മംഗ്ളൂരുവിൽ ഡോപ്ലർ റഡാർ ഉദ്ഘാടനം ചെയ്തു, വടക്കൻ ജില്ലകൾക്കും ആശ്വാസം, മുണ്ടക്കൈ ചൂരൽമല പോലുള്ള ദുരന്തങ്ങൾ ഇനി നേരത്തെ അറിയാം
കർണാടകയിലെ ആദ്യ ഡോപ്ലർ റഡാർ മംഗ്ളൂരുവിൽ വ്യാഴാഴ്ച ഉദ്ഘാടനം ചെയ്തു. രാജ്യത്തെ തത്സമയ കാലാവസ്ഥാ നിരീക്ഷണത്തിൽ നിർണായകമായ റഡാർ സംവിധാനമാണ് മംഗളൂരുവിലെ ശക്തി നഗറിൽ സ്ഥാപിച്ചിരിക്കുന്നത്. 250 കി.മീ പരിധിയിൽ നിരീക്ഷണം നടത്താൻ കഴിയുന്ന C ബാൻഡ് റഡാറാണിത്.
ഇനി സംസ്ഥാനം മുഴുവൻ റഡാർ നിരീക്ഷണത്തിൽ
കർണാടകയിലെയും കേരളത്തിലെയും കാലാവസ്ഥാ പ്രവചനം കൂടുതൽ കൃത്യമാക്കുന്നതിന് വേണ്ടിയാണ് മംഗളൂരുവിൽ പുതിയ റഡാർ സ്ഥാപിച്ചത്. കാസർകോട്, കണ്ണൂർ ജില്ലകൾ ഇതിൻ്റെ പരിധിയിൽ വരുന്നതോടെ ഇനി സംസ്ഥാനം മുഴുവൻ കൃത്യമായ റഡാർ നിരീക്ഷണത്തിലാകും. മംഗലാപുരം,ഉഡുപ്പി, കാർവാർ,കാസർഗോഡ്,കണ്ണൂർ, കോഴിക്കോട്, തെക്ക് പടിഞ്ഞാറൻ അറബിക്കടൽ കവർ ചെയ്യും. അതേസമയം റഡാർ സംവിധാനം വരുന്നതോടെ കേരളത്തിലെ കാലാവസ്ഥാ പ്രവചനം കൂടുതൽ കാര്യക്ഷമമാകും.
കേരളത്തിൽ ഈ വർഷത്തെ കാലാവസ്ഥാ പ്രവചനം വളരെ കൃത്യമായിരുന്നു
മഴയുടെ തീവ്രത, കാറ്റിൻ്റെയും മഴമേഘങ്ങളുടെയും സഞ്ചാരദിശ തുടങ്ങിയവ ഉയർന്ന കൃത്യതയോടെ ഡോപ്ലർ റഡാർ പ്രവചിക്കും. ഇതിൻ്റെ പ്രവചനത്തിലും കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൻ്റെ വിലയിരുത്തലിലുമാണ് കൃത്യമായ കാലാവസ്ഥാ പ്രവചനം സാധ്യമാകുന്നത്. കേരളത്തിൽ ഈ വർഷത്തെ കാലാവസ്ഥാ പ്രവചനങ്ങൾ കൃത്യമായിരുന്നുവെന്ന് പൊതുവേ അഭിപ്രായമുയരുന്നുണ്ട്.
വയനാട്ടിലും റഡാർ സംവിധാനം ഉടൻ പ്രവർത്തനമാരംഭിക്കും
വയനാട് റഡാർ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുകയാണ്. പുൽപള്ളി പഴശ്ശി രാജ കോളജിന് സമീപമാണ് റഡാർ സ്ഥാപിക്കുന്നത്. 100 കിലോമീറ്റർ നിരീക്ഷണ പരിധിയുള്ള എക്സ്-ബാൻഡ് ഡോപ്ലർ റഡാറാണ് ഇവിടെ സ്ഥാപിക്കുക. ഇവിടെയും ഇനി കാലാവസ്ഥാ പ്രവചനങ്ങൾ എളുപ്പമാകും. ബെംഗളൂരുവിൽനിന്നാണ് ഇതിനായുള്ള ഉപകരണങ്ങൾ എത്തിക്കുക. 10 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. മുണ്ടക്കൈ-ചൂരൽമല ദുരന്തത്തിന് പിന്നാലെയാണ് റഡാർ സ്ഥാപിക്കാനുള്ള നടപടിക്രമങ്ങൾ വേഗത്തിലാക്കിയത്.
കൊല്ലത്തും ലക്ഷദ്വീപിലും പുതിയ റഡാറുകൾ എത്തും
50 കിലോമീറ്റർ നിരീക്ഷണ പരിധിയുള്ള സി-ബാൻഡ് റഡാർ കൊല്ലത്ത് സ്ഥാപിക്കും. ലക്ഷദ്വീപിൽ മിനിക്കോയ്, അമിനി എന്നിവിടങ്ങളിലും 250 കിലോമീറ്റർ പരിധിയുള്ള നിരീക്ഷണ റഡാറുകൾ ആരംഭിക്കും. ഇതിലൂടെ കാലവർഷം, ന്യൂനമർദം എന്നിവയുടെ സൂചനകൾ കൂടുതൽ നേരത്തെ ലഭിക്കും. മാത്രമല്ല മേഘങ്ങളുടെ നീക്കവും വലുപ്പവും ഇടിയോടുകൂടിയ മഴ, ജലകണങ്ങളുടെ വലുപ്പം, ചുഴലി, കാറ്റിൻ്റെ ഗതി എന്നിവയും വ്യക്തമായി അറിയാൻ പുതിയ സംവിധാനങ്ങളിലൂടെ സാധിക്കും.
English Summary: A new radar in Mangaluru enhances weather forecasting accuracy across Karnataka and Kerala, covering key districts for improved climate monitoring.