കേരളത്തിൽ അടുത്ത ദിവസങ്ങളിലും ശക്തമായ മഴ തുടരും. അറബിക്കടലിൽ കേരള തീരത്തോട് ചേർന്ന് കഴിഞ്ഞദിവസം രൂപപ്പെട്ട ചക്രവാതചുഴി ഇന്ന് ദുർബലപ്പെട്ടെങ്കിലും അറബിക്കടലിൽ ശക്തമായ മേഘ രൂപീകരണം നടക്കുകയാണ്. ഇന്ന് രാവിലെ മുതൽ അറബിക്കടലിൽ ശക്തമായ മഴ ലഭിക്കുന്നുണ്ട്. എന്നാൽ കാറ്റിന്റെ ദിശ അനുകൂലമല്ലാത്തതിനാൽ ഇവ കേരളതീരത്തേക്ക് എത്തിയിരുന്നില്ല. രാത്രിയോ പുലർച്ചെയോ ഇവ കേരളതീരത്തേക്ക് എത്താനും തീരപ്രദേശങ്ങളിൽ ശക്തമായ മഴ ലഭിക്കാനും കാരണമാകുമെന്നാണ് ഇപ്പോഴത്തെ നിരീക്ഷണം.
അതേസമയം, ബംഗാൾ ഉൾക്കടലിൽ കഴിഞ്ഞദിവസം രൂപപ്പെട്ട ചക്രവാത ചുഴി ശക്തിപ്പെടുകയാണ്. വ്യാഴാഴ്ചയോടെ ഇത് ന്യൂനമർദ്ദമായി മാറും. തുടർന്ന് ഈ മാസം 22ന് തീവ്ര ന്യൂനമർദ്ദം അഥവാ ഡിപ്രഷൻ ആയി മാറും. വീണ്ടും ഈ സിസ്റ്റം ശക്തിപ്പെടാനും അതിതീവ്ര ന്യൂനമർദ്ദം (Deep Depression) ആകാനും സാധ്യതയുണ്ടെന്നാണ് ഇപ്പോഴത്തെ നിരീക്ഷണം. ബംഗാൾ ഉൾക്കടലിൽ അൻഡമാൻ ദ്വീപ് മേഖലയിൽ ആയി രൂപപ്പെടുന്ന ന്യൂനമർദ്ദം വടക്ക് വടക്കു പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് ആന്ധ്രപ്രദേശിന്റെ വടക്കുഭാഗത്തേക്ക് ഒഡിഷ്യയിലേക്കോ ആണ് നീങ്ങാൻ സാധ്യത. ഈ ന്യൂനമർദ്ദം തമിഴ്നാട്ടിലേക്ക് തുലാവർഷത്തെ എത്തിക്കും.
അതേസമയം, മഹാരാഷ്ട്രയിൽ എത്തിനിൽക്കുന്ന കാലവർഷത്തിന്റെ വിടവാങ്ങൽ ഇന്ന് കൂടുതൽ പ്രദേശത്തേക്ക് പുരോഗമിച്ചില്ല. നാളെയോടെ മഹാരാഷ്ട്രയുടെ മറ്റു ഭാഗങ്ങളിലേക്ക് പുരോഗമിക്കാൻ സാധ്യതയുണ്ട്. കാലവർഷം പൂർണമായി വിടവാങ്ങിയ ശേഷമേ തുലാവർഷം എത്തിയതായി ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകൂ. കേരളത്തിൽ കിഴക്കൻ മേഖലയിൽ ഇടിയോടുകൂടിയുള്ള ശക്തമായ മഴയും പടിഞ്ഞാറ് മേഖലയിൽ ഇന്ന് അറബിക്കടലിലെ മേഘരൂപീകരണത്തെ തുടർന്നുള്ള മഴയും ലഭിക്കും. കിഴക്കൻ മേഖലയിൽ വിനോദസഞ്ചാര പ്രവർത്തനങ്ങൾക്ക് പോകുന്നവർ കാലാവസ്ഥ മുന്നറിയിപ്പുകൾ അപ്ഡേറ്റ് ചെയ്യണം.