ഇരു കടലിലും ന്യൂനമർദ്ദ സാധ്യത ; കേരളത്തിൽ മഴ ജാഗ്രത വേണ്ടിവരും
തെക്കു പടിഞ്ഞാറൻ മൺസൂൺ (കാലവർഷം) അറബിക്കടലിലേക്ക് പ്രവേശിക്കുന്നതിന്റെ ഭാഗമായി ഇന്നലെ മാലദ്വീപിൽ എത്തി. തുടർന്നുള്ള ദിവസങ്ങളിൽ കാലവർഷം ലക്ഷദ്വീപ്, ശ്രീലങ്ക, കന്യാകുമാരി കടൽ വഴി കേരളത്തിലേക്ക് പ്രവേശിക്കാൻ തയ്യാറെടുക്കും. ബംഗാൾ ഉൾക്കടലിലും കാലവർഷം സജീവമായ സാന്നിധ്യം അറിയിക്കുന്നുണ്ട്. തെക്കൻ ബംഗാൾ ഉൾക്കടലിൽ കാലവർഷം സജീവമാണ്.

കേരളത്തിൽ ഈ മാസം 25ന് ശേഷം കാലവർഷം എത്താനാണ് സാധ്യത. അതിനുമുമ്പായി പലയിടത്തും ശക്തമായ മഴ ലഭിക്കും. കിഴക്കൻ മലയോര മേഖലകളിൽ ഇടിയോടുകൂടി ശക്തമായ മഴയും ഇതേതുടർന്ന അരുവികളിലും മറ്റും മലവെള്ളപ്പാച്ചിലും ഉണ്ടാകും. അതിനാൽ ഇനിയുള്ള ദിവസങ്ങളിൽ അരുവികളിലും തോടുകളിലും കുളിക്കാൻ ഇറങ്ങുന്നത് സുരക്ഷിതമല്ല. മലയോര മേഖലയിലെ വെള്ളച്ചാട്ടത്തിലും ഇറങ്ങരുത്.
രാത്രികാലങ്ങളിൽ മലയോരമേഖലകളിൽ കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ രാത്രി യാത്രയും ജാഗ്രത പുലർത്തണം. മണ്ണിടിച്ചിൽ പോലുള്ള പ്രകൃതി പ്രതിഭാസങ്ങൾക്ക് സാധ്യതയുണ്ട്. വരുന്ന ആഴ്ചകളിൽ കേരളത്തിൽ മഴ കൂടുതൽ ശക്തമാവും. ബംഗാൾ ഉൾക്കടലിൽ ഒരു ന്യൂനമർദ്ദം രൂപപ്പെടാനുള്ള തയ്യാറെടുപ്പിലാണ്.
ഇതോടൊപ്പം അറബിക്കടലിലും ഒരു ന്യൂനമർദ്ദം രൂപപ്പെടുകയും കേരളത്തിൽ ഉൾപ്പെടെ മൺസൂണിന്റെ വരവ് ശക്തമാവുകയും ചെയ്യുമെന്നാണ് ഇപ്പോഴത്തെ സൂചനകൾ. അതിനാൽ മഴ ജാഗ്രത മെയ് അവസാന ദിവസങ്ങളിലും ജൂൺ ആദ്യവാരങ്ങളിലും വേണ്ടിവരും. പുറം പണികളും മറ്റും തീർത്ത് മഴക്കായി ഒരുങ്ങുക. കർഷകരും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കുക.
കാലവർഷം ആരംഭിക്കുന്നതിന് മുൻപ് തന്നെ അതിശക്തമായ മഴക്ക് സാധ്യതയാണ് അന്തരീക്ഷ സ്ഥിതി അവലോകന പ്രകാരം മനസ്സിലാക്കാൻ കഴിയുന്നതെന്ന് ഞങ്ങളുടെ നിരീക്ഷകർ പറയുന്നു. ബംഗാൾ ഉൾകടലിലും അറബികടലിലും ഒരേ സമയം ന്യൂനമർദങ്ങൾ രൂപപ്പെടാനുള്ള ഒരുക്കങ്ങൾ സജീവമാണ്.
കഴിഞ്ഞദിവസത്തെ അന്തരീക്ഷ അവലോകനത്തിൽ അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും ചക്രവാത ചുഴി രൂപപ്പെട്ടേക്കുമെന്ന് സൂചന നൽകിയിരുന്നു. ഇവ ന്യൂനമർദ്ദം (Low pressure area) ആകാനാണ് ഇപ്പോഴത്തെ സാധ്യത. ബംഗാൾ ഉൾകടലിൽ മെയ് 18 ന് രൂപം കൊള്ളാൻ സാധ്യതയുള്ള ചക്രവാതചുഴി ന്യൂനമർദമായി മാറി തെക്കൻ തമിഴ്നാട് തീരത്തേക്ക് നീങ്ങിയേക്കും.
അറബികടലിൽ കൊങ്കൺ തീരത്ത് മെയ് 22 ന് രൂപം കൊണ്ടോക്കാവുന്ന ന്യൂനമർദം (Low pressure Area – LPA) മുംബൈ തീരത്തേക്ക് നീങ്ങി മെയ് 25 ന് തീവ്ര ന്യൂനമർദ്ദം (Depression ) ആയേക്കും.
സാധാരണയായി ഇരു കടലിലും ഒരേ സമയം ന്യൂനമർദങ്ങൾ രൂപം കൊണ്ടാൽ കേരളത്തിൽ അതിശക്തമായ മഴക്ക് സാഹചര്യം ഒരുങ്ങാറുണ്ട്. മെയ് 22 മുതൽ കനത്ത മഴക്ക് സാധ്യതയുണ്ട്. പ്രത്യേകിച്ച് കിഴക്കൻ മലയോര മേഖലയിൽ കനത്ത മഴയും മലവെള്ളപ്പാച്ചിലും മണ്ണിടിച്ചിലും പ്രതീക്ഷിക്കണം.
ഈ ന്യൂനമർദങ്ങൾ കാരണം കാലവർഷം വേഗത്തിൽ കേരളത്തിൽ എത്തുകയും സജീവമായി നിലനിൽക്കുകയും ചെയ്യും. സാധാരണ കാലവർഷത്തിന്റെ തുടക്കത്തിൽ ഏതാനും ദിവസം മഴ വരവ് അറിയിച്ച് പിന്നീട് ദുർബലമാവുകയാണ് പതിവ്. ഇത്തവണ ഗൃഹാതുരത്വമുള്ള മഴക്കാലം പ്രതീക്ഷിക്കാമെന്ന് നേരത്തെ സൂചന നൽകിയിരുന്നു. ജൂൺ മാസത്തിന്റെ തുടക്കം മഴ സജീവമാകും.
നിലവിൽ ബംഗാൾ ഉൾകടലിലും കന്യാകുമാരി കടലിലും തെക്ക് അറബികടലിലും വ്യാപിക്കുന്ന മൺസൂൺ കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിച്ച മെയ് 27ന് മുൻപേ കേരളത്തിൽ എത്താനാണ് സാധ്യതയെന്ന് കഴിഞ്ഞ ദിവസങ്ങളിൽ Metbeat Weather പറഞ്ഞിരുന്നു. മെയ് 25നകം കാലവർഷം എത്തി (Onset of Monsoon) എന്ന സ്ഥിരീകരിക്കാനുള്ള മാനദണ്ഡങ്ങൾ (criteria) പൂർത്തിയാകും എന്നാണ് ഞങ്ങളുടെ നിരീക്ഷകർ അനുമാനിക്കുന്നത്.
English Summary: Stay informed about the potential for low pressure in both seas and the need for rain vigilance in Kerala. Prepare for changing weather conditions.
For local weather app visit : metbeat.com