തീവ്ര ന്യൂനമർദ്ദം രൂപപ്പെട്ടു; കേരളത്തിൽ മഴ കുറയും

ബംഗാൾ ഉൾക്കടലിന്റെ മധ്യ പടിഞ്ഞാറ് മേഖലയിൽ കഴിഞ്ഞദിവസം രൂപപ്പെട്ട ന്യൂനമർദ്ദം ഇന്ന് പുലർച്ചെ അഞ്ചരയോടെ ശക്തിപ്പെട്ട് തീവ്ര ന്യൂനമർദ്ദം അഥവാ ഡിപ്രഷൻ ആയി മാറി. വടക്കൻ ആന്ധ്രപ്രദേശിനും തെക്കൻ തീരദേശ ഒഡീഷക്കും ഇടയിലാണ് ഇപ്പോൾ ന്യൂനമർദ്ദത്തിന്റെ സ്ഥാനം. ഇത് വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് തെക്കൻ ഒഡീഷക്കും തെക്കൻ ഛത്തീസ്ഗഡിനും ഇടയിൽ കരകയറാനാണ് സാധ്യത. അടുത്ത 24 മണിക്കൂറിനകം ന്യൂനമർദ്ദം ദുർബലമാവുകയും ചെയ്യും.

കേരളത്തിൽ ഒറ്റപ്പെട്ട മഴ

കഴിഞ്ഞ അവലോകനങ്ങളിൽ സൂചിപ്പിച്ചിരുന്നത് പോലെ കേരളത്തിൽ ഒറ്റപ്പെട്ട മഴക്കെ ന്യൂനമർദ്ദം കാരണമാവുകയുള്ളൂ. ന്യൂനമർദ്ദത്തിന്റെ നേരിട്ടുള്ള സ്വാധീനം കേരളത്തിൽ കുറവാണ്. മധ്യ വടക്കൻ ജില്ലകളിൽ ഇന്നുകൂടി ഒറ്റപ്പെട്ട മഴയുണ്ടാകും. രാത്രിയും വൈകിട്ടും കിഴക്കൻ പ്രദേശങ്ങളിലും ഇടനാട് പ്രദേശങ്ങളിലുമാണ് മഴ സാധ്യത. നാളെ മുതൽ കേരളത്തിൽ മഴ കുറഞ്ഞു തുടങ്ങും എന്നാണ് മെറ്റ്ബീറ്റ് വെതറിലെ നിരീക്ഷകർ അഭിപ്രായപ്പെടുന്നത്. കേരളത്തിന്റെ തീരപ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല. എന്നാൽ കർണാടക തീരത്ത് മത്സ്യബന്ധനത്തിന് വിലക്കുണ്ട്. കേരളത്തിന്റെ കടൽ ശാന്തമാകും. തെക്കൻ ജില്ലകളിൽ കൂടുതൽ പ്രദേശങ്ങളിൽ ഇന്ന് വെയിൽ പ്രതീക്ഷിക്കാം. ഏറെനേരം നീണ്ടുനിൽക്കാത്ത ഒറ്റപ്പെട്ട മഴയാണ് കേരളത്തിൽ ഉടനീളം ഇനി സാധ്യത ഉള്ളത്.

Leave a Comment