മനുഷ്യൻ മണ്ണിലേക്കെറിയുന്ന പ്ലാസ്റ്റിക് വില്ലനായി, ഗർഭിണിയായ പശുവിന്റെ വയറ്റിൽ പ്ലാസ്റ്റിക് ബാഗുകൾ മുതൽ തുണികഷ്ണങ്ങൾ വരെ
മണ്ണിലേക്ക് വലിച്ചെറിയുന്ന പ്ലാസ്റ്റിക് മാലിന്യം പ്രകൃതിക്ക് എത്രത്തോളം അപകടമാണെന്ന് മനുഷ്യന് നന്നായിട്ടറിയാം. എന്നാൽ മനുഷ്യൻ്റെ ഇത്തരം ചെയ്തികളിലൂടെ ഇരകളാകുന്നത് സമൂഹത്തിലെ പക്ഷിമൃഗാധികൾ കൂടിയാണ്. പ്ലാസ്റ്റിക് മാലിന്യത്തിന്റെ വൻ ദുരന്തങ്ങൾ എടുത്തുകാണിക്കുന്ന ഒട്ടേറെ സംഭവങ്ങൾ ദിനംപ്രതിയെന്നോണം റിപ്പോർട്ട് ചെയ്യുന്നുണ്ട്. അത്തരത്തിൽ ഞെട്ടിക്കുന്ന ഒരു സംഭവമാണ് ആഴ്ചകൾക്ക് മുൻപ് ഗോവയിലെ പനാജിയിൽ നിന്ന് കണ്ടത്. 12 വയസ്സുള്ള ഗർഭിണിയായ പശുവിന്റെ വയറ്റിൽനിന്ന് പുറത്തെടുത്തത് 48 കിലോഗ്രാം പ്ലാസ്റ്റിക് മാലിന്യങ്ങളാണ്.
പ്ലാസ്റ്റികൾ ബാഗുകൾ മുതൽ തുണികഷ്ണങ്ങൾ വരെ
പ്ലാസ്റ്റിക് ബാഗുകൾ, പിവിസി പൈപ്പ് കഷ്ണങ്ങൾ, തുകൽ ബെൽറ്റ്, കോട്ടുകൾ, തുണി കഷണങ്ങൾ, നൈലോൺ കയർ, ലോഹ വയർ എന്നിവയാണ് പശുവിൻ്റെ വയറിൽ നിന്നും കണ്ടെടുത്ത വസ്തുക്കൾ. മാസം തികയാതെ പ്രസവിച്ച പശുവിന്റെ ജീവൻ ഡോക്ടർമാർ രക്ഷിച്ചെങ്കിലും ഈ സംഭവം പ്രദേശത്തെ കർഷകരിൽ വലിയ ആശങ്കയുണ്ടാക്കി. ആറര മാസം നേരത്തെ ജനിച്ച പശുക്കുട്ടി ഏതാനും മിനിറ്റുകൾക്കുള്ളിൽ ചത്തു. ഒരു മൃഗത്തിന്റെ വയറ്റിനകത്ത് കണ്ട ഏറ്റവും വലിയ പ്ലാസ്‌റ്റിക് മാലിന്യമാണിതെന്നാണ് ഡോക്‌ടർ പറഞ്ഞത്.
രണ്ടരമണിക്കൂർ നീണ്ട ശസ്‌ത്രക്രിയ
പശുവിന്റെ ആരോഗ്യത്തിൽ ചില മാറ്റങ്ങൾ കണ്ടതോടെയാണ് കർഷകർ ഡോക്ടറെ സമീപിച്ചത്. വയറ്റിൽ അടിഞ്ഞുകൂടിയ പ്ലാസ്‌റ്റിക് കാരണം മൂത്രതടസ്സം വരെ നേരിട്ടിരുന്നു. പ്രശ്‌നം കണ്ടെത്തിയതോടെ ഡോക്ടർമാർ രണ്ടര മണിക്കൂർ നീണ്ട അടിയന്തര ശസ്ത്രക്രിയ നടത്തുകയും 48.3 കിലോഗ്രാം പ്ലാസ്റ്റിക് മാലിന്യം നീക്കം ചെയ്യുകയുമായിരുന്നു.
പ്ലാസ്റ്റിക് മാലിന്യങ്ങൾ ഭക്ഷിക്കുന്നത് മൃഗങ്ങളുടെ ജീവന് വൻ ഭീഷണി
പ്ലാസ്റ്റിക്ക് കവറുകളിൽ ഭക്ഷണം തുറസ്സായ സ്ഥലത്ത് വലിച്ചെറിയുന്നതാണ് ഇത്തരം അപകടങ്ങൾക്ക് കാരണം. ജനങ്ങൾ പലപ്പോഴും പ്ലാസ്‌റ്റിക് കവറിനൊപ്പം അവശിഷ്ടമായ ഭക്ഷണവും വലിച്ചെറിയുന്നു. അലഞ്ഞുതിരിയുന്ന കന്നുകാലികൾ ഈ ഭക്ഷണം പ്ലാസ്റ്റിക് കവറിനൊപ്പം കഴിക്കുന്നു. അതായത് ഭക്ഷണവും മറ്റ് വസ്തുക്കളും വലിച്ചെറിയുന്നതിനുമുൻപ് പ്ലാസിക് കവറെങ്കിലും നീക്കം ചെയ്യുന്നത് നല്ലതാണെന്ന് ചുരുക്കം.
പ്ലാസ്റ്റിക് മാലിന്യങ്ങൾ ഭക്ഷിക്കുന്നത് മൃഗങ്ങളുടെ ജീവന് വൻ ഭീഷണിയാണെന്ന് മൃഗഡോക്ടർമാർ ചൂണ്ടികാട്ടി. ടൂറിസ്‌റ്റ് കേന്ദ്രങ്ങളിൽ തള്ളുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ അലഞ്ഞുതിരിയുന്ന, മേയാൻ പോകുന്ന കന്നുകാലികൾക്കു വരുത്തുന്ന ഗുരുതരമായ പ്രത്യാഘാതങ്ങൾ എത്രത്തോളമാണെന്ന് ഈ സംഭവം എടുത്തു കാണിക്കുന്നു.
English Summary : Veterinarians have pointed out that eating plastic waste poses a huge threat to the lives of animals.