ഇന്നലെയും ശക്തമായ വേനൽ മഴ; കോട്ടയത്ത് 2 പേർക്ക് മിന്നലേറ്റു
സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇന്നലെ ശക്തമായ വേനൽ മഴ ലഭിച്ചു. കോട്ടയത്ത് സഹോദരങ്ങൾക്ക് മിന്നലേറ്റു. ഇന്നലെ ഉച്ചയോടെ കണ്ണൂർ ജില്ലയിലാണ് ആദ്യം ശക്തമായ മഴ പെയ്തു. കണ്ണൂർ ജില്ലയുടെ കിഴക്കൻ മേഖലയിലായിരുന്നു മഴ. അതിർത്തിക്കപ്പുറത്ത് കർണാടകയിലും മഴ ലഭിച്ചു.
ഇതിനു പിന്നാലെ തെക്കൻ ജില്ലകളിലും മഴ തുടങ്ങി. കോട്ടയം, പത്തനംതിട്ട, ഇടുക്കി, തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിലും മഴ ലഭിച്ചു. പലയിടത്തും നാശനഷ്ടം ഉണ്ടായി. മഴക്കൊപ്പം ശക്തമായ കാറ്റും മിന്നലും ഉണ്ടായിരുന്നു.
ഇന്ന് രാവിലെ എറണാകുളം ജില്ലയിൽ തീരദേശത്തും ലഭിച്ചു. ആലുവ ഉൾപ്പെടെയുള്ള പ്രദേശങ്ങളിലാണ് മഴ ലഭിച്ചത്. കടലിലും കരയിലും ആയാണ് മേഘങ്ങൾ രൂപപ്പെട്ടത്.

കോട്ടയത്ത് വൈകിട്ട് 6.30 കൂടിയാണ് മഴ തുടങ്ങിയത്. മണിക്കൂറുകളോളം മഴ നീണ്ടു. മഴയോടൊപ്പം വീശിയടിച്ച കാറ്റിലും, ഇടിയിലും ചിലയിടങ്ങളിൽ നാശനഷ്ടമുണ്ടായി.
കോട്ടയം നഗര മധ്യത്തിൽ മെഡിക്കൽ കോളേജ് റോഡിൽ ചുങ്കം ദേശാഭിമാനി ഓഫീസിന് മുന്നിൽ റോഡിലേക്ക് മരം മറിഞ്ഞു വീണു. ഇതോടെ കോട്ടയം മെഡിക്കൽ കോളേജ് റോഡിൽ വൻ ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു.
കഴിഞ്ഞ ദിവസവും സമാനമായ രീതിയിൽ ഇതേ റോഡിൽ മരം വീണിരുന്നു. പലയിടങ്ങളിലും മരം വീണ് ഗതാഗത കുരുക്ക് രൂപപ്പെട്ടിട്ടുണ്ട്. കോട്ടയം നഗരപരിധിയിൽ ആറരയോട് കൂടിയാണ് അപ്രതീക്ഷിതമായി മഴ പെയ്തത്. തെക്കൻ ജില്ലകളിൽ ഉൾപ്പെടെ ഇന്നലെ മഴ കൂടുമെന്ന് കഴിഞ്ഞ ദിവസം Metbeat Weather മുന്നറിയിപ്പ് നൽകിയിരുന്നു.
കനത്ത മഴയിൽ കോട്ടയം ടൗണിലെ റോഡുകളിൽ വെള്ളം നിറഞ്ഞു. പകൽ പൂരം കഴിഞ്ഞ് തിരികെ പോയവർക്ക് മഴ ബുദ്ധിമുട്ടുണ്ടാക്കി. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ വിവിധ വാർഡുകളിലും വെള്ളം കയറി.
മിന്നലേറ്റ് സഹോദരങ്ങൾക്ക് പരുക്ക്
ഇടിമിന്നലേറ്റ് പരുക്കേറ്റ സഹോദരങ്ങളായ പാല ആണ്ടൂർ സ്വദേശികളായ ആൻ മരിയ (22), ആൻഡ്രൂസ് (17) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.
വൈകിട്ട് 7 മണിയോടെ വേനൽ മഴയ്ക്കൊപ്പമുണ്ടായ മിന്നലിൽ വീട്ടിൽ വച്ചാണ് ഇടിമിന്നലേറ്റത്.
For local forecast visit metbeat.com