തണുപ്പ് കാലത്ത് ഡിപ്രഷൻ അനുഭവപ്പെടുന്നു, ഒറ്റപ്പെടൽ അനുഭവിക്കുന്നു, വീടിനുള്ളിൽ ഒതുങ്ങുന്നു, ഇവയിൽ നിന്ന് എങ്ങനെ മറികടക്കാം ?

കലിന്റെ ദൈര്‍ഘ്യം കുറയുന്നത്, തണുത്ത കാലാവസ്ഥ, സൂര്യപ്രകാശത്തിന്റെ അഭാവം എന്നിവയെല്ലാം മാനസികാവസ്ഥയെ ബാധിക്കാം. ദൈനംദിന ശീലങ്ങളെ അലസത ബാധിക്കാം. ഈ സമയം ആളുകള്‍ കൂടുതലും വീടിനുള്ളില്‍ ഒതുങ്ങിക്കൂടാനാണ് ഇഷ്ട്ടപ്പെടുന്നത്.

Maneesha M.K
2 mins mins read

തണുപ്പ് കാലത്ത് ഡിപ്രഷൻ അനുഭവപ്പെടുന്നു, ഒറ്റപ്പെടൽ അനുഭവിക്കുന്നു, വീടിനുള്ളിൽ ഒതുങ്ങുന്നു, ഇവയിൽ നിന്ന് എങ്ങനെ മറികടക്കാം ?

തണുപ്പ് കാലമാകുന്നതോടെ ശാരീരിക പ്രശ്‌നങ്ങള്‍ക്ക് ഒപ്പം മാനസിക പ്രയാസങ്ങളും വര്‍ധിക്കുന്നു. ഈ സമയങ്ങളില്‍ മാനസികാരോഗ്യ സേവനങ്ങള്‍ തേടുന്നവരുടെ എണ്ണവും കൂടി വരികയാണ്. പകലിന്റെ ദൈര്‍ഘ്യം കുറയുന്നത്, തണുത്ത കാലാവസ്ഥ, സൂര്യപ്രകാശത്തിന്റെ അഭാവം എന്നിവയെല്ലാം മാനസികാവസ്ഥയെ ബാധിക്കാം. ദൈനംദിന ശീലങ്ങളെ അലസത ബാധിക്കാം. ഈ സമയം ആളുകള്‍ കൂടുതലും വീടിനുള്ളില്‍ ഒതുങ്ങിക്കൂടാനാണ് ഇഷ്ട്ടപ്പെടുന്നത്. തണുപ്പിൽ മാത്രം കണ്ടുവരുന്ന ഈ കടുത്ത വിഷാദത്തെ ഡോക്ടര്‍മാര്‍ 'സീസണല്‍ അഫക്ടീവ് ഡിസോര്‍ഡര്‍' എന്ന് വിളിക്കുന്നു. ഋതുക്കളുമായി ബന്ധപ്പെട്ട വിഷാദമാണിത്.

വസന്തകാലമാകുമ്പോൾ സ്ഥിതി മാറും

ശരത്കാലത്തിലോ മഞ്ഞുകാലത്തിന്റെ തുടക്കത്തിലോ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങാം. പകലിന്റെ ദൈര്‍ഘ്യം കൂടുന്ന വസന്തകാലമാകുമ്പോള്‍ ഈ അവസ്ഥ മെച്ചപ്പെടാറുണ്ട്. വിന്റര്‍ ഡിപ്രഷനുള്ളവര്‍ക്ക് സ്ഥിരമായ മാനസിക തളര്‍ച്ച അനുഭവപ്പെടാം. കൂടുതല്‍ ഉറങ്ങിയിട്ടും ക്ഷീണം മാറാതിരിക്കുക, ഉയര്‍ന്ന കാര്‍ബോഹൈഡ്രേറ്റ് ആഹാരങ്ങളോട് ആസക്തി തോന്നുക, ശരീരഭാരം കൂടുക എന്നിവ ലക്ഷണങ്ങളാണ്. ഈ അവസ്ഥ ഹോബികളോടുള്ള താല്‍പര്യം കുറയുകയും ശ്രദ്ധക്കുറവ് കാരണം പഠനത്തെയോ ജോലിയെയോ ബാധിക്കുകയും ചെയ്യാം.

സൂര്യപ്രകാശത്തിന്റെ കുറവ് വിറ്റാമിന്‍ ഡിയുടെ ഉത്പാദനത്തിൽ കുറവുവരുത്തുന്നു

സൂര്യപ്രകാശം ഏല്‍ക്കുന്നത് കുറയുന്നത് ശരീരത്തിലെ ജൈവ ഘടികാരമായ 'സര്‍ക്കാഡിയന്‍ റിഥമി'നെ ബാധിക്കുന്നു. ഉറക്കത്തെയും ഹോര്‍മോണ്‍ ഉത്പാദനത്തെയും നിയന്ത്രിക്കുന്ന ഇത്, വെളിച്ചം കുറയുന്നതോടെ കൂടുതല്‍ മെലറ്റോണിന്‍ ഉത്പാദിപ്പിക്കുന്നു. ഈ ഹോര്‍മോണ്‍ പകല്‍സമയത്ത് മന്ദതയും ഊര്‍ജ്ജക്കുറവും സൃഷ്ടിക്കാം. മഞ്ഞുകാലത്തെ വെളിച്ചക്കുറവ് തലച്ചോറിലെ 'സെറോടോണിന്‍' അളവില്‍ വ്യതിയാനം വരുത്തുന്നു. മാനസികാവസ്ഥയെ നിയന്ത്രിക്കുന്ന ഇതിന്റെ കുറഞ്ഞ അളവ് വിഷാദത്തിനും ഉത്കണ്ഠയ്ക്കും വഴിവെക്കും. സൂര്യപ്രകാശത്തിന്റെ കുറവ് വിറ്റാമിന്‍ ഡിയുടെ ഉത്പാദനത്തിലും കുറവു വരുത്തും. ഇത് ക്ഷീണത്തിനും മാനസികമായ തളര്‍ച്ചയ്ക്കും കാരണമാകാം.

ഒറ്റപ്പെടൽ അനുഭവപ്പെടുന്നു

തണുത്ത കാലാവസ്ഥ പുറത്തുള്ള കൂടിക്കാഴ്ചകളെയും വിനോദ യാത്രകളെയും പരിമിതപ്പെടുത്തുമെന്നതിൽ സംശയം വേണ്ട. അവധിക്കാലത്തുണ്ടാകുന്ന സാമ്പത്തിക, കുടുംബപരമായ സമ്മര്‍ദങ്ങള്‍ വര്‍ധിക്കാം. ഒറ്റയ്ക്ക് താമസിക്കുന്ന, അല്ലെങ്കില്‍ വീടുകളില്‍ നിന്ന് മാറിനില്‍ക്കുന്ന ആളുകള്‍ക്ക് ഈ സമയങ്ങളില്‍ കൂടുതല്‍ ഒറ്റപ്പെടല്‍ അനുഭവപ്പെടാറുണ്ട്. 

പ്രഭാത നടത്തം അത്യുത്തമം

മഞ്ഞുകാല വിഷാദം അകറ്റാൻ‍ ഡോക്ടര്‍മാര്‍ കൃത്യമായ ഉറക്കവും ലളിതമായ വ്യായാമവും സൂര്യപ്രകാശം കൊള്ളാനും ശുപാര്‍ശ ചെയ്യുന്നു. മേഘാവൃതമായ ദിവസങ്ങളില്‍ പോലും പ്രഭാത നടത്തം മാനസികമായ ഉണര്‍വിന് സഹായിക്കും. സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടും കൗണ്‍സിലര്‍മാരുമായി സംസാരിക്കുന്നതും പ്രധാനമാണ്. ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തില്‍ ലൈറ്റ് തെറാപ്പിയോ മരുന്ന് ചികിത്സയോ ചിലര്‍ക്ക് ഫലപ്രദമായേക്കാം.
മാനസിക തളര്‍ച്ച ആഴ്ചകളോളം തുടരുകയാണെങ്കില്‍ തീര്‍ച്ചയായും വൈദ്യസഹായം തേടണം. സ്വയം ഉപദ്രവിക്കാനുള്ള ചിന്തകള്‍, കടുത്ത നിരാശ എന്നിവ ഗൗരവമായ മുന്നറിയിപ്പാണ്. ഒരു ഡോക്ടര്‍ക്കോ സൈക്കോളജിസ്റ്റിനോ ലക്ഷണങ്ങള്‍ പരിശോധിച്ച് ഉചിതമായ ചികിത്സ നിര്‍ദേശിക്കാം. നേരത്തെയുള്ള ചികിത്സ വിന്റര്‍ ഡിപ്രഷനെ നിയന്ത്രിക്കാനും ദൈനംദിന ജീവിതത്തെ സാധാരണ നിലയിലേക്ക് കൊണ്ടുവരാനും സഹായിക്കും. 

English Summary : There's no doubt that cold weather will limit outdoor gatherings and recreational trips. The financial and family pressures of the holiday season may increase.