കാലവർഷം കേരളത്തിൽ 2018, 2019 പോലെ കനക്കുമോ? വിദേശ ഏജൻസികൾ പറയുന്നത് എന്ത്

ലാനിനക്ക് ശേഷം എൽനിനോ തെക്കുപടിഞ്ഞാറൻ മൺസൂൺ എത്തുന്ന ജൂൺ മാസമാകുമ്പോഴേക്കും സജീവമാകുമെങ്കിലും കേരളത്തിൽ 2019 നും 2018 നും ഉണ്ടായ അന്തരീക്ഷ സാഹചര്യം ഉണ്ടാകുമോ? വിദേശ കാലാവസ്ഥാ പ്രവചന മാതൃകകളും ഏജൻസികളും നൽകുന്ന വിവരം അനുസരിച്ച് കേരളത്തിൽ മൺസൂൺ സാധാരണയേക്കാൾ കൂടാമെന്നാണ് പ്രവചനം. കാലവർഷം സംബന്ധിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം ഈ മാസം പകുതിയോടെ ഉണ്ടാകുമെന്നാണ് സൂചന. എന്നാൽ അന്താരാഷ്ട്ര ഏജൻസികൾ മൺസൂണിന്റെ പ്രാഥമിക സൂചനകൾ പുറത്തുവിട്ടു തുടങ്ങി.

2018 ആവർത്തിക്കുമോ?

ഇത്തവണ കാലവർഷം ശക്തിപ്പെട്ടേക്കുമെന്ന സൂചനയാണ് യൂറോപ്യൻ കാലാവസ്ഥാ പ്രവചന മാതൃകയായ ECMWF നൽകുന്നത്. കേരളത്തിൽ അതിശക്തമായ മഴ മൺസൂണിൽ പ്രത്യേകിച്ച് തെക്കൻ ജില്ലകളിൽ മഴ ശക്തിപ്പെടുമെന്നാണ് യൂറോപ്യൻ മോഡലുകളെ വിലയിരുത്തി ഒരു വിഭാഗം ശാസ്ത്രജ്ഞർ പറയുന്നത്.

എന്നാൽ എൽനീനോ ഉള്ളതിനാൽ കേരളത്തിൽ മഴ കുറയാനാണ് സാധ്യതയെന്ന് സമുദ്രങ്ങളെ കുറിച്ച് പഠിക്കുന്ന അമേരിക്കയുടെ ഏജൻസിയായ National Oceanic and Atmospheric Administration (NOAA) പറയുന്നത്. എൽനിനോയെ തുടർന്ന് പസഫിക് സമുദ്രത്തിലെ ഭൂമധ്യരേഖാ പ്രദേശത്ത് ചൂടു കൂടുന്നതാണ് എൽനിനോക്ക് കാരണം. അത് മൺസൂണിന് കാരണമാകുന്ന വാണിജ്യ വാതത്തെ ദുർബലപ്പെടുത്തുമെന്നാണ് എൻ.ഒ.എ.എയുടെ പ്രവചനം. 2009, 2014, 2015 എൽനിനോ വർഷങ്ങളായിരുന്നു. ഈ വർഷങ്ങളിൽ കാലവർഷം സാധാരണയേക്കാൾ കുറഞ്ഞു.

അതേസമയം, യൂറോപ്യൻ മോഡലിന്റെ പ്രവചന പ്രകാരം പടിഞ്ഞാറൻ ഇന്ത്യൻ മഹാസമുദ്രത്തിലെ ചൂടും തണുപ്പും ഇടവിട്ട് കൂടുന്നത് മൺസൂണിനെ ശക്തിപ്പെടുത്തുമെന്നാണ് പറയുന്നത്. ഇന്ത്യൻ ഓഷ്യൻ ഡൈ പോൾ എന്ന ഇന്ത്യൻ മഹാസമുദ്രത്തിലെ താപനിലയുമായി ബന്ധപ്പെട്ട പ്രതിഭാസമാണ് മഴ കൂടാൻ കാരണമായി യൂറോപ്യൻ ഏജൻസി ചൂണ്ടിക്കാട്ടുന്നത്.

നിലവിൽ ഇന്ത്യൻ ഓഷ്യൻ ഡൈപോൾ (ഐ.ഒ.ഡി) ന്യൂട്രലിലാണ്. ഇത് മൺസൂൺ കാലത്ത് പോസിറ്റീവിലേക്ക് വരാനാണ് സാധ്യത. ഐ.ഒ.ഡി പ്രളയമുണ്ടായ സീസണിൽ നോർമലും പോസിറ്റീവുമായിരുന്നു. ഇന്ത്യൻ മൺസൂണിനെ ഐ.ഒ.ഡി നേരിട്ട് സ്വാധീനിക്കാറുണ്ടെന്നാണ് ഞങ്ങളുടെ നിരീക്ഷകർ പറയുന്നത്.

അതേ സമയം, മൺസൂൺ കേരളത്തിൽ സാധാരണ സമയമായ ജൂൺ ആദ്യവാരം തന്നെ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി വിദേശ സ്വകാര്യ കാലാവസ്ഥാ സ്ഥാപനമായ അക്യുവെതർ അറിയിച്ചു. കേരളത്തിന്റെ തെക്ക്, മധ്യ മേഖലകളിൽ 90 മുതൽ 100 ശതമാനം വരെ മഴ ലഭിക്കുമെന്നാണ് ഈ ഏജൻസി വിലയിരുത്തുന്നത്.

പോസിറ്റീവ് ഐ.ഒ.ഡി കൂടുതൽ മഴ നൽകുമെന്നും കാലവർഷം വിടവാങ്ങാൻ വൈകുമെന്നും അക്യുവെതർ പ്രാഥമിക മൺസൂൺ പ്രവചനത്തിൽ പറയുന്നു. മൺസൂണിനെ കുറിച്ച് മെറ്റ്ബീറ്റ് വെതർ ഏപ്രിൽ അവസാന വാരവും മെയ് രണ്ടാം വാരവും അവലോകന റിപ്പോർട്ടുകൾ നൽകാറുണ്ട്. ഇതിൽ എപ്പോൾ മൺസൂൺ കേരളത്തിലെത്തുമെന്നും എത്ര മഴ പ്രതീക്ഷിക്കുന്നുവെന്നും വ്യക്തമാക്കാറുണ്ട്.

Share this post

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.

Leave a Comment