ബഹ്‌റൈനിൽ ഞണ്ട് പിടുത്തത്തിന് രണ്ട് മാസത്തെ നിരോധനം; നാളെ മുതൽ പ്രാബല്യത്തിൽ
ബഹ്‌റൈന്റെ പ്രാദേശിക സമുദ്രാതിർത്തിയിൽ ഞണ്ട് പിടിക്കുന്നതിനുള്ള രണ്ട് മാസത്തെ നിരോധനം നാളെ (മാർച്ച് 15) മുതൽ പ്രാബല്യത്തിൽ വരും. രാജ്യത്തെ സമുദ്ര വിഭവങ്ങളെ സംരക്ഷിക്കുകയും അവയുടെ സുസ്ഥിര ഉപയോഗം ഉറപ്പാക്കുകയും ചെയ്യുന്നതിനായാണ് ഈ നടപടി സ്വീകരിച്ചിരിക്കുന്നത്.
രാജ്യത്തെ പരിസ്ഥിതി സംരക്ഷണത്തിന് മേൽനോട്ടം വഹിക്കുന്ന സുപ്രീം കൗൺസിൽ ഫോർ എൻവയോൺമെന്റ് പുറത്തിറക്കിയ ഉത്തരവനുസരിച്ച് മാർച്ച് 15 മുതൽ മേയ് 15 വരെ ബഹ്‌റൈന്റെ സമുദ്രപരിധിയിൽ ഞണ്ട് പിടിത്തം പൂർണമായും നിരോധിച്ചിരിക്കുകയാണ്. ഈ കാലയളവിൽ ഞണ്ടുകളെ പിടിക്കുകയോ വിൽക്കുകയോ കൈവശം വയ്ക്കുകയോ ചെയ്യുന്നത് നിയമലംഘനമായി കണക്കാക്കും.
ഞണ്ടുകളുടെ പ്രധാന പ്രജനനകാലം ഈ മാസങ്ങളിലാണെന്ന് വിദഗ്ധർ വ്യക്തമാക്കുന്നു. ഈ സമയത്ത് പിടിത്തം അനുവദിച്ചാൽ ഞണ്ടുകളുടെ സ്വാഭാവിക വർധനവിന് വലിയ തിരിച്ചടിയുണ്ടാകുമെന്നും, അതോടെ കടൽജീവജാലങ്ങളുടെയും മത്സ്യസമ്പത്തിന്റെയും സന്തുലിതാവസ്ഥ ബാധിക്കുമെന്നും അധികൃതർ അറിയിച്ചു. അതിനാൽ സമുദ്രപരിസ്ഥിതി സംരക്ഷണത്തിനും ഭാവിയിലെ മത്സ്യബന്ധന മേഖലയെ നിലനിർത്തുന്നതിനും വേണ്ടിയാണ് ഈ കാലാവധിയിലുള്ള നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.
മത്സ്യബന്ധനത്തിനിടെ അബദ്ധത്തിൽ ഞണ്ടുകൾ വലയിൽ കുടുങ്ങുകയാണെങ്കിൽ അവയെ പരിക്കേൽപ്പിക്കാതെ ഉടൻ തന്നെ കടലിലേക്ക് തിരികെ വിടണമെന്നും അധികൃതർ നിർദേശിച്ചു. നിയമം ലംഘിച്ച് ഞണ്ടുകളെ പിടിക്കുകയോ വ്യാപാരം നടത്തുകയോ ചെയ്യുന്നവർക്ക് കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
രാജ്യത്തിന്റെ സമുദ്രസമ്പത്ത് സംരക്ഷിക്കാൻ മത്സ്യത്തൊഴിലാളികളും ബന്ധപ്പെട്ടവരും ഈ തീരുമാനവുമായി പൂർണമായും സഹകരിക്കണമെന്ന് സുപ്രീം കൗൺസിൽ ഫോർ എൻവയോൺമെന്റ് അഭ്യർഥിച്ചു. സമുദ്രജീവജാലങ്ങളുടെ സംരക്ഷണത്തിനും സുസ്ഥിര മത്സ്യബന്ധനത്തിനും ഇത്തരം നടപടികൾ അത്യാവശ്യമാണെന്നും അധികൃതർ കൂട്ടിച്ചേർത്തു.
English Summary : Bahrain’s Supreme Council for Environment (SCE) has officially declared a two-month ban on crab fishing in the Kingdom’s territorial waters, effective from March 15 to May 15. This strategic move aims to protect marine resources and ensure the sustainability of the local ecosystem.