കേരളത്തിൽ വരണ്ട അന്തരീക്ഷം തുടരുന്നു, രാവിലെ തണുപ്പിന് കാരണമെന്ത് ?
കേരളത്തിൽ വരണ്ട ദിനാന്തരീക്ഷവും പുലർച്ചെയും രാവിലെയും തണുപ്പും തുടരുന്നു. ബുധനാഴ്ച വരെ ഈ അന്തരീക്ഷസ്ഥിതി തുടരുമെന്ന് കഴിഞ്ഞ ദിവസത്തെ Metbeat Weather അവലോകന റിപ്പോർട്ടിൽ സൂചിപ്പിച്ചിരുന്നു. തുടർന്ന് വീണ്ടും ഒറ്റപ്പെട്ട മഴ തെക്കൻ കേരളത്തിൽ ഉൾപ്പെടെ ലഭിക്കും.
രാവിലെ കേരളത്തിൻ്റെ കിഴക്കൻ മേഖലകളിലും ഇടനാട് പ്രദേശങ്ങളിലും നല്ല തണുപ്പാണ് രാവിലെ അനുഭവപ്പെടുന്നത്. സാധാരണയേക്കാൾ ഒന്നര ഡിഗ്രിയിൽ അധികം തണുപ്പ് ഈ മേഖലകളിൽ കൂടിയിട്ടുണ്ട്. കഴിഞ്ഞദിവസം മൂന്നാറിൽ തണുപ്പ് 6.2 ഡിഗ്രിയിലെത്തി. കുണ്ടള ഡാമിൽ 6.9 ഡിഗ്രിയും രേഖപ്പെടുത്തി. വടക്കൻ കേരളത്തിൽ ഉൾപ്പെടെ രാവിലെ തണുത്ത അന്തരീക്ഷം നില നിൽക്കുന്നു.
ബുധനാഴ്ച കേരളത്തിൽ ഒറ്റപ്പെട്ട ചാറ്റൽ മഴ ലഭിക്കുകയും ആകാശത്ത് മേഘങ്ങൾ ദൃശ്യമാവുകയും ചെയ്യും. തീരദേശത്തും അറബിക്കടലിലും മഴ ലഭിക്കാൻ സാധ്യത. എന്നാൽ സാധാരണ രീതിയിലുള്ള തുലാവർഷം ( north east monsoon) കേരളത്തിൽ ലഭിക്കാൻ വീണ്ടും കാത്തിരിക്കണം.
വ്യാഴാഴ്ചക്കു ശേഷമുള്ള ദിവസങ്ങളിൽ വീണ്ടും വരണ്ട കാലാവസ്ഥയാണ് ഇപ്പോഴത്തെ നിരീക്ഷണത്തിൽ മനസ്സിലാക്കാൻ ആകുന്നത്. പശ്ചിമവാതം (Western Disturbance) പതിവിലും നേരത്തെ ഉത്തരേന്ത്യയിൽ സജീവമാകുന്നുണ്ട് . വടക്കു കിഴക്കൻ കാറ്റ് കർണാടക തമിഴ്നാട് വഴി കേരളത്തിലേക്ക് എത്തുകയും ചെയ്യുന്നു. രാത്രികാലങ്ങളിൽ തണുപ്പ് അനുഭവപ്പെടാൻ ഇതും കാരണമാണ്. ബുധനാഴ്ചക്ക് ശേഷം പടിഞ്ഞാറൻ കാറ്റ് കൂടുതലായി കേരളത്തിൽ പ്രവേശിക്കുന്നുണ്ട്.
English Summary: Dry weather continues in Kerala, what is the reason for the cold in the morning?