അഫ്ഗാനിസ്ഥാനില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ മലവെള്ളപ്പാച്ചിലില്‍ 17 പേര്‍ കൊല്ലപ്പെട്ടു. 11 പേര്‍ക്ക് പരുക്കേറ്റു. കനത്ത മഴയും മഞ്ഞുവീഴ്ചയുമാണുണ്ടായത്. ദീര്‍ഘകാലത്തെ വരള്‍ച്ചയ്ക്കു ശേഷമാണ് പൊടുന്നനെ മഴയെത്തിയതും തുടര്‍ന്ന് മലവെള്ളപ്പാച്ചിലുണ്ടായതും. കുടുംബത്തിലെ അഞ്ചു പേരടക്കം കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു.
കബ്കാൻ ജില്ലയില്‍ വീടിന്റെ മേല്‍ക്കൂര തകര്‍ന്നാണ് കുടുംബത്തിലെ അഞ്ചു പേര്‍ കൊല്ലപ്പെട്ടതെന്ന് ഹെറാത് പ്രവിശ്യാ ഗവര്‍ണറുടെ വക്താവ് മുഹമ്മദ് യൂസുഫ് സഈദി പറഞ്ഞു. മരിച്ചവരില്‍ രണ്ടു പേര്‍ കുട്ടികളാണ്.
തിങ്കളാഴ്ച മുതല്‍ കനത്ത മഴയും ദുരിതവും തുടരുന്നുണ്ട്. രാജ്യത്തിന്റെ മധ്യ, വടക്കന്‍, തെക്കന്‍, പടിഞ്ഞാറന്‍ മേഖലകളില്‍ മഴ തുടരുന്നുണ്ടെന്ന് Afghanistan National Disaster Management Authority (ANDMA) വക്താവ് മുഹമ്മദ് യൂസുഫ് ഹമദ് അറിയിച്ചു. 1800 കുടുംബങ്ങളെ മിന്നല്‍ പ്രളയം ബാധിച്ചു. കന്നുകാലികളും ചത്തു. ഹെറാത് - കാണ്ഡഹാര്‍ ഹൈവേയില്‍ ദഷതെ ബക് വയില്‍ ട്രക്ക് തലകീഴായി മറിഞ്ഞു. നിറയെ ആളുകള്‍ കയറിയ ബസും ഒഴുക്കില്‍പ്പെട്ട് മറിഞ്ഞു.