Kerala Weather 24/02/25: ന്യൂനമർദ പാത്തി ദുർബലമായി; ഒറ്റപ്പെട്ട മഴ തുടരും
വടക്കൻ കേരളത്തിൽ കഴിഞ്ഞ ദിവസം രൂപപ്പെട്ട ന്യൂനമർദ്ദ പാത്തി (ട്രഫ്) ദുർബലമായെങ്കിലും ഒറ്റപ്പെട്ട മഴ തുടരും. വടക്കൻ കേരള മുതൽ മധ്യ മറാത്ത് വാഡ വരെയായിരുന്നു സമുദ്രനിരപ്പിൽ നിന്ന് 900 മീറ്റർ ഉയരത്തിൽ ആയി ന്യൂനമർദ്ദ പാത്തി രൂപപ്പെട്ടിരുന്നത് . ഇതേ തുടർന്ന് കഴിഞ്ഞ ദിവസങ്ങളിൽ വടക്കൻ കേരളത്തിൽ പലയിടത്തും മഴ ലഭിച്ചു.
വെതർ സിസ്റ്റം ഇല്ല, ഒറ്റപ്പെട്ട മഴ
ശനിയാഴ്ച ലഭിച്ചതിനേക്കാൾ കുറവായിരുന്നു ഇന്നലെ ലഭിച്ച മഴ. ഇതിന് കാരണം കഴിഞ്ഞദിവസം സജീവമായിരുന്ന ന്യൂനമർദ്ദ പാത്തി ദുർബലമായത് ആയിരുന്നു. നിലവിൽ കേരളത്തിൽ മഴക്ക് അനുകൂലമായ വെതർ സിസ്റ്റങ്ങൾ ഒന്നുമില്ല. എങ്കിലും കിഴക്കൻ കാറ്റും വടക്കു കിഴക്കൻ കാറ്റും നേരിയതോതിൽ തുടരുന്ന സാഹചര്യവും ഉച്ചക്ക് ശേഷം പടിഞ്ഞാറൻ കാറ്റിൻ്റെ സംഗമവും ചിലയിടങ്ങളിൽ ഒറ്റപ്പെട്ട മഴ നൽകും.
ചൂട് ചിലയിടങ്ങളിൽ കുറയും.
കഴിഞ്ഞദിവസം കടുത്ത ചൂട് അനുഭവപ്പെട്ട പ്രദേശങ്ങളിൽ കാറ്റിൻ്റെ ഗതിയിൽ ഉണ്ടായ മാറ്റത്തെ തുടർന്ന് ചൂടിന് വ്യതിയാനം സംഭവിക്കും. ചിലയിടങ്ങളിൽ ചൂട് കൂടുകയും ചിലയിടങ്ങളിൽ ചൂട് കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് നേരിയ തോതിൽ കുറയുകയും ചെയ്യും. മഴ ലഭിച്ച പ്രദേശങ്ങളിലും ചൂട് കൂടാനാണ് സാധ്യത. അന്തരീക്ഷത്തിലെ ഈർപ്പമാണ് ഇതിന് കാരണം.
ചൂട് 38 ഡിഗ്രി സെൽഷ്യസ് കടന്നു
സംസ്ഥാനത്ത് മിക്കയിടങ്ങളിലും കഴിഞ്ഞ ദിവസങ്ങളിൽ ചൂട് 38 ഡിഗ്രി സെൽഷ്യസ് കടന്നു. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഔദ്യോഗിക കണക്ക് അനുസരിച്ച് ശനിയാഴ്ച തൃശൂർ ജില്ലയിലെ വെള്ളാനിക്കരയിൽ രേഖപ്പെടുത്തിയ 37.7 ഡിഗ്രി സെൽഷ്യസ് ആണ് കൂടിയ താപനില. എന്നാൽ കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിൽ 38 ഡിഗ്രി ശരാശരി താപനില രേഖപ്പെടുത്തുന്നുണ്ട്. കാലാവസ്ഥാ വകുപ്പിന്റെ ഓട്ടോമാറ്റിക് വെതർ സ്റ്റേഷനുകളിലും (AWS) ഈ താപനില രേഖപ്പെടുത്തിയിരുന്നു. എന്നാൽ ഔദ്യോഗിക ഡാറ്റയായി ഇത് പരിഗണിക്കാറില്ല.
രാത്രി താപനിലയിലും സംസ്ഥാനത്ത് വർദ്ധനവ് രേഖപ്പെടുത്തുന്നുണ്ട്. കഴിഞ്ഞദിവസം ഏറ്റവും കുറവ് രാത്രി താപനില രേഖപ്പെടുത്തിയത് കൊല്ലം ജില്ലയിലെ പുനലൂരിലാണ്. രാത്രി താപനില കിഴക്കൻ പ്രദേശങ്ങളെക്കാൾ കൂടുതൽ തീരദേശങ്ങളിലാണ് അനുഭവപ്പെടുക. എന്നാൽ പകൽ താപനില കിഴക്കൻ മേഖലകളേക്കാൾ കുറവ് തീരദേശത്തുമാണ് ഉണ്ടാകുക.
മഴ വെള്ളിയാഴ്ചക്ക് ശേഷം
കേരളത്തിൽ കൂടുതൽ പ്രദേശങ്ങളിൽ മഴ എത്താൻ അടുത്ത വെള്ളിയാഴ്ച കഴിയും. തെക്കൻ കേരളത്തിൽ ഉൾപ്പെടെ മഴ സാധ്യതയുണ്ട്. മാർച്ച് ആദ്യവാരം കേരളത്തിൻ്റെ എല്ലാ ജില്ലകളിലും വേനൽ മഴ ലഭിക്കാൻ സാധ്യത. എറണാകുളം ഉൾപ്പെടെയുള്ള നഗരങ്ങളിലും ശക്തമായ മഴ സാധ്യതയുണ്ട്. കൂടുതൽ വിവരങ്ങൾ അടുത്ത ദിവസങ്ങളിലെ അപ്ഡേറ്റുകളിൽ ഉൾപ്പെടുത്താൻ കഴിയും എന്നാണ് പ്രതീക്ഷ.