ന്യൂനമർദപാത്തി: വടക്കൻ ജില്ലകളിൽ മഴയെത്തി, നാളെ കുറയും

Metbeat Weather Desk

കഴിഞ്ഞ ദിവസങ്ങളിലെ റിപ്പോർട്ടുകളിൽ പരാമർശിച്ച മഴ വടക്കൻ കേരളത്തിൽ പെയ്തു തുടങ്ങി. ഇടവേളക്ക് ശേഷം കാലവർഷം വടക്കൻ ജില്ലകളിൽ ഞായറാഴ്ച ലഭിക്കുമെന്നായിരുന്നു മെറ്റ്ബീറ്റ് വെതറിന്റെ ഇന്നലത്തെ റിപ്പോർട്ട്. ശനിയാഴ്ച പ്രതീക്ഷിച്ച മഴ ലഭിച്ചില്ലെങ്കിലും ഞായറാഴ്ച വടക്കൻ കേരളത്തിൽ പലയിടത്തും മഴ ലഭിച്ചു. കാലവർഷം മഹാരാഷ്ട്ര കൊങ്കൺ മേഖലയിൽ പ്രവേശിക്കുകയും മഴ സജീവമാകുകയും ചെയ്തതിനു പിന്നാലെ വടക്കൻ കേരളം, തെക്കൻ തീരദേശ കർണാടക, ഗോവ, കൊങ്കൺ എന്നിവിടങ്ങളിലും മധ്യകിഴക്കൻ അറബിക്കടലിലെ ചക്രവാതച്ചുഴിയുടെ ഭാഗമായി മഴ ലഭിക്കുമെന്നായിരുന്നു പ്രവചനം.

ചക്രവാതച്ചുഴി ദുർബലം, ന്യൂനമർദപാത്തി രൂപപ്പെട്ടു

എന്നാൽ ഇന്ന് ചക്രവാതച്ചുഴി ദുർബലമായെങ്കിലും ഗുജറാത്ത് മുതൽ വടക്കൻ കേരളം വരെ നീണ്ടു നിൽക്കുന്ന ന്യൂനമർദ പാത്തി വടക്കൻ കേരളത്തിൽ മഴക്കു കാരണമായി. കേരളത്തിന്റെ തീരദേശത്തുകൂടെ രൂപപ്പെട്ട ന്യൂനമർദ പാത്തി മഴ മേഘങ്ങളെ കേന്ദ്രീകരിച്ച് വടക്കൻ ജില്ലകളിൽ പെയ്യിക്കുന്നുണ്ട്. ഇന്ന് രാത്രിയിലും കൂടുതൽ മഴ പെയ്യിക്കും. ഒപ്പം മധ്യ കേരളത്തിലും ഇന്ന് മഴക്ക് ഇത് കാരണമാകും. എറണാകുളം ജില്ലയുടെ കിഴക്കൻ മേഖല, ആലപ്പുഴ തെക്കൻ മേഖല, മലപ്പുറം മുതൽ കാസർകോട് വരെയുള്ള ജില്ലകളിലാണ് രാവിലെ വരെ ഒറ്റപ്പെട്ട മഴ പ്രതീക്ഷിക്കുന്നത്. കോഴിക്കോട്, കണ്ണൂർ, വയനാട് ജില്ലകളിലാകും കൂടുതൽ മഴ. നാളെ (തിങ്കൾ) മുതൽ വീണ്ടും കേരളത്തിൽ മഴ കുറയാനാണ് സാധ്യത. നാളെ കണ്ണൂർ, കോഴിക്കോട്, കാസർകോട്, വയനാട്, എറണാകുളം ജില്ലകളിൽ മഴ ലഭിക്കും.
Photo- Meenu Balu

Leave a Comment