വായുമലിനീകരണം ഇന്ത്യക്കാരുടെ കീശ കീറി, ഡിസംബറിൽ വിറ്റത് 1950 കോടി രൂപയുടെ മരുന്നുകൾ

അലർജിക്കും ആസ്തമക്കും ചുമയ്ക്കും പനിക്കും അടക്കം ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്കുള്ള മരുന്ന് വിൽപനയിൽ രാജ്യം ​ചരിത്രം കുറിച്ചിരിക്കുകയാണ്. ഡിസംബറിൽ 1950 കോടി രൂപയുടെ ശ്വാസകോശ സംബന്ധ മരുന്നുകളാണ് വിറ്റത്.

Maneesha M.K
2 mins mins read

വായുമലിനീകരണം ഇന്ത്യക്കാരുടെ കീശ കീറി, ഡിസംബറിൽ വിറ്റത് 1950 കോടി രൂപയുടെ മരുന്നുകൾ

ഈ വർഷത്തെ തണുപ്പ് ജനങ്ങൾക്ക് എല്ലാതരത്തിലും തിരിച്ചടിയായെന്നു തന്നെ പറയാം. ഒപ്പം വായു മലിനീകരണവും. ജനങ്ങൾക്ക് താങ്ങാൻ കഴിയാത്ത വിധം വായു മലിനീകരണം കുതിച്ചുയർന്നു. ഇതോടെ  മെഡിക്കൽ ബിൽ ഇന്ത്യക്കാരുടെ കീശകീറുകയാണെന്ന് പുതിയ റിപ്പോർട്ട്. അലർജിക്കും ആസ്തമക്കും ചുമയ്ക്കും പനിക്കും അടക്കം ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്കുള്ള മരുന്ന് വിൽപനയിൽ രാജ്യം ​ചരിത്രം കുറിച്ചിരിക്കുകയാണ്. ഡിസംബറിൽ 1950 കോടി രൂപയുടെ ശ്വാസകോശ സംബന്ധ മരുന്നുകളാണ് വിറ്റത്. ഇതാദ്യമായാണ് ഒരു മാസം ഇത്രയും അധികം റെസ്പിറേറ്ററി മരുന്നുകൾ വിൽക്കുന്നത്. 2024 ഡിസംബർ മാസത്തേക്കാൾ 10 ശതമാനം അധികമാണ് 2025 ലെ വിൽപന. 2023 ലെ കണക്കുകൾ പരിശോധിച്ചാൽ 18 ശതമാനം അധികം വിൽപന നടന്നതായും ഫാർമറാക്ക് പുറത്തുവിട്ട റിപ്പോർട്ട് വ്യക്തമാക്കുന്നു. വായു മലിനീകരണവുമായി ബന്ധപ്പെട്ട അസുഖങ്ങളും അതിനുള്ള മരുന്നുകളുടെ വിൽപനയും ഓരോ വർഷവും തുടർച്ചയായി വർധിക്കുന്നുവെന്നാണ് റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നത്.

3500 കോടിയോളം രൂപ ചെലവഴിച്ചത് ആസ്തമക്കും സി.ഒ.പി.ഡി ചികിത്സക്കും

സാധാരണ വായു മലിനീകരണം ഏറ്റവും ഉയർന്ന നിലയിലെത്തുന്ന സീസണാണ് ഒക്ടോബർ-ഡിസംബർ. 2023 ലെ ഈ കാലയളവിൽ റെസ്പിറേറ്ററി മരുന്ന് വിൽപന എട്ട് ശതമാനവും 2024ലെ കാലയളവിൽ 14 ശതമാനവുമായിരുന്നു. 2024ലെ കാലയളവിൽ ശ്വാസകോശ തെറാപികളുടെ വിൽപന 5620 കോടി രൂപ കടന്നു. അതായത് 2023 കാലയളവിലെ വിൽപനയിൽനിന്ന് 17 ശതമാനം അധികം. ഇതിൽ 3500 കോടിയോളം രൂപ ചെലവഴിച്ചത് ആസ്തമക്കും ക്രോണിക് ഒബ്‌സ്ട്രക്ടീവ് പൾമണറി ഡിസീസിനുമുള്ള ചികിത്സക്ക് വേണ്ടിയാണ്. വായു മലിനീകരണം കാരണം അനുഭവപ്പെടുന്ന വിട്ടുമാറാത്ത ചുമയും ശ്വാസംമുട്ടുമാണ് സി.ഒ.പി.ഡി. 

തൊട്ടുമുന്നിലുള്ളത് അമിത വണ്ണം കുറക്കുന്നതിനുള്ള മൗൻജാരോ

ശൈത്യകാലത്ത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റുപോയ മരുന്നുകളിൽ ഒന്ന് ആസ്തമക്കും ശ്വാസംമുട്ടിനുമുള്ള ഫൊറകോർട്ടാണ്. ഡിസംബറിൽ 90 കോടി രൂപയുടെ വിൽപന നടന്നതോടെ ​ഫൊറകോർട്ട് രണ്ടാം സ്ഥാനത്ത് ഇടംപിടിച്ചു. അമിത വണ്ണം കുറക്കുന്നതിനുള്ള മൗൻജാരോയാണ് തൊട്ടുമുന്നിലുള്ളത്. മഞ്ഞും പുകയും പൊടിയും നിറഞ്ഞ് വായു ഗുണനിലവാരം കുത്തനെ കുറയുന്നതാണ് കഫക്കെട്ടിനും ജലദോഷത്തിനും ഇടയാക്കുന്നത്. ഇന്ന് ഈ അസുഖമാണ് സാധാരണക്കാർക്ക് വില്ലനായി തീർന്നിരിക്കുന്നത്. 

English Summary : One of the best-selling medicines in India during the winter season is Foracort for asthma and wheezing.