ്ങായി പറമ്പിൽ കണിയേരി വിജേഷ് (41) ആണ് മരിച്ചത്.
പെയിൻ്റിങ് ജോലിക്കിടെ കുഴഞ്ഞുവീഴുകയായിരുന്നു.
കഴിഞ്ഞദിവസം പാലക്കാട് രണ്ടുപേര്‍ ഉള്‍പ്പെടെ സംസ്ഥാനത്ത് മൂന്നുപേര്‍ കുഴഞ്ഞുവീണ് മരിച്ചിരുന്നു. കഴിഞ്ഞദിവസം പാലക്കാട് ജില്ലയിൽ വയോധികയും മാഹിയിൽ യുവാവുമാണ് സൂര്യാഘാതത്തെ തുടർന്ന് മരിച്ചത്.
രാവിലെ 11 മുതൽ മൂന്നു വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി അഭ്യർഥിച്ചു. നിർമാണ തൊഴിലാളികൾ, കർഷക തൊഴിലാളികൾ, വഴിയോര കച്ചവടക്കാർ, മത്സ്യ തൊഴിലാളികൾ, മറ്റ് കാഠിന്യമുള്ള ജോലികളിൽ ഏർപ്പെടുന്നവർ മുതലായവർ ഇതിനനുസരിച്ച് ജോലി സമയം ക്രമീകരിക്കണം. ആസ്ബെസ്റ്റോസ്, ടിൻ ഷീറ്റുകൾ മേൽക്കൂരയായിട്ടുള്ള തൊഴിലിടങ്ങൾ പകൽ സമയം അടച്ചിടണം. ഇവ മേൽക്കൂരയായുള്ള വീടുകളിൽ താമസിക്കുന്ന അതിഥി തൊഴിലാളികൾ ഉൾപ്പെടെയുള്ളവരെ ക്യാമ്പുകളിലേക്ക് മാറ്റാനാവശ്യമായ സൗകര്യങ്ങൾ ഒരുക്കണം.
മാർക്കറ്റുകൾ, കെട്ടിടങ്ങൾ, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങൾ തുടങ്ങിയ തീപിടിത്ത സാധ്യതയുള്ള ഇടങ്ങളിൽ ഫയർ ഓഡിറ്റ് നടത്തുകയും ചെയ്യണമെന്നും യോഗം തീരുമാനിച്ചു.
FOLLOW US ON GOOGLE NEWS