കേരളത്തിൽ തണുപ്പ് കൂടി, വയർ വീർത്ത് കോഴികൾ ചാകുന്നു
തണുപ്പ് വർദ്ധിച്ചതോടെ മനുഷ്യന് മാത്രമല്ല പ്രകൃതിയിലെ സകല ജീവജാലങ്ങൾക്കും തണുപ്പ് പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഇപ്പോഴിതാ തണുപ്പ് വർധിച്ചതോടെ ശ്വസന തടസ്സവും വിവിധ ബാക്ടീരിയൽ രോഗങ്ങളും മൂലം കോട്ടയം ജില്ലയിൽ മുട്ടക്കോഴികൾ ചത്തൊടുങ്ങുന്നുവെന്ന വാർത്തയാണ് കേൾക്കുന്നത്. തീറ്റയും വെള്ളവും എടുക്കുമെങ്കിലും ദഹനം കൃത്യമായി നടക്കാത്തതുമൂലം വയർ വീർത്ത് കോഴികൾ ചാവുകയാണ്.
മരുന്നുകൾ ലഭ്യമല്ല
തണുപ്പ് അനുദിനം വർധിച്ചുവരുന്ന സാഹചര്യത്തിൽ രോഗം കൂടുതൽ വ്യാപിക്കാതിരിക്കാൻ കർഷകർ മൃഗാശുപത്രികളെ സമീപിച്ചെങ്കിലും പ്രതിരോധിക്കാൻ ആവശ്യമായ മരുന്നുകൾ ലഭ്യമല്ല എന്ന മറുപടിയാണ് ലഭിച്ചത്.
തേയില നുള്ളൽ തടസ്സപ്പെട്ടു
അതേസമയം തണുപ്പ് കാരണം ഏറെ പ്രതിസന്ധിയിലായിരിക്കുകയാണ് തോട്ടം തൊഴിലാളികൾ. ശൈത്യം ശക്തമായതോടെ തോട്ടം മേഖലയിൽ തേയില കൊളുന്ത് നുള്ളൽ തടസപ്പെട്ടിരിക്കുകയാണ്. മൂന്നാർ മേഖലയിൽ താപനില പൂജ്യം ഡിഗ്രിലേക്ക് താഴ്‌ന്നത് തേയില മേഖലക്ക് കനത്ത സാമ്പത്തിക നഷ്‌ടം വരുത്തും.
പ്രതീകാത്മക ചിത്രം
രാത്രിയിലെ കനത്ത തണുപ്പും പകൽ ഉയർന്ന താപനിലയുമായി പൊരുത്തപ്പെടാനാവാതെ കൊളുന്ത് കരിഞ്ഞ് ഉണങ്ങുന്നു. കാലാവസ്ഥ വ്യതിയാനം തേയില കർഷകർക്ക് കനത്ത തിരിച്ചടിയാവും. ദക്ഷിണേന്ത്യയിൽ തേയില ഉൽപാദനം മൂന്ന് മാസമായി കുറയുന്ന പ്രവണതയാണ് കാണിക്കുന്നത്. ഒക്‌ടോബറിലും നവംബറിലും ഉൽപാദനം കുറഞ്ഞു. അതിനിടയിൽ വിദേശ രാജ്യങ്ങളിൽനിന്ന് ദക്ഷിണേന്ത്യൻ തേയിലക്കുള്ള ഡിമാൻഡ് വില ഉയരാൻ അവസരം ഒരുക്കി.
English Summary : The recent cold wave is impacting all living beings, with reports of respiratory issues and bacterial infections affecting poultry in Kottayam.