കാലവർഷം ദുർബലമായി തുടരുന്നു ; കാരണം വായിക്കാം

കേരളത്തിൽ ജൂൺ 7 മുതൽ മഴ നേരിയ തോതിൽ സജീവമാകുമെന്നായിരുന്നു Metbeat Weather ന്റെ കഴിഞ്ഞ കാലാവസ്ഥ അവലോകനം എങ്കിലും മഴ ലഭിച്ചില്ല. ഒറപ്പെട്ട പ്രദേശങ്ങളിൽ ശക്തമായ / ഇടത്തരം മഴയും മറ്റിടങ്ങളിൽ ചാറ്റൽ മഴയുമാണ് ലഭിച്ചത്. പ്രതീക്ഷിച്ച മഴ ലഭിക്കാത്തതിന്റെ കാരണം വിലയിരുത്തുകയാണ് ഇവിടെ ഞങ്ങളുടെ വെതർ ടീം.

കാറ്റ് ദുർബലം, മേഘങ്ങളും കുറവ്

കഴിഞ്ഞ ആഴ്ചയക്കാൾ കൂടുതൽ മഴ ഈ ആഴ്ച ലഭിക്കുമെന്നായിരുന്നു ഞങ്ങളുടെ നിരീക്ഷണം. എന്നാൽ പലയിടത്തും മഴ സജീവമായില്ല. ധാരാളം മേഘങ്ങൾ കടലിൽ കഴിഞ്ഞദിവസം രൂപപ്പെടുകയും അവ കരയിലേക്ക് എത്താതെ കടലിൽ തന്നെ പെയ്തു പോവുകയും ചെയ്ത സാഹചര്യമുണ്ടായി. പലപ്പോഴും തീരദേശങ്ങളിൽ നേരിയ തോതിൽ മഴ ലഭിച്ചു. അടുത്ത ദിവസങ്ങളിലും കൂടുതൽ മേഘ രൂപീകരണം കടലിൽ പ്രതീക്ഷിക്കുന്നില്ല. പടിഞ്ഞാറൻ കാറ്റിന്റെ ഗതി വ്യതിയാനം, വേഗത തുടങ്ങിയവയാണ് കേരളത്തിൽ തുടർച്ചയായ മഴ ലഭിക്കുന്നതിന് തടസ്സമാകുന്നത് എന്നാണ് ഞങ്ങളുടെ നിരീക്ഷകരുടെ നിഗമനം. ഇതിന് പ്രധാനമായും കാരണമാകുന്നത് ഭൂമധ്യരേഖക്ക് തെക്കുഭാഗത്ത് രൂപപ്പെട്ടിരിക്കുന്ന അതിമർദ്ദ മേഖലയുടെ സ്ഥാന ചലനങ്ങളാണ്. ഈ അതി മർദ്ദമേഖലകൾ ആണ് മൺസൂൺ കാറ്റിന്റെ ദിശ നിർണയിക്കുന്നത്. മൺസൂൺ കാറ്റ് ഇപ്പോൾ ആഫ്രിക്കയുടെ തീരദേശ മേഖലകളും കേന്ദ്രീകരിച്ച് ശക്തിപ്പെട്ട അവസ്ഥയിലാണ്. ഇവ കേരളത്തിലേക്ക് ശക്തമായി വീശുന്നില്ല. അറബികടലിൽ മേഘ സാന്നിധ്യവും രൂപീകരണവും താരതമ്യേന കുറവാണ്. മൺസൂണിനെ ശക്തിപ്പെടുത്തുന്ന അന്തരീക്ഷ പ്രതിഭാസങ്ങൾ ഒന്നും ഇപ്പോൾ കേരളത്തിലോ അറബിക്കടലിലോ ബംഗാൾ ഉൾക്കടലിലോ നിലവിലില്ല. ഈമാസം ഏഴ് മുതൽ മാഡൻ ജൂലിയൻ ഓസിലേഷൻ (MJO) എന്ന ആഗോള മഴ പാത്തി ഇന്ത്യൻ മഹാസമുദ്രത്തിൽ പ്രവേശിക്കും എന്ന് കരുതിയെങ്കിലും ഇപ്പോഴും ഇത് ഫേസ് 7- 8 ൽ തുടരുകയാണ്. അടുത്ത ദിവസങ്ങളിൽ ഇത് പടിഞ്ഞാറ് അറബിക്കടലിൽ എത്തുമെന്നാണ് പ്രതീക്ഷ. MJO യുടെ സാന്നിധ്യം ഇന്ത്യൻ മഹാസമുദ്രത്തിൽ നിലനിൽക്കുമ്പോഴാണ് കാലവർഷം ശക്തിപ്പെടുക. ചെറു ന്യൂനമർദ്ദങ്ങളും രൂപപ്പെടാൻ സാധ്യതയേറും. ഏറ്റവും പുതിയ കാലാവസ്ഥ വിവരങ്ങൾ അവലോകനം ചെയ്യുമ്പോൾ ഞായറാഴ്ച ഏതാനും പ്രദേശങ്ങളിൽ പ്രത്യേകിച്ച് വടക്കൻ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിച്ചേക്കും. ഇപ്പോഴും കേരളത്തിൽ വൈകുന്നേരങ്ങളിൽ ചെയ്യുന്ന ഇടിയോടു കൂടിയുള്ള മഴയാണ് ലഭിക്കുന്നത്. കാലവർഷക്കാറ്റ് സജീവം ആകാത്തത് ആണ് ഇതിന് കാരണം. തുടർച്ചയായ ശക്തമായ മഴ എന്ന് ലഭിക്കും എന്നതിന് ഇനിയും കാത്തിരിക്കേണ്ടി വരും. മൺസൂണിനെ ശക്തിപ്പെടുത്തുന്ന സാഹചര്യങ്ങൾ രൂപപ്പെടുന്നത് വരെ അത്തരം മഴ പ്രതീക്ഷിക്കേണ്ടതില്ല എന്നാണ് ഞങ്ങളുടെ നിരീക്ഷണം. പലപ്പോഴും മഴ വടക്കൻ കേരളത്തിലും കർണാടകയിലും ഗോവയിലും തീരങ്ങളിലേക്ക് ആവും കൂടുതൽ ലഭിക്കുക. കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളുടെ വെബ് സൈറ്റിലും ഫേസ്ബുക്ക് പേജിലും വരുന്ന അപ്ഡേഷൻ ശ്രദ്ധിക്കുക.

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Editorial Desk at metbeatnews.com, This is Team of Meteorologists and Senior Weather Journalist and Experts. Metbeat Weather The Only Pvt. Weather Firm In Kerala Since 2020

Leave a Comment