മലേഷ്യയിൽ എൽ നിനോ ഭീഷണി ഉയരുന്നു, വരാൻ പോകുന്നത് കഠിനമായ ചൂട്

നിലവിൽ 60 മുതൽ 70 ശതമാനം വരെ എൽ നിനോ സാധ്യത കാണിക്കുന്നുണ്ട്. ഇത് ശക്തമായി വികസിച്ചാൽ രാജ്യത്തുടനീളം ചൂട് തരംഗങ്ങൾ വർധിക്കുകയും ഡാമുകളിലെയും പുഴകളിലേയും ജലനിരപ്പ് കുറയുകയും , കൃഷികൾക്ക് വൻ തിരിച്ചടി നേരിടാനും ഇടയാക്കുമെന്ന് വിദഗ്ദർ ചൂണ്ടികാട്ടുന്നു.

Maneesha Prasoon
2 mins mins read

മലേഷ്യയിൽ എൽ നിനോ ഭീഷണി ഉയരുന്നു, വരാൻ പോകുന്നത് കഠിനമായ ചൂട്

മലേഷ്യ(Malaysia)യിൽ ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിൽ എൽ നിനോ(El Nino) രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിദഗ്ധർ. അങ്ങനെ വന്നാൽ 2026, 2027 വർഷങ്ങൾ ചരിത്രത്തിലെ ഏറ്റവും ചൂടേറിയ വർഷങ്ങളായി മാറാൻ സാധ്യതയുണ്ടെന്ന് വിദഗ്ദർ മുന്നറിയിപ്പ് നൽകുന്നു. നിലവിൽ 60 മുതൽ 70 ശതമാനം വരെ എൽ നിനോ സാധ്യത കാണിക്കുന്നുണ്ട്. ഇത് ശക്തമായി വികസിച്ചാൽ രാജ്യത്തുടനീളം ചൂട് തരംഗങ്ങൾ വർധിക്കുകയും ഡാമുകളിലെയും പുഴകളിലേയും ജലനിരപ്പ് കുറയുകയും , കൃഷികൾക്ക് വൻ തിരിച്ചടി നേരിടാനും ഇടയാക്കുമെന്ന് വിദഗ്ദർ ചൂണ്ടികാട്ടുന്നു. മാത്രമല്ല ഈ പ്രതിഭാസം കാരണം ഇന്തോനേഷ്യയി(Indonesia)യിൽ കൂടുതൽ വരൾച്ചയും ഉയർന്ന താപനിലയും അനുഭവപ്പെടാൻ സാധ്യതയുണ്ടെന്നും  മുന്നറിയിപ്പിൽ പറയുന്നു. 

2024 ഏറ്റവും ചൂടേറിയ വർഷം 

2024 മലേഷ്യൻ ചരിത്രത്തിലെ ഏറ്റവും ചൂടേറിയ വർഷമായിരുന്നു. World Meteorological Organization റിപ്പോർട്ടിൽ ഇക്കാര്യം ചൂണ്ടികാട്ടുന്നുണ്ട്. അന്ന് ശരാശരി ദിന താപനില 27.55°C ആയി രേഖപ്പെടുത്തിയിരുന്നു. 2023ൽ ആരംഭിച്ച എൽ നിനോ പ്രതിഭാസം 2024 തുടക്കത്തിൽ ക്ഷയിച്ചെങ്കിലും അതിന്റെ ചൂട് സ്വാധീനം തുടർന്നിരുന്നു. കാലാവസ്ഥാ പ്രവചനത്തിൽ ഈ മാസം മുതൽ ജൂലൈ വരെ സാധാരണയേക്കാൾ വരണ്ട കാലാവസ്ഥ പ്രതീക്ഷിക്കുന്നതായി വിദഗ്ദർ മുന്നറിയിപ്പ് നൽകിയിരുന്നു. പ്രത്യേകിച്ച് പടിഞ്ഞാറൻ സറവാക് പ്രദേശത്ത് വരൾച്ച കൂടുതൽ ശക്തമാകാനും, പടിഞ്ഞാറൻ-തെക്കൻ ഉപദ്വീപ് മലേഷ്യയിൽ ചൂടും വരണ്ടതുമായ സാഹചര്യങ്ങൾ ശക്തമാകാനും സാധ്യതയുണ്ട്. ഇത്തരം സാഹചര്യങ്ങൾ കാട്ടുതീയും പുകമഞ്ഞും വർധിപ്പിക്കാനിടയാക്കുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.

അതേസമയം എൽ നിനോ സ്ഥിരീകരിക്കാൻ കൂടുതൽ നിരീക്ഷണം ആവശ്യമാണെന്ന് വിദഗ്ദർ ചൂണ്ടികാട്ടുന്നുണ്ട്. എൽ നിനോ സംഭവിക്കുമ്പോൾ ഇന്ത്യൻ മഹാസമുദ്ര ഡിപോൾ (IOD) ഘടകവും സ്വാധീനം ചെലുത്തുമെന്നും, അത് വായു മലിനീകരണവും കൊറൽ ബ്ലീച്ചിംഗും വർധിപ്പിക്കാനിടയാക്കുമെന്നും മുന്നറിയിപ്പ് നൽകുന്നു. 
1951–52 കാലഘട്ടത്തിൽ ആദ്യമായി രേഖപ്പെടുത്തിയതുമുതൽ 2015 വരെ 12 തവണ എൽ നിനോ മലേഷ്യയെ ബാധിച്ചു. 1997–98ലെ ശക്തമായ എൽ നിനോ കാലത്ത് രാജ്യത്ത് ഗുരുതരമായ വരൾച്ച അനുഭവപ്പെട്ടിരുന്നു. 

English Summary : Malaysia may face a severe heatwave as experts warn of a possible El Nino forming between April and June 2026. Climate models indicate a 60–70% chance of development, which could make 2026 or 2027 the hottest years on record.