കുസാറ്റ് ഗവേഷകർ ഇന്ത്യൻ മഹാസമുദ്രത്തിൽ നിന്നു പുതിയ ജനുസ്സും സ്പീഷീസും കണ്ടെത്തി,  ഇന്ത്യയ്ക്കും പ്രിയപ്പെട്ട ഗുരുവിനുമുള്ള ശാസ്ത്രീയ ആദരം

ഇന്ത്യയുടെ സമൃദ്ധമായ സമുദ്ര ജൈവവൈവിധ്യത്തെയും ആഗോള സമുദ്ര വർഗ്ഗീകരണ ഗവേഷണങ്ങളിലേക്കുള്ള രാജ്യത്തിന്റെ സംഭാവനകളെയും ഈ നാമകരണം പ്രതിനിധീകരിക്കുന്നു.

Maneesha M.K
3 mins mins read

കുസാറ്റ് ഗവേഷകർ ഇന്ത്യൻ മഹാസമുദ്രത്തിൽ നിന്നു പുതിയ ജനുസ്സും സ്പീഷീസും കണ്ടെത്തി, ഇന്ത്യയ്ക്കും പ്രിയപ്പെട്ട ഗുരുവിനുമുള്ള ശാസ്ത്രീയ ആദരം

കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) ഗവേഷകർ കേന്ദ്ര ഭരണ പ്രദേശമായ ലക്ഷദ്വീപിലെ കവരത്തി ലഗൂണിൽ നിന്ന് ക്രസ്റ്റേഷ്യ വിഭാഗത്തിൽപെട്ട അതീവ പ്രാധാന്യമുള്ള ഒരു സൂക്ഷ്മ സമുദ്രജീവിയെ കണ്ടെത്തി. ഹാർപാക്ടികോയിഡ് കോപിപോഡ് എന്ന (Harpacticoid copepods) ഈ ജീവിയെ Indiaphonte bijoyi എന്ന് നാമകരണം ചെയ്‌തിട്ടുണ്ട്. ഇത് ഒരേസമയം പുതിയ ജനുസ്സും (genus) പുതിയ സ്പീഷീസുമാണ് (species).
Indiaphonte എന്ന ജനുസ് നാമം ഇന്ത്യയെ ആദരിച്ചാണ് നൽകിയിരിക്കുന്നത്. ഇന്ത്യയുടെ സമൃദ്ധമായ സമുദ്ര ജൈവവൈവിധ്യത്തെയും ആഗോള സമുദ്ര വർഗ്ഗീകരണ ഗവേഷണങ്ങളിലേക്കുള്ള രാജ്യത്തിന്റെ സംഭാവനകളെയും ഈ നാമകരണം പ്രതിനിധീകരിക്കുന്നു. ഇന്ത്യയുടെ തെക്കുപടിഞ്ഞാറൻ തീരത്തോട് ചേർന്നുള്ള തെക്കുകിഴക്കൻ അറബിക്കടൽ മേഖല, സൂക്ഷ്മജീവിയായ മിയോഫൗണയുടെ (meiofauna) വൈവിധ്യത്താൽ സമ്പന്നമാണ്. 

ഗുരുവിനോടുള്ള ആദരം 

സ്പീഷീസ് നാമമായ bijoyi കുസാറ്റിലെ ഫാക്കൽട്ടി ഓഫ് മറൈൻ സയൻസസ് ഡീനും കണ്ണൂർ സർവകലാശാലയുടെ മുൻ വൈസ് ചാൻസലറുമായ സീനിയർ പ്രൊഫ. ഡോ. എസ്. ബിജോയ് നന്ദനോടുള്ള ആദരസൂചകമായാണ് നൽകിയിരിക്കുന്നത്. മിയോഫൗണ ഗവേഷണം, സമുദ്ര പരിസ്ഥിതി ശാസ്ത്രം, ഇക്കോളജി, ടാക്‌സോണമി, ജൈവവൈവിധ്യം, സമുദ്ര പരിസ്ഥിതി സംരക്ഷണം തുടങ്ങിയ മേഖലകളിൽ അദ്ദേഹത്തിന്റെ ദീർഘകാല സംഭാവനകൾ ഇന്ത്യൻ സമുദ്ര ഗവേഷണത്തെ സമൃദ്ധമാക്കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ മാർഗനിർദ്ദേശവും ശാസ്ത്രീയ ദർശനവും പുതിയ കണ്ടെത്തലുകൾക്ക് പ്രചോദനമായി തുടരുന്നു. ഈ സ്പീഷീസ് അദ്ദേഹത്തിന്റെ സമർപ്പിത ശാസ്ത്രീയ സേവനങ്ങൾക്ക് നൽകിയ ഒരു ആദരവായാണ് നിലകൊള്ളുന്നത്. 

1767877984W.webpഡോ. എസ് ബിജോയ് നന്ദൻ മറൈൻ ബയോളജി വിഭാഗം ഗവേഷക നീലിമ വാസു കെ യോടൊപ്പം

ഹാർപാക്ടികോയിഡ ഓർഡറിലെ ഏറ്റവും വൈവിധ്യമാർന്ന കുടുംബങ്ങളിലൊന്ന്

പുതുതായി സ്ഥാപിച്ച Indiaphonte ജനുസ് Laophontidae Scott T., 1905 എന്ന കുടുംബത്തിലേക്കാണ് ഉൾപ്പെടുന്നത്. WoRMS എഡിറ്റോറിയൽ ബോർഡ് (2025) പ്രകാരം, 77 ജനുസുകളിലായി 350 സ്പീഷീസുകൾ ഉൾപ്പെടുന്ന ഈ കുടുംബം ഹാർപാക്ടികോയിഡ ഓർഡറിലെ ഏറ്റവും വൈവിധ്യമാർന്ന കുടുംബങ്ങളിലൊന്നാണ്. Indiaphonte എന്ന ജനുസ്, Laophontidae കുടുംബത്തിലെ (Laophontinae ഉപകുടുംബം) ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ള ഏതൊരു ജനുസ്സുമായും പൊരുത്തപ്പെടാത്ത പ്രത്യേക രൂപഘടനാ (morphological) സവിശേഷതകളുള്ള ഒന്നാണ്.
നീന്തൽ കാലുകളുടെ വിഭജന രീതി, വാൽ ഭാഗമായ കൗഡൽ റാമിയിലെ പ്രത്യേക ഘടന, ശരീരഘടനയിലെ വ്യത്യാസങ്ങൾ, സ്പർശികളുടെ രൂപവ്യത്യാസങ്ങൾ എന്നിവയാണ് Indiaphonte bijoyi യുടെ പ്രധാന പ്രത്യേകതകൾ. ഇതിൽ ഏറ്റവും ശ്രദ്ധേയമായ സവിശേഷത ലൈംഗിക ദ്വിരൂപത (sexual dimorphism) ഇല്ലായ്മയാണ്.

ആണും പെണ്ണും ഒരേ ഘടന

സാധാരണയായി ഹാർപാക്ടികോയിഡ് കോപിപോഡുകളിൽ ആൺ ജീവികൾക്ക്, നീന്തൽ കാലുകളിൽ, പ്രത്യേക മാറ്റങ്ങൾ കാണാറുണ്ട്. എന്നാൽ ഈ പുതുതായി കണ്ടെത്തിയ സ്പീഷീസിൽ ആണും പെണ്ണും ഒരേ ഘടനയാണ് കാണിക്കുന്നത്. Laophontidae കുടുംബത്തിനുള്ളിൽ അപൂർവമായ ഈ സവിശേഷത ജീവിയുടെ വർഗ്ഗീയ സ്ഥാനത്തെ വ്യക്തമാക്കുന്ന ഒരു പ്രധാന സൂചനയായി ഗവേഷകർ വിലയിരുത്തുന്നു.
സൂക്ഷ്മ വലുപ്പമുള്ളവയായിരുന്നാലും, ഹാർപാക്ടികോയിഡ് കോപിപോഡുകൾ സമുദ്രവും ശുദ്ധജലവും ഉൾപ്പെടുന്ന ആവാസവ്യവസ്ഥകളുടെ സംരക്ഷണത്തിൽ നിർണായക പങ്ക് വഹിക്കുന്നു. കടൽ, അഴിമുഖ മേഖലകളിലെ അടിത്തട്ടിൽ (ബെന്തിക് മേഖല) ജീവിക്കുന്ന ഇവ മൈക്രോആൽഗ, ബാക്ടീരിയ, ഡെട്രൈറ്റസ് എന്നിവയെ ആഹാരമാക്കി പ്രാഥമിക ഉപഭോക്താക്കളായി പ്രവർത്തിച്ച് ഉല്പാദകരെയും മത്സ്യങ്ങളെയും ബന്ധിപ്പിക്കുന്ന കണ്ണിയാണ്. 

ഇവ ജൈവ സൂചകകങ്ങൾ 

EPA, DHA തുടങ്ങിയ മനുഷ്യർക്കും മത്സ്യ–ചിപ്പി വളർച്ചയ്ക്കും അത്യാവശ്യമായ ഒമേഗ–3 ഫാറ്റി ആസിഡുകൾ ഉൽപാദിപ്പിക്കാനും പരിവർത്തനം ചെയ്യാനും ഇവയ്ക്ക് കഴിവുണ്ട്. ചില ഹാർപാക്ടികോയിഡ് കോപിപോഡുകൾ കൊറലുകൾ, സ്പോഞ്ചുകൾ തുടങ്ങിയ ജീവികളുമായി സഹവർത്തിത്വ ബന്ധത്തിൽ ഏർപ്പെടുകയും സമുദ്ര പരിസ്ഥിതിയുടെ സമതുലിതാവസ്ഥ നിലനിർത്തുന്നതിൽ നിർണായക പങ്ക് വഹിക്കുകയും ചെയ്യുന്നു. മലിനീകരണം, എണ്ണ ചോർച്ച, ഹെവി മെറ്റലുകൾ, കാലാവസ്ഥ വ്യതിയാനം തുടങ്ങിയ മനുഷ്യനിർമിത പാരിസ്ഥിതിക മാറ്റങ്ങളെ പ്രതിഫലിക്കുന്നതിനാൽ ഇവ ജൈവ സൂചകകങ്ങളാണ്. മത്സ്യകൃഷിയിലും മത്സ്യബന്ധന മേഖലയിലും, പ്രത്യേകിച്ച് മത്സ്യകുഞ്ഞുങ്ങൾക്ക് ലൈവ് ഫീഡായി, ഇവ വ്യാപകമായി ഉപയോഗിക്കുന്നു. 


ഈ പുതിയ ജനുസും സ്പീഷീസും കുസാറ്റിലെ മറൈൻ ബയോളജി വിഭാഗത്തിലെ ഗവേഷകയായ നീലിമ വാസു കെ.യും, മെക്സിക്കോയിലെ നാഷണൽ ഓട്ടോണോമസ് യൂണിവേഴ്സിറ്റി ഓഫ് മെക്സിക്കോ (UNAM)യിലെ പ്രശസ്ത കോപിപോഡ് ടാക്‌സോണമിസ്റ്റും പ്രൊഫസറുമായ ഡോ. സാമുവൽ ഇ. ഗോമസ്-നോഗുറയും ചേർന്നാണ് ശാസ്ത്രീയമായി വിവരണം നടത്തിയത്. ഈ നേട്ടം തന്റെ പിതാവായ കെ. സി. വാസുവിന്റെ സ്നേഹസ്മരണയ്ക്ക് നീലിമ വാസു സമർപ്പിച്ചിട്ടുണ്ട്.
ഈ കണ്ടെത്തൽ ഇന്ത്യൻ മഹാസമുദ്രത്തിലെ ഇതുവരെ രേഖപ്പെടുത്തപ്പെടാത്ത ജൈവവൈവിധ്യത്തെ സൂചിപ്പിക്കുന്നതോടൊപ്പം, സമുദ്ര പരിസ്ഥിതികളെ സംരക്ഷിക്കേണ്ടതിന്റെ അടിയന്തര ആവശ്യകതയും ഓർമ്മിപ്പിക്കുന്നു. 

English Summary :  They are biological indicators as they reflect man-made environmental changes such as pollution, oil spills, heavy metals, and climate change. They are widely used in fish farming and fisheries, especially as live feed for juvenile fish.