ദുരന്തത്തിന് മുൻ സൂചനയോ? കടലിൽ 3000 അടി ആഴത്തിൽ മാത്രം ജീവിക്കുന്ന ഡൂംസ്ഡേ ഫിഷ് കടൽ തീരത്ത്, വൈറലായി വീഡിയോ

‘ഡൂംസ്ഡേ ഫിഷ്’ (Doomsday Fish) എന്നറിയപ്പെടുന്ന ഈ മീനുകളുടെ രണ്ടെണ്ണമാണ് തീരത്തോട് ചേർന്ന പ്രദേശത്ത് കണ്ടതെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഏകദേശം 30 അടിയോളം നീളമുള്ള ഈ മീനുകൾ ആഴക്കടലിൽ ജീവിക്കുന്ന ലോകത്തിലെ ഏറ്റവും നീളം കൂടിയ അസ്ഥിയുള്ള മീനുകളിൽ ഒന്നാണ്

Maneesha Prasoon
2 mins mins read

ദുരന്തത്തിന് മുൻ സൂചനയോ? കടലിൽ 3000 അടി ആഴത്തിൽ മാത്രം ജീവിക്കുന്ന ഡൂംസ്ഡേ ഫിഷ് കടൽ തീരത്ത്, വൈറലായി വീഡിയോ

സാധാരണയായി ആഴക്കടലിൽ മാത്രം കാണപ്പെടുന്ന അപൂർവ മീനിനമായ ഓർഫിഷ് (Oarfish) മെക്സിക്കോയിലെ കാബോ സാൻ ലൂക്കാസ് തീരത്തടുത്ത് പ്രത്യക്ഷപ്പെട്ടത് വലിയ ചർച്ചയ്ക്കിടയാക്കി. ‘ഡൂംസ്ഡേ ഫിഷ്’ (Doomsday Fish) എന്നറിയപ്പെടുന്ന ഈ മീനുകളുടെ രണ്ടെണ്ണമാണ് തീരത്തോട് ചേർന്ന പ്രദേശത്ത് കണ്ടതെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഏകദേശം 30 അടിയോളം നീളമുള്ള ഈ മീനുകൾ ആഴക്കടലിൽ ജീവിക്കുന്ന ലോകത്തിലെ ഏറ്റവും നീളം കൂടിയ അസ്ഥിയുള്ള മീനുകളിൽ ഒന്നായി കണക്കാക്കപ്പെടുന്നു. 

സാധാരണയായി 3000 അടിയോളം ആഴമുള്ള സമുദ്രഭാഗങ്ങളിലാണ് ഓർഫിഷുകൾ ജീവിക്കുന്നത്. അതിനാൽ തീരത്തോട് ചേർന്ന ആഴം കുറഞ്ഞ പ്രദേശങ്ങളിൽ ഇവയെ കാണുന്നത് വളരെ അപൂർവമാണ്. അത്തരത്തിലുള്ള സാഹചര്യങ്ങളിൽ ഇവയ്ക്ക് സാധാരണയായി ജീവിക്കാൻ ബുദ്ധിമുട്ടുണ്ടാകുമെന്നാണ് സമുദ്രജീവശാസ്ത്രജ്ഞർ പറയുന്നത്.

കാബോ സാൻ ലൂക്കാസ് തീരത്ത് എത്തിയ രണ്ട് സഹോദരിമാരാണ് ഈ അപൂർവ മീനുകളെ ആദ്യം ശ്രദ്ധിച്ചതും പിന്നീട് വിവരം പുറത്തറിയിച്ചതും. ഇവരിൽ ഒരാൾ മീനിന്റെ ദൃശ്യങ്ങൾ ചിത്രീകരിച്ച് സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവച്ചതോടെയാണ് സംഭവം വ്യാപകമായി ചർച്ചയാകുന്നത്. വീഡിയോയിൽ മീനുകൾ പിന്നീട് വീണ്ടും കടലിലേയ്ക്ക് മടങ്ങിയതായി പറയുന്നുണ്ടെങ്കിലും ഇതുസംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ലഭിച്ചിട്ടില്ല.

ഓർഫിഷുകൾ സാധാരണയായി കടലിന്റെ ഉപരിതലത്തിൽ കാണപ്പെടുന്നത് വളരെ അപൂർവമാണ്. ചില സംസ്കാരങ്ങളിൽ, പ്രത്യേകിച്ച് ജപ്പാനിൽ, ഈ മീനുകൾ കടലിന്റെ ആഴങ്ങളിൽ നിന്ന് പുറത്തെത്തുന്നത് ഭൂകമ്പം, സുനാമി തുടങ്ങിയ പ്രകൃതിദുരന്തങ്ങൾക്ക് മുൻസൂചനയാണെന്ന വിശ്വാസവും നിലനിൽക്കുന്നു. അതിനാലാണ് ഇവയെ ‘ഡൂംസ്ഡേ ഫിഷ്’ എന്ന് വിളിക്കുന്നത്.

എന്നാൽ ഈ വിശ്വാസത്തെ പിന്തുണയ്ക്കുന്ന ശാസ്ത്രീയ തെളിവുകൾ നിലവിൽ ലഭ്യമല്ലെന്ന് വിദഗ്ധർ വ്യക്തമാക്കുന്നു. ഓർഫിഷുകൾ ഉപരിതലത്തിലേക്ക് എത്തുന്നത് രോഗാവസ്ഥ, പരിക്ക്, കടലിലെ താപനില മാറ്റം, സമുദ്രപ്രവാഹ വ്യതിയാനം തുടങ്ങിയ കാരണങ്ങളാൽ ആകാമെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്.

ഇത്തരത്തിലുള്ള അപൂർവ പ്രത്യക്ഷതകൾ സമുദ്രപരിസ്ഥിതിയിലെ മാറ്റങ്ങളെക്കുറിച്ച് കൂടുതൽ പഠനങ്ങൾക്ക് വഴിയൊരുക്കുന്നുവെന്നും സമുദ്രജീവശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നു.


English Summary : A rare encounter with two massive Oarfish, famously known as "Doomsday Fish," has gone viral after they were spotted near the shores of Cabo San Lucas, Mexico. Typically residing at depths of up to 3,000 feet, these serpent-like creatures rarely surface unless they are distressed.