താപനിലയിലെ വർധനവും രണ്ടാം വിള കൃഷിയും

കൃഷി ഇനി കാലാവസ്ഥക്ക് അനുസരിച്ചാകാം – 2

ഡോ. ഗോപകുമാർ ചോലയിൽ
അന്തരീക്ഷ താപനിലയിൽ ഉണ്ടാകുന്ന വർധവ് നേരിട്ട് ബാധിക്കുന്നത് രണ്ടാംവിള കൃഷിയെയാണ്. താപനിലയിലുണ്ടാകുന്ന ഒരു ഡിഗ്രി സെന്റിഗ്രേഡ് വർധനവ് ഗോതമ്പുത്പാദനത്തിൽ നാല് മുതൽ അഞ്ച് ദശലക്ഷം ടൺ വരെ കുറയാൻ കാരണമാകുന്നു. ഓരോതരം വിളകളിലും സമ്മിശ്ര പ്രതികരണമാണ് കാലാവസ്ഥ മാറ്റം വഴി പ്രകടമാകുന്നത്. മഴയുടെ ലഭ്യതക്കനുസരിച്ച് ജലലഭ്യത കൂടുകയോ കുറയുകയോ ചെയ്യാം. താപനിലാ വർധനവ് ആഗോളതലത്തിലും പ്രാദേശിക തലത്തിലും വർധിച്ചു വരുന്ന ഭക്ഷ്യാവശ്യം നിറവേറ്റുന്നതിനും ആവശ്യമായ ഭക്ഷ്യസുരക്ഷ കൈവരിക്കുന്നതിനും വെല്ലുവിളി ഉയർത്തുന്നുണ്ട്.
കേരളത്തിലെ പ്രകൃതിജന്യ സസ്യജാലങ്ങൾ ആർദ്രോഷണ മേഖലാ കാലാവസ്ഥക്ക് അനുയോജ്യമായ പ്രകൃതത്തോട് കൂടിയവയാണ്. സമൃദ്ധമായ സൂര്യപ്രകാശം, ഉയർന്ന ആപേക്ഷിക ആർദ്രത കേരളത്തിലെ പ്രകൃതിജന്യ സസ്യജാലങ്ങൾ ആർദ്രോഷണ മേഖലാ കാലാവസ്ഥക്ക് അനുയോജ്യമായ പ്രകൃതത്തോട് കൂടിയവയാണ്. സമൃദ്ധമായ സൂര്യപ്രകശം, ഉയർന്ന ആപേക്ഷിക ആർദ്രത, ഉയർന്ന അന്തരീക്ഷ ഊഷ്മാവ്, കനത്ത വർഷപാതം എന്നിവ ആർദ്രോഷണ മേഖലാ പ്രദേശങ്ങളുടെ പ്രത്യേകതയാണ്. ഈ പ്രദേശത്തെ തനതു സസ്യജാലങ്ങളായ റബ്ബർ, കാപ്പി, കൊക്കോ, വാഴ, കരിമ്പ്, നെല്ല് എന്നിവ ഇവിടെ സമൃദ്ധമായി കൃഷി ചെയ്യാം. കേരളത്തെ പോലെ യഥേഷ്ടം ജലം ലഭിക്കുന്ന ആർദ്രോഷ്ണ പ്രദേശങ്ങളിൽ മേൽപറഞ്ഞ വിളകളെ കൂടാതെ തെങ്ങ്, കവുങ്ങ്, കുരുമുളക്, തുടങ്ങിയ വിളകളും സമൃദ്ധമായി വളരുന്നു. കേരളത്തിന്റെ പ്രകൃതിക്കനുസരിച്ച് വിളവിന്യാസവും വ്യത്യാസപ്പെട്ടിരിക്കുന്നു.
സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം, അന്തരീക്ഷ താപനിലയിലെ ഏറ്റക്കുറച്ചിലുകൾ, എന്നിവയനുസരിച്ച് വിവിധ സ്ഥലങ്ങളിൽ കൃഷി ചെയ്യുന്ന വിളകളിൽ വ്യത്യസമുണ്ട്. ഉയർന്ന താപനിലയോട് ആഭിമുഖ്യം പ്രകടിപ്പിക്കുന്ന വിളകളാണ് തെങ്ങ്, നെല്ല്, കശുമാവ് എന്നിവ. കേരളത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ ( സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 7.5 മീറ്റർ ഉയരം വരെ) കൃഷിചെയ്യാൻ പറ്റിയ വിളകളാണിവ. മിതോഷ്ണം അനുഭവപ്പെടുന്ന ഇടനാട് പ്രദേശങ്ങളിലും (7.5 മീറ്റർ മുതൽ 75 മീറ്റർ വരെ ) തെങ്ങ്, കവുങ്ങ്, റബ്ബർ, കശുമാവ്, കുരുമുളക്, എന്നീ വിളകൾ സമൃദ്ധമായി കൃഷി ചെയ്യുന്നു. എന്നാൽ, മിതമായ അന്തരീക്ഷ ഊഷ്മാവിനോട് പ്രതിപത്തിയുള്ള വിളകൾ താരതമ്യേന ഉയരമുള്ള പ്രദേശങ്ങളിലാണ് കൃഷി ചെയ്യുന്നത്. ഈ പ്രദേശങ്ങളിൽ (75 മീറ്റർ മുതൽ 700 മീറ്റർ വരെ ഉയരം ) പൊതുവെ താപനില മിതമായതോ കുറവോ ആയിരിക്കും. ഉയരം കൂടുന്നതിനനുസരിച്ച് ഇത്തരം പ്രദേശങ്ങളിൽ അന്തരീക്ഷ താപനില കുറയുന്നു.

റബ്ബർ, തേയില, കാപ്പി, കുരുമുളക്, തെങ്ങ്, എന്നീ വിളകൾക്ക് അനുയോജ്യമായ പ്രദേശമാണിത്. എന്നാൽ, ഹൈറേഞ്ചിൽ (700 മീറ്ററിൽ കൂടുതൽ ഉയരം) പൊതുവെ താഴ്ന്ന താപനിലയോട് പ്രതിപാതിയുള്ള ഏലം, കാപ്പി, തേയില തുടങ്ങിയ വിളകളാണ് കൃഷി ചെയ്യുന്നത്. ഓരോ സസ്യവും പ്രത്യേകമായ ഓരോ കാലാവസ്ഥയിൽ വളരുന്നവയാണ്. കാലാവസ്ഥക്കനുസരിച്ച് മാത്രം കൃഷി ചെയ്യുന്ന കാലിക വിളകളുമുണ്ട്. സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം മിക്കപ്പോഴും കാലാവസ്ഥയിൽ മാറ്റം വരുത്തുകയും അതനുസരിച്ച് തനത് സസ്യജാലങ്ങൾക്ക് മാറ്റം വരുകയും ചെയ്യുന്നു. ധാരാളം മഴലഭിക്കുന്ന ഇടങ്ങൾ നിബിഡ വനപ്രദേശങ്ങളാണ്. മഴ കുറഞ്ഞ് വരുംതോറും പുൽപ്രദേശങ്ങൾ, കുറ്റിച്ചെടികൾ, മരുഭൂമികൾ എന്നിവയിലേക്ക് ക്രമേണ പ്രകൃതമാറ്റം കാണപ്പെടുന്നു. (തുടരും)

(കാലാവസ്ഥാ ഗവേഷകനും കാലാവസ്ഥാ കോളമിസ്റ്റുമാണ് ലേഖകൻ)

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Editorial Desk at metbeatnews.com, This is Team of Meteorologists and Senior Weather Journalist and Experts. Metbeat Weather The Only Pvt. Weather Firm In Kerala Since 2020

Leave a Comment