weather forecast kerala 24/01/24 : പകൽ ചൂട് കൂടും, രാത്രി കുറയും. ഫെബ്രുവരി പകുതിവരെ മഴ കുറയും

weather forecast kerala 24/01/24 : പകൽ ചൂട് കൂടും, രാത്രി കുറയും. ഫെബ്രുവരി പകുതിവരെ മഴ കുറയും


കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് ചൂടിൽ ക്രമാതീതമായ വർദ്ധനവ്. ജനുവരി 20 കഴിഞ്ഞതോടെ കേരളത്തിൽ ചൂട് 38 ഡിഗ്രി കവിഞ്ഞു. ആഗോള അന്തരീക്ഷ സ്ഥിതി (Global  Weather Analysis) അവലോകനം ചെയ്യുമ്പോൾ ഫെബ്രുവരി ആദ്യ രണ്ടാഴ്ചയും കേരളത്തിൽ മഴ വിട്ടുനിൽക്കാനാണ് സാധ്യതയെന്ന് Metbeat Weather പറയുന്നു. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ (IMD) ഓട്ടോമേറ്റഡ് വെതർ സ്റ്റേഷനുകളിൽ (AWS)  ഇന്നലെ മൂന്നിടങ്ങളിൽ 38 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തി. അഞ്ചിടങ്ങളിൽ 37 ഡിഗ്രി ചൂടും രേഖപ്പെടുത്തി.  ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയത് 38.6 ഡിഗ്രിയാണ്. വടവത്തൂരിൽ ആണ് ഇത്രയും പകൽ താപനില രേഖപ്പെടുത്തിയത്.

ആഗോള മഴപ്പാത്തി എന്ന് അറിയപ്പെടുന്ന മാഡൻ ജൂലിയൻ ഓസിലേഷൻ (MJO) കുറച്ചുദിവസമായി ഫേസ് മൂന്നിൽ പസഫിക് സമുദ്രത്തിലാണ് ഉള്ളത്. ഇതിനു മുമ്പായി ഇന്ത്യൻ മഹാസമുദ്രത്തിൽ (phase 2) MJO വന്നു പോയിരുന്നു. എന്നാൽ തെക്കേ ഇന്ത്യയിൽ കാര്യമായ സ്വാധീനം നൽകാൻ കഴിഞ്ഞില്ല.  ന്യൂനമർദ്ദങ്ങളെ (low pressure area) സജീവമാക്കാനും ചക്രവാത ചുഴികൾ ( cyclonic circulation) മൂലം മഴ നൽകാനും MJO ക്ക് കഴിയും.

സാധാരണ 30 – 90 ദിവസം കൊണ്ട് ഉലകം ചുറ്റുന്ന എം.ജെ. ഒ ഇത്തവണ പസഫിക് സമുദ്രത്തിൽ മന്ദഗതിയിലാണ് സഞ്ചാരം. ഇന്ത്യൻ മഹാസമുദ്രത്തിലെ ഉപരിതല താപനിലയായ ഇന്ത്യൻ ഓഷ്യൻ ഡൈപോൾ (IOD) പോസിറ്റീവ് ഫെയ്സിലാണ് ഇപ്പോൾ ഉള്ളത്. പടിഞ്ഞാറൻ പസഫിക്കൽ നിലയുറപ്പിച്ചിരിക്കുകയാണ് എം.ജെ.ഒ.

മെഡിറ്ററേനിയൻ (മധ്യധരണ്യാഴി ) കടലിൽ നിന്നുള്ള ശൈത്യ കാറ്റായ പശ്ചിമവാതം (Western Disturbance- WD) ഉത്തരേന്ത്യയിൽ സജീവമാവുകയാണ്.  കടുത്ത ശൈത്യമാണ് ഉത്തരേന്ത്യയിൽ ഇത്തവണ അനുഭവപ്പെടുന്നത്. WD ഇനിയും ശക്തമാകുന്നതോടെ ഉത്തരേന്ത്യയിൽ മഞ്ഞുവീഴ്ചയും ശൈത്യവും തുടരും. ഇത്തവണ ഡൽഹി ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ താപനില പൂജ്യത്തിനടുത്തേക്ക് എത്തുമെന്ന് നേരത്തെ metbeatnews.com റിപ്പോർട്ട് ചെയ്തിരുന്നു.

ഉത്തരേന്ത്യയിൽ ശൈത്യം ശക്തമാവുകയും ഉത്തരേന്ത്യയിൽ നിന്ന് ദക്ഷിണേന്ത്യയിലേക്കുള്ള ശീത കാറ്റിന്റെ പ്രവാഹം തുടരുകയും ചെയ്യുമ്പോൾ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും തണുപ്പ് കൂടി തുടങ്ങും. നേരത്തെ ഉത്തരേന്ത്യയിൽ തണുപ്പ് കൂടിയ സമയത്ത് കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ രാത്രിയിലും ചൂടാണ് അനുഭവപ്പെട്ടത്. ഇതിനു കാരണം വിടവാങ്ങാതിരുന്ന തുലാവർഷക്കാറ്റായിരുന്നു.

എന്നാൽ ഇപ്പോൾ തുലാവർഷക്കാറ്റ് വിടവാങ്ങിയതോടെ ബംഗാൾ ഉൾക്കടലിൽ നിന്നുള്ള കിഴക്കൻ കാറ്റിൻ്റെശക്തി കുറയുകയും വടക്കൻ പീഠഭൂമിയിൽ നിന്നുള്ള കരക്കാറ്റ് ദക്ഷിണേന്ത്യയിലേക്ക് എത്തിത്തുടങ്ങുകയും ചെയ്യും. ഇതോടെ വരും ദിവസങ്ങളിൽ കേരളത്തിലും തമിഴ്നാട്ടിലും തണുപ്പ് വർദ്ധിക്കും. പശ്ചിമവാതം ഇത്തവണ ഡൽഹി ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്ക് നേരെയാണ് വീശുന്നത്. ഇതോടൊപ്പം സമുദ്രനിരപ്പിൽ നിന്ന് 12.6 കിലോമീറ്റർ ഉയരത്തിലായി ജെറ്റ് സ്ട്രീം (Jet Stream) എന്ന ശൈത്യകാറ്റിന്റെ സാന്നിധ്യവും ഡൽഹി ഉൾപ്പെടെയുള്ള വടക്കൻ സംസ്ഥാനങ്ങൾക്ക് മുകളിലുണ്ട്.

സാധാരണ ഈ സീസണിൽ Jet Stream കുറച്ചു കൂടി വടക്കായി കാശ്മീരിന് മുകളിലും ചൈനക്ക് മുകളിലു ആണ് കാണപ്പെടാറുള്ളത്. ഇത്തവണ അത് താരതമ്യേന തെക്കോട്ട് നീങ്ങിയത് പോലെയാണ് മനസ്സിലാക്കാനാകുന്നത്. ഇതോടൊപ്പം പശ്ചിമവാതം കൂടി ശക്തിപ്പെടുന്നതോടെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഞ്ഞുവീഴ്ച, മഴ, ആലിപ്പഴ വർഷം തുടങ്ങിയവക്ക് കാരണമാകും. ഡൽഹിയിൽ തുടരുന്ന മൂടൽ മഞ്ഞിനും (fog) ഇതോടെ അല്പം ശമനം ലഭിക്കും. എന്നാൽ താപനിലയിൽ പുരോഗതി പ്രതീക്ഷിക്കേണ്ടതില്ല.

ഉത്തരേന്ത്യയിൽ നിന്ന് ദക്ഷിണേന്ത്യയിലേക്ക് കാറ്റ് എത്തുന്നതോടെ ആന്ധ്രപ്രദേശ്, ഉൾനാടൻ കർണാടക, തമിഴ്നാട് കേരളത്തിൻ്റെ കിഴക്കൻ മേഖല, ഇടനാട് പ്രദേശങ്ങൾ എന്നിവിടങ്ങളിലെല്ലാം അടുത്ത രണ്ടാഴ്ചയിൽ രാതി താപനില ഇപ്പോഴത്തെക്കാൾ കുറയും. അതേസമയം പകൽ ഈ കാറ്റ് ദുർബലമാകുന്നതിനാൽ ചൂട് കൂടുകയും ചെയ്യും. രാത്രി വൈകിയും പുലർച്ചെയും അതിരാവിലെയും ആണ് തണുപ്പ് അനുഭവപ്പെടുക.

ഈയിടെ തമിഴ്നാട്ടിലെ ഊട്ടിയിൽ മഞ്ഞുവീഴ്ചയും താപനില പൂജ്യം ഡിഗ്രി എത്തുകയും ചെയ്തിരുന്നു. സമാനമായ രീതിയിൽ കേരള തമിഴ്നാട് അതിർത്തി പ്രദേശങ്ങളിലെ  ഹൈറേഞ്ച് മേഖലകളിൽ താപനില താഴാനുള്ള സാധ്യതയാണ് കാണുന്നത്. പശ്ചിമവാതം അടുത്തഘട്ടത്തിൽ വടക്കേ ഇന്ത്യയുടെ തെക്കൻ ഭാഗത്തേക്ക് സ്വാധീനം ചെലുത്താൻ ആണ് സാധ്യത. ഇങ്ങനെ സംഭവിക്കുമ്പോഴാണ് തെക്കേ ഇന്ത്യയിൽ കൂടുതൽ തണുപ്പ് അനുഭവപ്പെടുക. മഴ വിട്ടുനിൽക്കുന്ന സാഹചര്യവും രാത്രികാലങ്ങളിൽ തണുപ്പ് കൂടാൻ ഇടയാക്കും. പകൽ ചൂട് കൂടുന്നതിനാൽ ദാഹമില്ലെങ്കിലും ധാരാളം വെള്ളം കുടിക്കുക. രാത്രിയിൽ തണുപ്പും പകലിൽ ചൂടും ഉണ്ടാകുന്നത് ജലദോഷം കഫക്കെട്ട് തുടങ്ങിയ അസുഖങ്ങൾക്ക് കാരണമാകും.

© Metbeat News

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Editorial Desk at metbeatnews.com, This is Team of Meteorologists and Senior Weather Journalist and Experts. Metbeat Weather The Only Pvt. Weather Firm In Kerala Since 2020

1 thought on “weather forecast kerala 24/01/24 : പകൽ ചൂട് കൂടും, രാത്രി കുറയും. ഫെബ്രുവരി പകുതിവരെ മഴ കുറയും”

Leave a Comment