കാലാവസ്ഥാ മാറ്റവും കാർഷിക വിളകളും

കൃഷി ഇനി കാലാവസ്ഥയ്ക്ക് അനുസരിച്ചാകാം -3

ഡോ. ഗോപകുമാർ ചോലയിൽ
ആർദ്രോഷ്ണ മേഖലയിൽ സ്ഥിതി ചെയ്യുന്ന കേരളത്തിൽ പ്രധാനമായും രണ്ട് മഴക്കാലങ്ങളാണുള്ളത്. കാലവർഷവും തുലാവർഷവും. കേരളത്തിന്റെ ദക്ഷിണ ജില്ലകളിൽ വ്യക്തമായ രണ്ട് മഴക്കാലങ്ങൾ അനുഭവപ്പെടുമ്പോൾ ഉത്തര കേരളത്തിൽ പ്രധാനമായും ഒരു മഴക്കാലം (കാലവർഷം) മാത്രമാണ് ലഭിക്കുന്നത്. മികച്ച നാളികേരോത്പാദനത്തിന് പ്രതിസന്ധി സൃഷ്ട്ടിക്കുന്ന വേരുചീയൽ രോഗത്തിന്റെ സാന്നിധ്യമുണ്ടായിട്ടുകൂടി ദക്ഷിണ ജില്ലകളിൽ നിന്നുള്ള നാളികേരോത്പാദനം, ദൈർഘ്യമേറിയ വരൾച്ചാ വേളകൾ അനുഭവപ്പെടുന്ന വടക്കൻ ജില്ലകളെ അപേക്ഷിച്ച് കൂടുതലാണ്. കനത്ത മഴമൂലം ഉണ്ടാകുന്ന വെള്ളക്കെട്ട് നെൽകൃഷിക്ക് ഹാനികരമാണ്. എന്നാൽ, തോട്ടവിളകൾക്കാവട്ടെ, വേനൽ മാസങ്ങളിൽ ഇടമഴ ലഭിക്കാത്ത സാഹചര്യങ്ങളിൽ നീണ്ടുനിൽക്കുന്ന വരൾച്ച ഉൽപാദനത്തിൽ ഗണ്യമായ ഇടിവ് സൃഷ്ടിക്കുന്നു. 1983, 2004, 2013, 2016 വർഷങ്ങളിൽ സംസ്ഥാനത്ത് വേനലിൽ അനുഭവപ്പെട്ട നീണ്ട വരൾച്ച മൂലം തോട്ടവിളകളിൽ നിന്നുള്ള ഉല്പാദനം ഗണ്യമായി കുറഞ്ഞു. തന്മൂലം സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെ വലിയൊരളവോളം പ്രതികൂലമായി ബാധിക്കുകയും ചെയ്തു.
സംസ്ഥാനത്തെ തണ്ണീർത്തടങ്ങൾ മഴക്കാലത്ത് ജലസംഭരണികളായും വേനൽ മാസങ്ങളിൽ ജലസ്രോതസ്സുകളായും വർത്തിക്കുന്നവയാണ്. എന്നാൽ, കേരളത്തിലെ തണ്ണീർത്തടങ്ങളുടെ ആകെ വിസ്തൃതി അതിദ്രുതം കുറഞ്ഞുവരികയാണ്. ഇവ മണ്ണിട്ട് നിരപ്പാക്കി കാർഷികേതര ആവശ്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കുന്ന പ്രവണതയേറിവരുന്നു. സംസ്ഥാനത്ത് സമീപ വർഷങ്ങളിൽ മഴക്കാലത്ത് വെള്ളപ്പൊക്കം സർവസാധാരണമാവുന്നതിനും വേനലിലെ രൂക്ഷമായ ജലക്ഷാമത്തിനും ഒരു കാരണം തണ്ണീർത്തടങ്ങൾ നികത്തുന്നതാണ്.
മൺസൂണിന്റെ ആരംഭത്തിലും മഴയുടെ വ്യാപനത്തിലും സമീപവർഷങ്ങളിൽ ക്രമരാഹിത്യം അനുഭവപ്പെടുന്നതായി കാണുന്നു. കാലവർഷം തുടർച്ചയായി ക്രമം തെറ്റുന്നതും, മഴക്കാലത്തിനിടക്ക് ദീർഘമായ ഇടവേളകൾ അനുഭവപ്പെടുന്നതും മൂലം സംസ്ഥാനത്തെ പ്രധാനപ്പെട്ട ജലസംഭരണികളിലെ ജലനിരപ്പ് താഴുകയും ജലവൈദ്യുതി ഉല്പാദനം അനിശ്ചിതത്വത്തിലാകുകയും ചെയ്യുന്നു. വിവിധ വിളകളുടെ കൃഷിയിട വിസ്തൃതിയിലും സമീപ വർഷങ്ങളിൽ മാറ്റങ്ങൾ കാണപ്പെടുന്നു. നെല്ലിന്റെയും കശുമാവിന്റെയും കൃഷിയിട വിസ്തൃതി കുറഞ്ഞു വരുമ്പോൾ തെങ്ങ്, റബ്ബർ ,എന്നിവയുടെ വിസ്തൃതി കൂടുന്നതായിട്ടാണ് കാണപ്പെടുന്നത്. വാനിലയും കൊക്കോയും തുടക്കത്തിൽ ആവേശത്തോടെ കൃഷി ചെയ്യാൻ തുടങ്ങിയെങ്കിലും വിപണിയിലെ അനിശ്ചിതത്വം മൂലം വാനിലക്കൃഷിക്ക് പിടിച്ചുനിൽക്കാനായില്ല. കൊക്കോ കൃഷിയിടവിസ്തൃതിയും കുറഞ്ഞു വരികയാണ്. കുരുമുളകിൻ തോപ്പുകളുടെ വിസ്തൃതി ഇടക്കാലത്ത് വർദ്ധിച്ചു വന്നിരുന്നത് ഇപ്പോൾ കുറയുന്നതായി കാണുന്നു. വയനാട്ടിലെ നെല്പാടങ്ങൾ ഇന്ന് കവുങ്ങിൻ തോപ്പുകളും വാഴത്തോട്ടങ്ങളുമായി രൂപാന്തരം പ്രാപിച്ചു. കാലാവസ്ഥാപരവും, സാമൂഹികവും, സാമ്പത്തികവുമായ കാരണങ്ങളാൽ സംസ്ഥാനത്തെ ഭക്ഷ്യവിളകളുടെ സൂചിക കുറഞ്ഞ് വരികയും ഭക്ഷ്യേതര വിളകളുടേത് വര്ധിച്ചുവരികയുമാണ്. മഴക്കുറവ്, അന്തരീക്ഷ താപനിലാ വർദ്ധനവ്, കര, കടൽ, തണ്ണീർത്തടങ്ങൾ എന്നിവയിലെ ജൈവവൈവിധ്യ ശോഷണം, സമുദ്രനിരപ്പ് ഉയരൽ, വരൾച്ച, വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ, ഭൂഗർഭജല ശോഷണം, ഒരുവെള്ളക്കയറ്റം, വനവിസ്തൃതിയിലെ കുറവ്, കാട്ടുതീ, അസ്വാഭാവിക വേനൽ മഴ, ആലിപ്പഴം വീഴ്ച, തുടങ്ങിയ തീക്ഷ്ണകാലാവസ്ഥാ സാഹചര്യങ്ങൾ സമീപകാലത്തായി ഉണ്ടാകുന്നത് സംസ്ഥാനത്തെ കാര്ഷിക മേഖലയെയാണ് ഏറ്റവും കൂടുതൽ പിടിച്ചുലച്ചത്. പൊതുവെ, ആർദ്രോഷണ പ്രദേശങ്ങളിലെ കാർഷിക മേഖലകൾ കാലാവസ്ഥാ വ്യതിയാനം സൃഷ്ടിക്കുന്ന പ്രതിസന്ധികൾക്ക് കൂടുതൽ വിധേയമാകുന്നുണ്ട് എന്നത് യാഥാർഥ്യമാണ്. ഉത്പാദനം, ഉല്പാദനക്ഷമത എന്നിവയിലുണ്ടാകുന്ന ശോഷണം ഇതിന്റെ പ്രതിഫലനമാണ്. ആർദ്രോഷണ മേഖലയിൽ സ്ഥിതിചെയ്യുന്ന കേരളത്തിൽ വളരുന്ന വിവിധയിനം കാർഷിക വിളകൾ കാലാവസ്ഥാ വ്യതിയാന കാലഘട്ടത്തിൽ നേരിടുന്ന, നേരിടാവുന്ന പ്രതിസന്ധികൾ ലഘുവായി വിവരിക്കുന്നു. (തുടരും)

(കാലാവസ്ഥാ ഗവേഷകനും കാലാവസ്ഥാ കോളമിസ്റ്റുമാണ് ലേഖകൻ)


There is no ads to display, Please add some
Share this post

It is the editorial division of Metbeat Weather, the only private weather agency in Kerala. The desk consists of expert meteorologists and Senior Journalists. It has been operational since 2020.

Leave a Comment