ഡിറ്റ് വാ ചുഴലികാറ്റിന് ശക്തി കുറഞ്ഞു, കേരളത്തിൽ ഇടിമിന്നലോട് കൂടിയ മഴ തിരിച്ചെത്തുന്നു
ബംഗാൾ ഉൾകടലിനു മുകളിലെ ഡിറ്റ് വാ ചുഴലിക്കാറ്റ് ദുർബലമായി തുടങ്ങി. ഇതോടെ കേരളത്തിന് മുകളിൽ വീണ്ടും കിഴക്കൻ കാറ്റിന് അനുകൂലമായ സാഹചര്യമുണ്ടായി. അതുകൊണ്ട്തന്നെ ഇടി മിന്നലോടെയുള്ള മഴ തിരിച്ചെത്തുകയാണ്. ഇന്നലെ വൈകീട്ട് ചെറിയ ഇടിയോട് കൂടി എത്തിയ മഴ വരും ദിവസങ്ങളിൽ ശക്തിയാർജ്ജിക്കാനുള്ള സാധ്യതയാണുള്ളത്.
ഒരാഴ്ചയായി മൂടിക്കെട്ടിയ അവസ്ഥയിലായിരുന്നു കേരളത്തിലെ അന്തരീക്ഷം. എന്നാൽ ഇപ്പോൾ തുലാ വർഷ മഴ സംസ്ഥാനത്ത് പലയിടങ്ങളിലും സജീവമായി തുടങ്ങിയിട്ടുണ്ട്. വ്യാപകമായ മഴ സാധ്യതയല്ലെങ്കിലും ഇടിമിന്നലോടുകൂടിയ മഴ ശനിയാഴ്ച വരെ എല്ലാ ജില്ലകളിലും പലയിടങ്ങളിലായി ലഭിക്കാൻ സാധ്യതയുണ്ട്. ഏറ്റവും പുതിയ കാലാവസ്ഥ മുന്നറിയിപ്പ് പ്രകാരം സംസ്ഥാനത്ത് ഇന്നും നാളെയും വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളിലും നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലുമാണ് യെല്ലോ അലർട്ട്.
അതേസമയം ഇന്ന് സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിരുന്നു. എല്ലാ ജില്ലകളിലും നേരിയതോ മിതമോ ആയ മഴയ്ക്കാണ് സാധ്യതയെന്നായിരുന്നു മുന്നറിയിപ്പ്. അതുകൊണ്ടുതന്നെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഒരു ജില്ലയിലും ഇന്ന് പ്രത്യേക മഴ അലര്‍ട്ടുകള്‍ നല്‍കിയിരുന്നില്ല.
English Summary: Kerala's weather is shifting as the Tula season brings rain. Yellow alerts are issued for several districts. Stay updated on the latest forecasts and safety tips.