8 വർഷത്തിനിടയിലെ ഏറ്റവും മലിനമായ ഡിസംബർ, അന്തരീക്ഷത്തിൽ `ഇൻവേർഷൻ എഫക്റ്റ്' വർദ്ധിപ്പിക്കുന്നുവെന്ന് വിദഗ്ധർ
ഡൽഹി ജനത ഓരോ ദിവസവും ശ്വാസംമുട്ടി ജീവിക്കുകയാണ്. തുടർച്ചയായ ഒമ്പതാംദിനവും കനത്ത മൂടൽമഞ്ഞും വിഷപ്പുകയും കലർന്ന അതീവ ഗുരുതരമായ സാഹചര്യത്തിൽ തുടരുകയാണ് ഡൽഹി. ഇന്ന് ഡൽഹിയിലെ വായുനിലവാരം, ഗുണനിലവാരസൂചികയുടെ 'അതീവ ഗുരുതരം' വിഭാഗത്തിലേക്ക് നീങ്ങുകയും വിമാന സർവീസുകളെ ഇത് സാരമായി ബാധിക്കുകയും ചെയ്തു.
പുകമഞ്ഞ് കനത്തതോടെ 700-ലധികം വിമാന സർവീസുകളെയും ബാധിച്ചു. രണ്ട് അന്താരാഷ്ട്ര വിമാനങ്ങൾ ഉൾപ്പെടെ 177-ലധികം സർവീസുകളാണ് റദ്ദാക്കപ്പെട്ടത്. നാളെ പുലർച്ചെയും കനത്ത മൂടൽമഞ്ഞ് തുടരുന്നതിനാൽ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. വായു ഗുണനിലവാര സൂചിക 400 കടക്കുമെന്നാണ് മുന്നറിയിപ്പ്.
യാത്രകാർക്കായി പ്രത്യേക നിർദ്ദേശം
വെള്ളിയാഴ്ച പുലർച്ചെ സഫ്ദർജംഗ് കാലാവസ്ഥാ സ്റ്റേഷനിൽ കാഴ്ചപരിധി പൂജ്യം മീറ്ററായും പാലത്ത് 50 മീറ്ററായും കുറഞ്ഞതിനെ തുടർന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു. നഗരത്തിലെ 40 മോണിറ്ററിങ് സ്റ്റേഷനുകളിൽ 11 എണ്ണത്തിലും വായുനിലവാരം അതീവ ഗുരുതരമായ നിലയിലാണ് രേഖപ്പെടുത്തിയത്. ഡൽഹി വിമാനത്താവളം യാത്രക്കാർക്കായി പ്രത്യേക നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. യാത്രക്കാർ അതത് എയർലൈനുകളുമായി ബന്ധപ്പെട്ട് വിമാനങ്ങളുടെ സമയം കൃത്യമായി മനസ്സിലാക്കണമെന്ന് അധികൃതർ അറിയിച്ചു. കൂടാതെ, വിമാനങ്ങൾ വൈകുകയോ റദ്ദാക്കുകയോ ചെയ്യുമ്പോൾ യാത്രക്കാർക്ക് ഭക്ഷണവും റീബുക്കിങ് സൗകര്യങ്ങളും ഉറപ്പാക്കാൻ സിവിൽ ഏവിയേഷൻ മന്ത്രാലയം വിമാനക്കമ്പനികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
വാഹനങ്ങളിലെ പുക പ്രധാന കാരണമാകുന്നു
കഴിഞ്ഞ എട്ട് വർഷത്തിനിടയിലെ ഏറ്റവും മലിനമായ ഡിസംബറാണ് കടന്നുപോകുന്നതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. താപനില കുറയുന്നത് മലിനീകരണ കണികകൾ അന്തരീക്ഷത്തിൽ തങ്ങിനിൽക്കാൻ കാരണമാകുന്ന 'ഇൻവേർഷൻ എഫക്റ്റ്' വർദ്ധിപ്പിക്കുന്നുവെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. വാഹനങ്ങളിൽ നിന്നുള്ള പുക മലിനീകരണത്തിന് പ്രധാന കാരണമാകുന്നുണ്ടെന്നും വരും ദിവസങ്ങളിൽ ഇതിന്റെ തോത് ഉയരുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഡിസംബർ മാസത്തിൽ മഴ ലഭിക്കാത്തത് സ്ഥിതിഗതികൾ കൂടുതൽ വഷളാക്കിയിട്ടുണ്ട്.
മലിനീകരണം വേണ്ട പരിഷ്‌കാരങ്ങൾ ഉടൻ നടത്തണമെന്ന് സുപ്രീംകോടതി
നിലവിലെ നിയന്ത്രണ നടപടികൾ പരാജയമാണെന്ന് സുപ്രീം കോടതി വ്യക്തമാക്കിയ കാര്യമാണ്. അതുകൊണ്ട് തന്നെ മലിനീകരണം തടയാൻ ശാശ്വതമായ പരിഷ്കാരങ്ങൾ വേണമെന്ന് കോടതി നിർദ്ദേശിച്ചിട്ടുണ്ട്. നഗരങ്ങളിലെ ഗതാഗതം, വ്യവസായങ്ങളിൽ നിന്നുള്ള മലിനീകരണം, വൈക്കോൽ കത്തിക്കൽ എന്നിവയിൽ കേന്ദ്രീകൃതമായ നടപടികൾ വേണമെന്ന് കോടതി ആവശ്യപ്പെട്ടു. ഉത്തർപ്രദേശ്, ഹരിയാന, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളുമായി ഏകോപിപ്പിച്ചുള്ള പ്രവർത്തനങ്ങൾ വേണമെന്നും കോടതി വ്യക്തമാക്കി.
English Summary : December marks the most polluted month in eight years, with experts linking temperature drops to increased air pollution. Discover the alarming trends now.