ബ്രഹ്മപുരം ഖര മാലിന്യ സംസ്കരണ പ്ലാന്റ് തീപിടിത്തം: മലിനീകരണം കുറയ്ക്കുന്നതിൽ കാലാവസ്ഥ നിർണായകമായെന്ന് പുതിയ പഠനം

കാറ്റിന്റെ ദിശയും മഴയും പോലുള്ള കാലാവസ്ഥാ ഘടകങ്ങൾ മലിനീകരണ ആഘാതം ഭാഗികമായി കുറയ്ക്കാൻ നിർണായകമായിത്തീർന്നതായും പുതിയ ഗവേഷണ പഠനം വ്യക്തമാക്കുന്നു.

Maneesha M.K
3 mins mins read

ബ്രഹ്മപുരം ഖര മാലിന്യ സംസ്കരണ പ്ലാന്റ് തീപിടിത്തം: മലിനീകരണം കുറയ്ക്കുന്നതിൽ കാലാവസ്ഥ നിർണായകമായെന്ന് പുതിയ പഠനം
 

2023 മാർച്ചിൽ കൊച്ചിയിലെ ബ്രഹ്മപുരം ഖര മാലിന്യ സംസ്കരണ പ്ലാന്റിൽ ഉണ്ടായ മാലിന്യകൂമ്പാരത്തിലെ തീപിടിത്തം നഗരത്തിലെ വായു മലിനീകരണം കുത്തനെ ഉയർത്തിയതായും, എന്നാൽ കാറ്റിന്റെ ദിശയും മഴയും പോലുള്ള കാലാവസ്ഥാ ഘടകങ്ങൾ മലിനീകരണ ആഘാതം ഭാഗികമായി കുറയ്ക്കാൻ നിർണായകമായിത്തീർന്നതായും പുതിയ ഗവേഷണ പഠനം വ്യക്തമാക്കുന്നു.

പഠനം അനുസരിച്ച് തീപിടിത്തം രണ്ട് ഘട്ടങ്ങളിലായാണ് ഉണ്ടായത് — മാർച്ച് 4–13 ആദ്യഘട്ടം, മാർച്ച് 19–28 രണ്ടാംഘട്ടം. ആദ്യഘട്ടത്തിൽ, വൈറ്റിലയിലെ സെൻട്രൽ പൊലൂഷൻ കൺട്രോൾ ബോർഡിൻറെ (CPCB) നിരീക്ഷണ കേന്ദ്രത്തിൽ നിന്നുള്ള ഡാറ്റ പ്രകാരം, അന്തരീക്ഷ മലിനീകരണത്തിൽ പ്രധാന പങ്കുവഹിക്കുന്ന PM₂.₅, 152%ഉം; PM₁₀, 175%ഉം; NO₂, 440%ഉം; SO₂ 420%ഉം സാധാരണ നിലയെ അപേക്ഷിച്ച് വർധിച്ചതായി കണ്ടെത്തി. അന്തരീക്ഷത്തിൽ മാലിന്യഘടകങ്ങളുടെ  സാന്ദ്രത കൂടുതലായി നിലനിന്നത് അതിരാവിലെയാണെന്നാണ് പഠനം സൂചിപ്പിക്കുന്നത്. അന്തരീക്ഷം കൂടുതൽ സ്ഥിരതയുള്ള (stable) അവസ്ഥയിൽ ആയതിനാൽ വായുവിന്റെ മിശ്രണവും വ്യാപനവും കുറയുകയും, അതിനാൽ പൊടിപടലങ്ങൾ അന്തരീക്ഷത്തിന്റെ താഴെത്തട്ടിൽ തന്നെ കുടുങ്ങി (pollutant trapping) സാന്ദ്രത ഉയർ‍ന്നതായും പഠനം വ്യക്തമാക്കുന്നു. 

1768466566W.webp  1 a ദക്ഷിണേന്ത്യയുടെ ലൊക്കേഷൻ മാപ്പ്, കൊച്ചി ഹൈലൈറ്റ് ചെയ്തുകൊണ്ട്, അതിൽ ബ്രഹ്മപുരം മുനിസിപ്പൽ ഖരമാലിന്യ സംസ്കരണ പ്ലാന്റ് (BMSWTP), വൈറ്റിലയിലെ സെൻട്രൽ പൊല്യൂഷൻ കൺട്രോൾ ബോർഡ് (CPCB) സൈറ്റ്, അഡ്വാൻസ്ഡ് സെന്റർ ഫോർ അറ്റ്മോസ്ഫെറിക് റഡാർ റിസർച്ച് (ACARR-CUSAT) എന്നിവ അടയാളപ്പെടുത്തിയിരിക്കുന്നു.

ആദ്യഘട്ടത്തിൽ കിഴക്കിൽ നിന്ന് പടിഞ്ഞാറോട്ടായി (easterly) അധികമായി വീശിയ കാറ്റ് കാരണം പൊടിപടലങ്ങളും വിഷാംശമുള്ള വാതകങ്ങളും നഗരപ്രദേശങ്ങളിൽ നിന്ന് മാറി കിഴക്കൻ അറബിക്കടലിന്റെ ഭാഗത്തേക്ക്  സഞ്ചരിച്ചത് നഗര പ്രദേശങ്ങളിലെ തീവ്രത കുറയാൻ സഹായിച്ചു. തുടർന്നുള്ള ദിവസങ്ങളിൽ ഉണ്ടായ മഴ കൂടി ലഭിച്ചതോടെ കൂടുതൽ ആശ്വാസം ഉണ്ടായി. മാസത്തിന്റെ മധ്യഭാഗത്ത് തുടർച്ചയായി ഉണ്ടായ മഴപ്പെയ്ത്തുകൾ മലിനീകരങ്ങൾ വെറ്റ് ഡെപ്പോസിഷൻ (wet deposition) വഴി കഴുകിക്കളഞ്ഞു (scavenge) വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തി അന്തരീക്ഷം അമിതമായി മലിനീകരിക്കപ്പെടാതെ നിലനിന്നതിനു പ്രധാന കാരണമായി.
 
കാറ്റിന്റെ സ്വാധീനത്തിൽ പൊലുടന്റ്സ് കടലിലേക്കു പടർന്നപ്പോൾ തെക്കുകിഴക്കൻ അറബിക്കടൽ ഭാഗത്ത് ക്ലോറോഫിൽ-a (Chl-a) അസാധാരണമായി വർധിച്ചതായി പഠനം റിപ്പോർട്ട് ചെയ്യുന്നു. സാധാരണയായി അപ്‌വെല്ലിംഗ് മൂലം ഇത്തരമൊരു വർധനവ് വരാമെങ്കിലും ഈ കാലയളവിൽ SST (കടൽതല താപനില) സാധാരണയേക്കാൾ ഉയർന്ന തോതിൽ രേഖപ്പെടുത്തിയതിനാൽ അപ്‌വെല്ലിംഗ് ഇല്ലാതെ തന്നെ തീപിടിത്തത്തിൽ നിന്നുള്ള കണികകളുടെ നിക്ഷേപം വഴി സമുദ്ര ഉൽപാദനത്തിൽ മാറ്റം വന്നിരിക്കാം എന്നതാണ് ഗവേഷകരുടെ വിലയിരുത്തൽ. 

ഡയോകസിൻ പരിഭ്രാന്തി സൃഷ്‌ടിച്ചു

ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിലുണ്ടായ തീപിടിത്തം വിഷാംശമുള്ള ഡയോക്സിൻ വലിയ അളവിൽ അന്തരീക്ഷത്തിൽ വ്യാപിക്കാൻ കാരണമാകുമെന്ന ആശങ്ക ശക്തമായിരുന്നു. കൊച്ചി നഗരത്തിലെയും ചുറ്റുവട്ടത്തെയും ജനജീവിതത്തെ എങ്ങനെയാവും ഇത് ബാധിക്കാൻ പോകുന്നത്. വരുംതലമുറകളിലേക്ക്  ഇത് എങ്ങനെയാകും കൈമാറ്റം ചെയ്യപ്പെടുക? എന്നീ ചോദ്യങ്ങളും നിലനിന്നു. 

1768466668W.webp  ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീയണയ്ക്കാൻ ശ്രമിക്കുന്ന ഫയർഫോഴ്സ്. Photo Credit: the hindu

മാലിന്യ സംസ്കരണ സമയത്തും ഖര മാലിന്യങ്ങൾ കത്തുമ്പോഴും മറ്റും പുറത്തുവരുന്ന മാരകമായ ഓർ​ഗാനിക് സംയുക്തങ്ങളുടെ കൂട്ടമാണ് ഡയോക്സിനുകൾ. മണ്ണിലും മറ്റും കലരുന്ന ഡയോകസിൻ ദീർഘകാലം നിലനിൽക്കും. എന്നാൽ പുതിയ പഠന പ്രകാരം ഇത്തരം പേടികൾക്ക് ആശ്വാസമായിരിക്കുകയാണ്. 

2023 മാർച്ച് 2-നാണ് പ്ലാൻറിൽ പ്ലാസ്റ്റിക് മലയ്ക്ക് തീപിടിച്ചത്. പ്ലാൻറിന് പടിഞ്ഞാറു ഭാഗത്ത് ഒറ്റപ്പെട്ട പ്ലാസ്റ്റിക് മലയിൽ പിടിച്ച തീ പിറ്റേ ദിവസം വൈകീട്ട് കിഴക്കുഭാഗത്തുള്ള മാലിന്യ മലകളിലേക്ക് ആളിപ്പടരുകയായിരുന്നു. 13 ദിവസത്തിനു ശേഷമാണ് തീ ശമിച്ചത്. ബ്രഹ്മപുരത്തെ കൂടാതെ തൃപ്പൂണിത്തുറ, തൃക്കാക്കര, കൊച്ചി നഗരവാസികളെയും ജില്ലയിലെ മറ്റു പല പ്രദേശങ്ങളെയും ആലപ്പുഴ ജില്ലയുടെ അരൂർ വരെയും ദിവസങ്ങളോളം പുക ബാധിച്ചു. നൂറു കണക്കിനുപേർ പുക ശ്വസിച്ച് ചികിത്സ തേടി. 

ജാഗ്രത കൂടി വികസനം വന്നു

പത്തു വർഷത്തിനിടെ നിരവധി തീപ്പിടിത്തങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും 2023-ലെ തീപ്പിടിത്തത്തോടെ ജാഗ്രതയേറി. തീപ്പിടിത്തം ആവർത്തിക്കാതിരിക്കാനും പ്ലാൻറ് പ്രവർത്തനം മെച്ചപ്പെടുത്താനും അധികൃതർ നടപടിയെടുത്തു. ഒരു വർഷം പിന്നിട്ടപ്പോൾ നിരവധി സൗകര്യങ്ങൾ ബ്രഹ്മപുരത്ത് ഒരുക്കി. പൊട്ടിപ്പൊളിഞ്ഞ പ്രധാന റോഡിനു പകരം നവീകരിച്ച പുതിയ റോഡ് വന്നു. സെക്ടറുകളായി തിരിച്ച പ്ലാസ്റ്റിക് മലകൾക്കിടയിലൂടെ തീ പ്പിടിത്തമുണ്ടായാൽ ഫയർ എൻജിനുകൾക്ക് പോകാൻ കഴിയും വിധം കുറേ ഭാഗങ്ങളിൽ വഴികൾ ഉണ്ടാക്കി. 

മാലിന്യമലകൾ കാണാൻ കഴിയുംവിധം വാച്ച് ടവർ സജ്ജീകരിച്ചു. 250-ഓളം ലോഡ് ബയോമൈനിങ് വേസ്റ്റുകൾ തമിഴ്നാട്ടിലേക്കും കർണാടകയിലേക്കും കയറ്റിയയച്ചു. 9 ക്യാമറകളും ബയോമൈനിങ്ങുമായി ബന്ധപ്പെട്ട 12 ക്യാമറകളും ഉൾപ്പെടെ 21 ക്യാമറകൾ സജ്ജമാക്കി. 25 ഫയർ വാച്ചർമാരെ നിയോഗിച്ചു. വേനൽച്ചൂട് കണക്കിലെടുത്ത് പ്ലാസ്റ്റിക് മലകൾ വെള്ളം നനയ്ക്കുന്നതിനായി അഞ്ച് ടീമുകൾ പ്രവർത്തിക്കുന്നുണ്ട്. രാവിലെ ഇവർ മലകൾ നനച്ചിടുന്നു, തീപ്പിടിത്തമുണ്ടായാൽ നനയ്ക്കാനായി നിലവിലുള്ള മൂന്ന് ഹൈഡ്രന്റുകൾ പ്രവർത്തന സജ്ജമാക്കി. 

English Summary : Continuous rainfall in the middle of the month was a major factor in the improvement of air quality by scavenging pollutants through wet deposition, thus keeping the atmosphere free from excessive pollution.