ഉരുകിത്തീരാൻ വിടരുത് ഉറഞ്ഞ മണ്ണിടങ്ങളെ

ഡോ.ഗോപകുമാർ ചോലയിൽ

കാലഘട്ടത്തിലൂടെയാണ് ലോകം കടന്നുപോകുന്നത്. മനുഷ്യനടക്കമുള്ള ജൈവസമൂഹം ഇടപെടുന്ന വിവിധ മണ്ഡലങ്ങൾ, ആഗോള കാലാവസ്ഥ, പരിസ്ഥിതി എന്നിങ്ങനെ എല്ലാ മേഖലകളിലേക്കും കാലാവസ്ഥാവ്യതിയാന പ്രഭാവം പിടിമുറുക്കുന്നു. വിവിധ മണ്ഡലങ്ങളിൽ കാലാവസ്ഥാമാറ്റത്തിന്റെ പ്രഭാവവും ഋണാത്മക (negative) പ്രത്യാഘാതങ്ങളും എന്തെല്ലാമെന്നും അവ എങ്ങനെ പരിമിതപ്പെടുത്താമെന്നും ലോകം തല പുകയ്ക്കുന്നു. ഭൂമിയിൽ മഞ്ഞുറഞ്ഞു കിടക്കുന്ന പ്രദേശങ്ങളുടെ ഭൂതാവസ്ഥയും, താപനസാഹചര്യങ്ങളിൽ ഭാവിയിൽ അവിടങ്ങളിൽ സംഭവിക്കാനിടയുള്ള വ്യതിയാനങ്ങളും പഠനവിധേയമാക്കപ്പെട്ടിട്ടുണ്ട്. ഈ വിഷയത്തിൽ ഉരുത്തിരിയപ്പെട്ട നിഗമനങ്ങൾ എല്ലാം വിരൽ ചൂണ്ടുന്നത്, താപനകാരികളായ ഹരിതഗൃഹവാതകങ്ങളുടെ ഉത്സർജനത്തിൽ അടിയന്തിരമായി ഗണ്യമായ വെട്ടിക്കുറച്ചിൽ വരുത്തുകയെന്ന ഒരേയൊരു പരിഹാരമാർഗ്ഗത്തിലേക്കാണ്.
ഭൂമിയുടെ ആകെ ഉപരിതല വിസ്തീർണത്തിന്റെ ഏകദേശം 10 ശതമാനത്തോളം വരും ഉറഞ്ഞ മണ്ണിടങ്ങൾ (permafrost). ഉത്തരാർദ്ധഗോളത്തിലാണ് ഹിമവും മണലും സമ്മിശ്രമായി നിലകൊള്ളുന്ന ഉറഞ്ഞ മണ്ണ് കൂടുതൽ തോതിൽ കാണപ്പെടുന്നത്. വേനൽ മാസങ്ങളിൽ ഉപരിഭാഗത്തുള്ള മണ്ണിലെ ഹിമാംശം ഏതാനും സെന്റിമീറ്റർ താഴ്ച വരെ ഉരുകുന്നു. അതിനും താഴെയുള്ള ഭാഗങ്ങളിൽ ഹിമം ഉരുകാതെ നിലകൊള്ളുന്നു. താപനം ഏറുമ്പോൾ, ഇപ്രകാരം ഹിമാംശം കലർന്ന ഉറഞ്ഞ മണ്ണ് കടുത്ത ഭീഷണിയാണ് നേരിടുന്നത്. ആഗോള ശരാശരി താപനിലയിലുണ്ടാകുന്ന വർദ്ധനവിനെക്കാൾ ഇരട്ടി വേഗത്തിലാണ് ഭൂമിയുടെ ഉപരിതലതാപനില ഉയരുന്നത്. തന്മൂലം കരഭാഗത്തേയും കരഭാഗത്തേയും സമുദ്രമേഖലയിലെയും സ്ഥിതിഗതികൾ അപ്രതീക്ഷിത വേഗത്തിൽ വ്യതിയാന വിധേയമാവുകയും ചെയ്യുന്നു. വളരെ വിപുലമായ പ്രത്യാഘാത പരമ്പരകൾക്കാണ് ഈ പ്രക്രിയ വഴിവയ്ക്കുന്നത്. കാലാവസ്ഥ, മനുഷ്യജീവിതം ജൈവവൈവിധ്യം തുടങ്ങി ഒരു വിധം എല്ലാ മേഖലകളും തന്നെ ഇത്തരം പ്രത്യാഘാതങ്ങൾ ഏറ്റുവാങ്ങുകയും ചെയ്യുന്നു. ഭൂമിയുടെ ഉത്തരാര്‍ധ ഗോളത്തിലെ നാലിലൊന്നോളം ഭാഗം തണുത്തുറഞ്ഞ അവസ്ഥയിലാണ് – ഏതാണ്ട് 23 ദശലക്ഷം ചതുരശ്ര കിലോമീറ്റര്‍. അന്തരീക്ഷത്തില്‍ വര്‍ധിച്ചു വരുന്ന ഫോസില്‍ ഇന്ധന ഉത്സര്‍ജനങ്ങള്‍, വ്യവസായശാലകളില്‍ നിന്നുള്ള മാലിന്യനിക്ഷേപങ്ങള്‍, വാഹനങ്ങളില്‍നിന്നുള്ള മലിനീകരണം തുടങ്ങിയവ വഴി പൊതുവെ അന്തരീക്ഷത്തിന് ചൂടേറുമ്പോള്‍ അതിന്റെ ചുവട് പിടിച്ച് ആര്‍ട്ടിക്‌ മേഖലയിലെ കാലാവസ്ഥയിലും ചൂടേറിവരികയാണ്. തണുത്തുമരവിച്ച ഉത്തരധ്രുവത്തില്‍ ഇപ്പോള്‍ കുറ്റിച്ചെടികളും ചെറിയ മരങ്ങളും വളരാന്‍ തുടങ്ങിയിരിക്കുന്നു എന്നത് ഇതിന്റെ സൂചനയാണ്. ഹരിതസസ്യങ്ങള്‍ നൈട്രജന്‍ ആഗിരണം ചെയ്യുമെന്നതിനാല്‍ ഇവയുടെ സാന്നിധ്യം മൂലം ആര്‍ട്ടിക് മേഖലയിലെ നൈട്രസ്ഓക്സൈഡ് സാന്ദ്രതയില്‍ കുറവ് ഉണ്ടാകുമെന്നത് മറ്റൊരു വശം. (തുടരും)
(കാലാവസ്ഥ ശാസ്ത്രജ്ഞനും കോളമിസ്റ്റും കാർഷിക സർവകലാശാലയിലെ സൈന്റിഫിക് ഓഫീസറും ആണ് ലേഖകൻ)

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Editorial Desk at metbeatnews.com, This is Team of Meteorologists and Senior Weather Journalist and Experts. Metbeat Weather The Only Pvt. Weather Firm In Kerala Since 2020

Leave a Comment