കൊടും തണുപ്പും വായു മലിനീകരണവും, സുപ്രീംകോടതി നടപടികൾ എടുത്തു, ഇനി എല്ലാം പെട്ടെന്ന്

മ്മു കാശ്മീരിൽ താപനില മൈനസ് ഏഴ് ഡിഗ്രി വരെ താഴ്ന്നപ്പോൾ, വിവിധയിടങ്ങളിൽ മഞ്ഞുവീഴ്ചയും ശക്തമാണ്. ഡൽഹിക്ക് പുറമെ ഹരിയാന, പഞ്ചാബ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലും കനത്ത ശൈത്യമാണ് അനുഭവപ്പെടുന്നത്.

Maneesha M.K
1 min mins read

കൊടും തണുപ്പും വായു മലിനീകരണവും, സുപ്രീംകോടതി നടപടികൾ എടുത്തു, ഇനി എല്ലാം പെട്ടെന്ന്

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അതിശൈത്യം കഠിനമായി തുടരുകയാണ്. ജമ്മു കാശ്മീർ, ഉത്തരാഖണ്ഡ്, ജാർഖണ്ഡ് എന്നിവിടങ്ങളിൽ താപനില പൂജ്യം ഡിഗ്രിയിലും താഴെയെത്തി ജനജീവിതം ദുസ്സഹമാക്കിയിരിക്കുകയാണ്. ജമ്മു കാശ്മീരിൽ താപനില മൈനസ് ഏഴ് ഡിഗ്രി വരെ താഴ്ന്നപ്പോൾ, വിവിധയിടങ്ങളിൽ മഞ്ഞുവീഴ്ചയും ശക്തമാണ്. ഡൽഹിക്ക് പുറമെ ഹരിയാന, പഞ്ചാബ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലും കനത്ത ശൈത്യമാണ് അനുഭവപ്പെടുന്നത്.

സുപ്രീംകോടതി നടപടികളുമായി മുന്നോട്ട്

ശൈത്യത്തിനൊപ്പം വായുമലിനീകരണം കൂടി രൂക്ഷമായത് രാജ്യതലസ്ഥാനത്തെ ശ്വാസം മുട്ടിക്കുകയാണ്. ഡൽഹിയിലെ വായുനിലവാരം അതീവ ഗുരുതരമായി തുടരുന്ന സാഹചര്യത്തിൽ പ്രശ്നപരിഹാരത്തിനായി ദീർഘകാല നടപടികൾ സ്വീകരിക്കാൻ സുപ്രീംകോടതി കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് നിർദ്ദേശം നൽകി കഴിഞ്ഞു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് വിഷയത്തിൽ അടിയന്തരമായി ഇടപെട്ടത്. മലിനീകരണം കുറയ്ക്കുന്നതിനുള്ള സമഗ്രമായ പദ്ധതി നാലാഴ്ചയ്ക്കകം സമർപ്പിക്കാനും കോടതി ഉത്തരവിട്ടു. 

ഇനി ഇലക്ട്രിക് വാഹനങ്ങളുടെ കാലം

മലിനീകരണം സൃഷ്ടിക്കുന്ന വാഹനങ്ങളെ ഘട്ടംഘട്ടമായി ഒഴിവാക്കുക, ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുക, മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റ് കർശനമാക്കുക തുടങ്ങിയ ശുപാർശകൾ കമ്മിഷൻ ഫോർ എയർ ക്വാളിറ്റി മാനേജ്മെന്റ് മുന്നോട്ടുവെച്ചിട്ടുണ്ട്. ഈ നിർദ്ദേശങ്ങൾ നടപ്പാക്കുന്നതിൽ ഡൽഹി സർക്കാരും മുനിസിപ്പൽ കോർപറേഷനും ഉൾപ്പെടെയുള്ള ഏജൻസികൾ വീഴ്ച വരുത്തരുതെന്ന് കോടതി കർശനമായി പറഞ്ഞു. വരും ദിവസങ്ങളിലും ശൈത്യം തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 

English Summary : The Commission for Air Quality Management has put forward recommendations such as phasing out polluting vehicles, promoting electric vehicles, and tightening pollution control certificates.