ശക്തി ചുഴലിക്കാറ്റ് : ഒമാനെ ബാധിക്കാൻ ഇടയില്ല, ഒറ്റപ്പെട്ട മഴ
2025 ൽ ആദ്യമായി അറബിക്കടലിൽ രൂപപ്പെടുന്ന ശക്തി ചുഴലിക്കാറ്റ് (Cyclonic storm Shakthi) നിലവിൽ ഒമാനെ ലക്ഷ്യമാക്കി നീങ്ങുന്നുണ്ടെങ്കിലും ഒമാനിൽ ഭീഷണി ഉണ്ടാക്കില്ലെന്ന് ഒമാൻ കാലാവസ്ഥ വകുപ്പ് ( Oman Meteorology ) അറിയിച്ചു.
12 കിലോമീറ്റർ വേഗതയിൽ പടിഞ്ഞാറ് വടക്ക് പടിഞ്ഞാറ് ദിശയിലാണ് നിലവിൽ ശക്തി തീവ്ര ചുഴലിക്കാറ്റ് ( Severe Cyclonic storm) നീങ്ങുന്നത്. നാളെയോടെ ഇത് ശക്തി കുറഞ്ഞു ചുഴലിക്കാറ്റായി (cyclonic storm) മാറും.
ഒമാനിലെ National Multi-Hazard Early Warning Center റിപ്പോർട്ട് പ്രകാരം ശക്തി ഒമാനിൽ നിന്ന് 400 കിലോമീറ്റർ അകലെയാണ് സ്ഥിതിചെയ്യുന്നത്.
90 -113 കിലോ മീറ്റർ വേഗതയിലാണ് ശക്തി ചുഴലിക്കാറ്റ് ഇപ്പോൾ കടലിൽ തുടരുന്നത്. ഇന്ന് (ഞായർ ) വൈകിട്ട് മുതൽ നാളെ രാവിലെ വരെയുള്ള സമയത്ത് ശക്തി തീവ്ര ചുഴലിക്കാറ്റിൽ നിന്ന് ചുഴലിക്കാറ്റിലേക്ക് ശക്തി കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. South Al Sharqiyah, Al Wusta ഗവർണറേറ്റുകളിൽ ഇതേ തുടർന്ന് മഴയുണ്ടാകും. കടലിൽ തിരമാലകൾക്ക് 3 - 5 മീറ്റർ വരെ ഉയരം ഉണ്ടാകും. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറാനും സാധ്യത.
കാലാവസ്ഥ മുന്നറിയിപ്പുകൾ പാലിച്ച് ജനങ്ങൾ സുരക്ഷിതരാവണമെന്ന് സിവിൽ ഏവിയേഷനും അറിയിച്ചു. കാലാവസ്ഥ ബുള്ളറ്റിനുകൾ ശ്രദ്ധിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
English Summary: Cyclone Shakti: Oman unlikely to be affected, isolated rains expected in some governorates .