weather (30/06/24) : ന്യൂനമർദം ദുർബലം, രാജ്യത്തുടനീളം ശക്തമായ മഴ സാധ്യത തുടരും
weather (30/06/24) : വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിൽ കഴിഞ്ഞ ദിവസം രൂപപ്പെട്ട ന്യൂനമർദ്ദം (low pressure area – LPA) ദുർബലമായി. എന്നാൽ ഈ മേഖലയിൽ അന്തരീക്ഷ ചുഴി (upper air circulation – UAC) നിലനിൽക്കുന്നതിനാൽ കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലും ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലും ശക്തമായ മഴ തുടരാൻ സാധ്യതയുണ്ടെന്ന് Metbeat Weather ലെ നിരീക്ഷകർ പറഞ്ഞു.
തെക്കുപടിഞ്ഞാറൻ മേഖലയിലേക്ക് അഗ്രമുള്ള ( Tailing to Southwest) UAC, സമുദ്രനിരപ്പിൽ (mean sea level ) നിന്ന് 5.8 കിലോമീറ്റർ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഇന്നലെയും ഇന്ത്യയുടെ വടക്കൻ മേഖലയിലും ഒഡിഷ, ആന്ധ്രപ്രദേശ്, തെലങ്കാന, ചത്തീസ്ഗഡ് ഉൾപ്പെടെയുള്ള കിഴക്കൻ മേഖലയിലും ശക്തമായ മഴ ലഭിച്ചിരുന്നു. കേരളത്തിൻ്റെ വിവിധ ജില്ലകളിലും ഇന്നലെ ശക്തമായ മഴ ലഭിച്ചു.
ഇന്നും സമാനമായ സാഹചര്യം തുടരുമെന്നാണ് ഞങ്ങളുടെ നിരീക്ഷകർ പറയുന്നത്. സോമാലിയൻ ജെറ്റ് (Somali Jet Stream) പ്രതിഭാസം ഇന്ത്യയുടെ മധ്യമേഖലയിലേക്കും വടക്കൻ മേഖലയിലേക്കും ദിശ വച്ചിരിക്കുകയാണ്. ഇത് കൂടുതൽ ഈർപ്പത്തെ (moisture ) അറബിക്കടലിൽ നിന്ന് ഇന്ത്യക്ക് മുകളിലേക്ക് എത്തിക്കുന്നുണ്ട്.
ഉത്തരേന്ത്യയിൽ കഴിഞ്ഞ ദിവസമാണ് വ്യാപകമായി കാലവർഷം (sw monsoon ) ശക്തിപ്പെട്ടത്. ഇതിനു കാരണം അറബിക്കടലിൽ നിന്ന് സജീവമായി വീശുന്ന കാലവർഷക്കാറ്റാണ് (sw monsoon wind). ജെറ്റ് സ്ട്രീം ശക്തിപ്പെട്ടതാണ് ഇതിന് കാരണം. ഡൽഹി, ഉത്തർപ്രദേശ് ഉൾപ്പെടെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ കനത്ത മഴ ഇനിയുള്ള ദിവസങ്ങളിലും തുടരും എന്നാണ് Metbeat ലെ വിദഗ്ധർ (Experts in Metbeat Weather) പറയുന്നത്.
അതിനാൽ ഉത്തരേന്ത്യയിലെ തീർത്ഥാടന കേന്ദ്രങ്ങളിലേക്ക് ഉൾപ്പെടെയുള്ള യാത്രകൾ ഇപ്പോഴത്തെ സാഹചര്യത്തിൽ സുരക്ഷിതമല്ല. കാലാവസ്ഥ മുന്നറിയിപ്പുകൾ നേരത്തെ മനസ്സിലാക്കിയ ശേഷമേ ഇത്തരം യാത്രയ്ക്ക് ഒരുങ്ങാവൂ. ഹരിദ്വാർ ഉൾപ്പെടെയുള്ള മേഖലയിൽ കഴിഞ്ഞ ദിവസം മിന്നൽ പ്രളയം ( flash flood) ഉണ്ടായി. വാഹനങ്ങളും മറ്റും നദിയിൽ ഒലിച്ചുപോയി.
മഴക്കെടുതിയെ തുടർന്ന് ഉത്തരേന്ത്യയിൽ പലയിടത്തും വെള്ളക്കെട്ടുകളും പ്രാദേശിക പ്രളയവും ( local flood) രൂപപ്പെട്ടിട്ടുണ്ട്. കാലവർഷക്കെടുതിയിൽ (monsoon calamities) മരണവും റിപ്പോർട്ട് ചെയ്യുന്നുണ്ട്. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ഇടിയോടു കൂടെയുള്ള മഴക്കും (thunderstorm ) സാധ്യതയുണ്ട്. ഗുജറാത്തിനു മുകളിൽ കച്ച് മേഖലക്ക് സമീപമായി മറ്റൊരു ചക്രവാത ചുഴിയും രൂപപ്പെട്ടത് ഇന്ത്യയുടെ മധ്യഭാഗങ്ങളിലും വടക്കൻ മേഖലയിലും മഴ ശക്തമാകാൻ ഇടയാക്കും.
കേരളത്തിലും കർണാടകയുടെ ഉൾനാടൻ മേഖലയിലും തമിഴ്നാട്ടിലും കാലവർഷക്കാറ്റ് ദുർബലമായതിനാൽ ഇടിയോട് കൂടെയുള്ള മഴ തുടരും എന്നും ഞങ്ങളുടെ വെതർമാൻ പറയുന്നു. കർണാടകയുടെ തീരദേശത്ത് ഇടിയില്ലാതെ കാലവർഷം മഴ ലഭിക്കും. കേരളത്തിൻ്റെ തീരപ്രദേശങ്ങളിലും കാലവർഷത്തിന്റെ ഭാഗമായുള്ള മഴ ലഭിക്കും. എന്നാൽ കേരളത്തിന്റെ ഉൾനാടൻ പ്രദേശങ്ങളിലും കിഴക്കൻ മേഖലയിലും രാത്രിയിലും വൈകിട്ടും പുലർച്ചെയും ആയി ഇടിയോട് കൂടെയുള്ള മഴക്ക് സാധ്യതയുണ്ട്.
തമിഴ്നാട്ടിൽ ചെന്നൈ ഉൾപ്പെടെയുള്ള വടക്കൻ മേഖലകൾ ആന്ധ്രപ്രദേശിലെ തിരുപ്പതി, നെല്ലൂര് തുടങ്ങിയ മേഖലകൾ കർണാടകയിലെ മംഗളൂരു, മൈസൂരു, ബംഗളൂരു തുടങ്ങിയ നഗരങ്ങൾ എന്നിവിടങ്ങളിൽ എല്ലാം ഇന്ന് ശക്തമായ മഴയും ചെറിയതോതിൽ വെള്ളക്കെട്ടുകളും രൂപപ്പെടും.
ഇന്നു രാവിലെയുള്ള ഉപഗ്രഹ ചിത്രങ്ങളിൽ അറബിക്കടലിൽ നിന്ന് വടക്കൻ കേരളത്തിന് മുകളിലൂടെ ഈ പ്രദേശങ്ങളിലേക്ക് മേഘങ്ങളുടെ ഒഴുക്ക് ദൃശ്യമാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും ഇതിൻ്റെ ഭാഗമായി മഴ ലഭിക്കും. ഈ ജില്ലകളിൽ രാവിലെ മുതൽ ശക്തമായ മഴ ലഭിക്കാനാണ് സാധ്യത.
അതിനിടെ, കേരളതീരത്തുനിന്ന് മഹാരാഷ്ട്ര വരെ കഴിഞ്ഞ ഏതാനും ദിവസങ്ങളായി രൂപപ്പെട്ടിരുന്ന ന്യൂനമർദ്ദ പാത്തി (Trough ) ദുർബലമായിട്ടുണ്ട്. എങ്കിലും വടക്കൻ കേരളത്തിൽ ഉൾപ്പെടെ മഴക്ക് ഇത് കുറവ് വരുത്തുകയില്ല. തെക്കൻ ജില്ലകളിൽ പ്രത്യേകിച്ച് കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ മഴ മറ്റു ജില്ലകളെ അപേക്ഷിച്ച് കുറയാനാണ് സാധ്യത.
കശ്മീർ, ലഡാക്ക് ഉൾപ്പെടെയുള്ള മേഖലകളിൽ ഇന്നലെയോടെ കാലവർഷം എത്തി. എന്നാൽ രാജ്യത്ത് പൂർണ്ണമായും കാലവർഷം വ്യാപിച്ചിട്ടില്ല. ചില മേഖലകളിൽ കൂടെ കാലവർഷം എത്താനുണ്ട്. ഗുജറാത്തിനു സമീപം ന്യൂനമർദ്ദം രൂപപ്പെട്ടതും ഒഡീഷക്ക് സമീപമുള്ള ന്യൂനമർദ്ദവുമാണ് കാലവർഷക്കാറ്റിനെ അതിവേഗം ഉത്തരേന്ത്യയിൽ വ്യാപിപ്പിച്ചത്. ഇത്തവണ ഒരു മാസത്തിനകം രാജ്യത്തിൻ്റെ മഹാഭൂരിഭാഗം പ്രദേശങ്ങളിലും കാലവർഷം എത്തിയിട്ടുണ്ട്.
കാലാവസ്ഥ അപ്ഡേറ്റായിരിക്കാന് താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില് ചേരാം.