Gulf weather 10/03/24 : ഇന്നു മുതൽ മഴ കുറയും, നാളെ പ്രസന്നമായ കാലാവസ്ഥ
യു.എ.ഇയിൽ കഴിഞ്ഞ രണ്ടു ദിവസമായി പെയ്ത ശക്തമായ മഴ ഇന്നുമുതൽ കുറയും. നാളെ പ്രസന്നമായ കാലാവസ്ഥയായിരിക്കും അനുഭവപ്പെടുകയെന്ന് Metbeat Weather പറഞ്ഞു. നാളെ രാവിലെ മഞ്ഞ് ഉണ്ടാകാൻ സാധ്യതയുണ്ട്. തുടർന്ന് മാനം തെളിയും. ന്യൂനമർദ്ദത്തെ തുടർന്നാണ് യു.എ.ഇയിലും ഒമാനിലും ശനിയാഴ്ചയും വെള്ളിയാഴ്ചയും ശക്തമായ മഴ ലഭിച്ചത്.
വെള്ളി, ശനി ദിവസങ്ങളിൽ ദുബൈയിലും യു.എ.ഇയുടെ മറ്റു ഭാഗങ്ങളിലും ഒമാനിലും ശക്തമായ മഴ ലഭിക്കുമെന്നും പ്രാദേശിക വെള്ളക്കെട്ടുകൾ ഉണ്ടാകുമെന്നും ദിവസങ്ങൾക്കു മുമ്പേ metbeatnews.com റിപ്പോർട്ട് ചെയ്തിരുന്നു. മഴക്കൊപ്പം ശക്തമായ മിന്നലും കാറ്റും ഉണ്ടായിരുന്നു. ദുബൈ നഗരത്തിന്റെ പല പ്രദേശങ്ങളിലും വെള്ളം കയറി. അബുദാബിയിലും ശക്തമായ മഴ ലഭിച്ചു. ഷാർജയിൽ പലയിടത്തും വെള്ളക്കെട്ടുകൾ ഉണ്ടായി. അജ്മാനിലും ജനജീവിതം ദുരിതത്തിലായി.
ഒമാനിലും ശക്തമായ മഴ ലഭിച്ചിരുന്നു. ജനങ്ങൾ അനാവശ്യമായി പുറത്തിറങ്ങരുതെന്ന് പൊലിസും കാലാവസ്ഥാ വകുപ്പും മുന്നറിയിപ്പ് നൽകിയിരുന്നു. ഇന്നു മുതൽ ഒമാനിലും മഴ കുറയാനാണ് സാധ്യത. ഒമാനിൻ്റെ വടക്കൻ ഗവർണറേറ്റുകളിലാണ് ശക്തമായ മഴ ലഭിച്ചത്.
കഴിഞ്ഞ ദിവസം തന്നെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ് നൽകിയതിനെ തുടർന്ന് പലയിടത്തും ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിരുന്നു. നാട്ടിൽ കടുത്ത ചൂട് അനുഭവപ്പെടുമ്പോഴാണ് ദുബൈയിൽ മഴ കോരിച്ചൊരിഞ്ഞത്. മഴ കാണാൻ നാട്ടിലേക്ക് വരാറുള്ള പ്രവാസികൾക്ക് കാലാവസ്ഥ മാറ്റം അനുഗ്രഹമായി.
നാട്ടിൽനിന്ന് മഴ കാണാൻ ഗൾഫിലേക്ക് വരേണ്ട അവസ്ഥയാണ് ഇപ്പോൾ ഉള്ളതെന്ന് പ്രവാസികൾ പറയുന്നു. നിൽക്കാതെ കോരി ചൊരിഞ്ഞ മഴയാണ് പല നഗരങ്ങളിലും ലഭിച്ചത്. അതുകൊണ്ട് തന്നെ മിക്ക നഗരങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. കഴിഞ്ഞയാഴ്ചയും ദുബൈയിലും ഒമാനിലും ശക്തമായ മഴ ലഭിച്ചിരുന്നു. ഫെബ്രുവരി മാർച്ച് മാസങ്ങളിലാണ് മഴ ലഭിച്ചത്. ഈ സമയം കേരളത്തിൽ മഴ ലഭിച്ചതും ഇല്ല.
ഇന്നലത്തെ മഴയിൽ ദുബൈയിലെ പ്രധാന താമസ കേന്ദ്രങ്ങളായ ഷാർജ, മുഹെെസിന, അബൂഷഹാറ എന്നിവിടങ്ങളിൽ വെള്ളം കയറി. മഴ ശക്തമായത് കാരണം ദുബൈ ഷാർജ ഇന്റർസിറ്റി ബസ് സർവീസുകൾ റദ്ദാക്കി. നിരവധി വിമാനങ്ങളും റദ്ദാക്കി.
രാജ്യത്തിന്റെ മലയോര മേഖലയിലും മഴ ശക്തമായിരുന്നു. ഷാർജ, അൽഐൻ തുടങ്ങിയ നഗരങ്ങളിലെ തുരങ്ക റോഡുകൾ അടച്ചു. അബുദാബി, ദുബൈ, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ബീച്ചുകൾ, പാർക്കുകൾ അടച്ചു. ഗ്ലോബൽ വില്ലേജിനും അവധി നൽകിയിരുന്നു. കാലാവസ്ഥ തെളിയുന്നത് വരെ പാർക്കുകളും ബീച്ചുകളും അടച്ചിടാനാണ് വിവിധ മുനിസിപ്പാലിറ്റികൾ നൽകിയ ഉത്തരവ്.