കൊച്ചിയിലെ വായു ശ്വസിക്കുന്നത് ഒരാൾ മൂന്നര സിഗരറ്റ് വലിക്കുന്നതിന് തുല്ല്യം, മാരക ആരോഗ്യ പ്രശ്നങ്ങൾ, ജനങ്ങൾ അപകടത്തിൽ

വ്യാവസായിക മേഖലകളായ അമ്പലമുകൾ, ഏലൂർ ഭാഗങ്ങളിലാണ് മലിനീകരണം കൂടുതലുള്ളത്. കാറ്റിന്റെ ദിശയില്‍ ഫോർട്ട് കൊച്ചിയിലേക്കും മൂവാറ്റുപുഴ ഭാഗത്തേക്കും മലിന വായു വ്യാപിക്കുന്നുണ്ട്.

Maneesha M.K
2 mins mins read

കൊച്ചിയിലെ വായു ശ്വസിക്കുന്നത് ഒരാൾ മൂന്നര സിഗരറ്റ് വലിക്കുന്നതിന് തുല്ല്യം, മാരക ആരോഗ്യ പ്രശ്നങ്ങൾ, ജനങ്ങൾ അപകടത്തിൽ

വായുമലിനീകരണം കൊച്ചിയെ വല്ലാതെ ദുർബലപ്പെടുത്തിയിരിക്കുന്നു. വായു മലിനീകരണ സൂചിക ഓരോ ദിവസവും അപകടകരമായി ഉയരുകയാണ്. വായു മലിനീകരണ സൂചിക 310 എത്തിയതോടെ ഗുരുതര ആരോഗ്യ ഭീഷണിയും ഉയർന്നു കഴിഞ്ഞു. വായു ഗുണനിലവാര സൂചിക 180 പിന്നിട്ടത് ആശങ്ക വർധിപ്പിച്ചു. അർധരാത്രി 12 മണി മുതൽ പുലർച്ചെ ആറുമണി വരെയാണ് കൊച്ചിയിലെ വായു മലിനീകരണം ഏറ്റവും രൂക്ഷം. 

കൊച്ചിയിലെ വായു ശ്വസിക്കുന്നത് സിഗരറ്റ് വലിക്കുന്നതിന് തുല്ല്യം

വ്യാവസായിക മേഖലകളായ അമ്പലമുകൾ, ഏലൂർ ഭാഗങ്ങളിലാണ് മലിനീകരണം കൂടുതലുള്ളത്. കാറ്റിന്റെ ദിശയില്‍ ഫോർട്ട് കൊച്ചിയിലേക്കും മൂവാറ്റുപുഴ ഭാഗത്തേക്കും മലിന വായു വ്യാപിക്കുന്നുണ്ട്. ഒരു ദിവസം കൊച്ചിയിൽ കഴിയുന്ന ആള്‍ മൂന്നര സിഗരറ്റ് വലിക്കുന്നതിന് തുല്യമായ മലിന വായു ശ്വസിക്കുന്നുവെന്നാണ് കണക്ക്.

ഗുരുതര രോഗങ്ങൾ പിടികൂടും

ആസ്മ, വിഷാദം ഉൾപ്പെടെയുള്ള ശാരീരികവും മാനസികവുമായ ഗുരുതര രോഗങ്ങള്‍ക്ക് ഇത് വഴിവെക്കും. ജില്ലയിലെ എയർ ക്വാളിറ്റി മോണിറ്ററുകൾ പ്രവർത്തനരഹിതമായിട്ട് കാലങ്ങളായി. ഏലൂരിലെ ഏക സ്റ്റേഷനാണ് പ്രവർത്തനക്ഷമമായുള്ളത്. കൂടുതൽ എയർ ക്വാളിറ്റി മോണിറ്ററിംഗ് സ്റ്റേഷനുകൾ സജ്ജമാക്കണമെന്ന ആവശ്യവും ശക്തമാവുകയാണ്. 

ഡൽഹിയിലെ ഈർപ്പം കൊച്ചിയേക്കാൾ കുറവ്

ഇന്ന് ഡൽഹിയിലെ എ.ക്യൂ.ഐ 206 ആണ്. ഡൽഹിയിലെ ഈർപ്പം പക്ഷേ, കൊച്ചിയേക്കാൾ കുറവാണ്. 89 ശതമാനം ഈർപ്പമുള്ള കൊച്ചിയിൽ ഇതിന്റെ ആഘാതം വളരെ കൂടുതലാണെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. എ.ക്യൂ.ഐ 180-200 എന്ന നില വരുമ്പോൾ മനുഷ്യ ശരീരത്തിന് ഏറ്റവും ഭീഷണിയാകുന്നത് വലിയ അളവിൽ പൊടിയും പുകയും അഴുക്കുമെല്ലാം ചേർന്ന് വായുവിൽ തീർക്കുന്ന അതിസൂക്ഷ്മ കണങ്ങളും ധൂളീകണങ്ങളു(എയറോസോളുകൾ)മാണ്. ഈ ധൂളീകണങ്ങൾ വ്യവസായ പ്രവർത്തനങ്ങൾ, വാഹനങ്ങൾ, വീട്ടുമാലിന്യം കത്തിക്കൽ എന്നിവയിൽ നിന്നാണ് പ്രധാനമായും ഉണ്ടാകുന്നത്. ഇവ ശ്വാസകോശത്തിന്റെ സ്വാഭാവിക പ്രതിരോധ സംവിധാനങ്ങളെ മറികടന്ന് നേരിട്ട് രക്തപ്രവാഹത്തിലേക്ക് കടക്കുന്നതാണ് ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്നത്. ഇതിന് സമാനമാണ് കൊച്ചിയിലെ അവസ്ഥയും. വേണ്ട വിധത്തിൽ നടപടിയെടുത്തില്ലെങ്കിൽ വരാൻ പോകുന്നത് ഒരു വലിയ വിപത്താകുമെന്നതിൽ സംശയം വേണ്ട. 

English Summary : Today, Delhi's AQI is 206. However, the humidity in Delhi is lower than that of Kochi. It is pointed out that the impact of this is much greater in Kochi, where the humidity is 89 percent.