നിക്കാഹ് കഴിഞ്ഞ് ഗൾഫിലെത്തിയിട്ട് മൂന്നുമാസം, ആർത്തലച്ച് പെയ്ത മഴ വില്ലനായി, വേദനയായി യുവാവിൻ്റെ മരണം
റാസൽഖൈമയിൽ ശക്തമായ മഴയിൽ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ ചുമര് തകർന്ന് വീണ് മലയാളി യുവാവ് മരിച്ച വാർത്ത വളരെ വേദനയോടെയാണ് നാം കേട്ടത്. ഒരു നല്ല ദാമ്പത്യ ജീവിതം ഉറപ്പിച്ചുവെച്ച് ഒരുപാട് സ്വപ്നങ്ങളുമായി കടലിനക്കരയ്ക്ക് മാസങ്ങൾക്ക് മുൻപ് വിമാനം കയറിയ ഈ 27 കാരൻ്റെ ദാരുണമരണം തീരാവേദനയായി മാറിയിരിക്കുകയാണ്. മലപ്പുറം കൊടിഞ്ഞി നന്നമ്പ്ര സ്വദേശി തലക്കോട്ട് തൊടികയിൽ സൽമാൻ ഫാരിസ് ഇന്നലെ പുലർച്ചെ റാസൽഖൈമയിലുണ്ടായ അപകടത്തിലാണ് മരണപ്പെട്ടത്. സുലൈമാൻ തലക്കോട്ടു തൊടികയുടെയും അസ്മാബിയുടെയും മകനാണ്.
സ്വപ്നങ്ങൾ മാത്രം ബാക്കി
കഴിഞ്ഞ നാല് വർഷമായി റാസൽഖൈമ അൽ നഖീലിലെ കോഴിക്കോട് സ്വദേശിയുടെ ഇസ്താംബൂൾ ഷവർമ കടയിൽ ഡെലിവറി ജീവനക്കാരനായിരുന്നു സൽമാൻ. അഞ്ച് മാസം മുൻപ് നാട്ടിൽ അവധിക്ക് ചെന്നപ്പോൾ നാട്ടിലെ ഒരു പെൺകുട്ടിയുമായി നിക്കാഹ് നടത്തിയിരുന്നു. മൂന്ന് മാസം മുൻപാണ് തിരിച്ചുവന്നത്. അടുത്ത അവധിക്ക് ചെല്ലുമ്പോൾ വലിയ രീതിയിൽ വിവാഹം നടത്താനായിരുന്നു ആഗ്രഹം. 24 മണിക്കൂറും പ്രവർത്തിക്കുന്ന ഇസ്താംബൂൾ ഷവർമ കടയിൽ വൈകിട്ട് 6 മുതൽ രാവിലെ 6 വരെയായിരുന്നു സൽമാൻ ജോലി ചെയ്തിരുന്നത്. ഇന്നലെ പുലർച്ചെ രണ്ടരയോടെ ഡെലിവറിയുമായി ജൂലാൽ എന്ന സ്ഥലത്തേയ്ക്ക് മോട്ടർ ബൈക്കിൽ പോയതായിരുന്നു യുവാവ്.
പുലർച്ചെ മൂന്നോടെ പ്രദേശത്ത് ശക്തമായ കാറ്റും മഴയുമുണ്ടായപ്പോൾ അൽ റംസ് റോഡിൽ എമിറേറ്റ്സ് ഗാലറിക്ക് മുൻവശത്തെ കെട്ടിട നിർമ്മാണ സ്ഥലത്തെ സിമന്റ് ഇഷ്ടിക കൊണ്ട് നിർമ്മിച്ച ചുമരിന് അടുത്ത് മഴയേൽക്കാതെ യുവാവ് കയറിനിന്നു. എന്നാൽ ശക്തമായ കാറ്റിൽ ചുമര് തകർന്ന് വീണ് മരണം സംഭവിക്കുകയായിരുന്നു എന്നാണ് കരുതുന്നത്. അപകടത്തിന് തൊട്ടുമുൻപ് എവിടെയെങ്കിലും സുരക്ഷിതമായി കയറി നിന്നോളൂ എന്ന് കടയിൽ നിന്ന് സൽമാന് വാട്‌സാപ്പ് സന്ദേശം ലഭിച്ചിരുന്നു. ഇതു പ്രകാരം ബൈക്ക് സുരക്ഷിതമായി നിർത്തി യുവാവ് കെട്ടിടത്തിനുള്ളിൽ കയറി നിൽക്കുകയായിരുന്നു. രാവിലെ ആറോടെ അവിടെയെത്തിയ നിർമ്മാണത്തൊഴിലാളികളാണ് സൽമാനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ പൊലീസിൽ വിവരമറിയിക്കുകയും മൃതദേഹം പൊലീസ് മോർച്ചറിയിലേയ്ക്ക് മാറ്റുകയും ചെയ്തു. പൊലീസ് റിപ്പോർട്ട് ലഭിച്ചാലേ അപകടം എങ്ങനെ നടന്നുവെന്ന് കൃത്യമായി പറയാനാകൂ.മൃതദേഹം ഉടൻ തന്നെ നാട്ടിലെത്തിക്കുമെന്ന് സാമൂഹിക പ്രവർത്തകൻ നാസർ അൽ ദാന പറഞ്ഞു.
English Summary : Discover the story of Salman, a delivery worker at Istanbul Shawarma, who recently married and dreams of a grand wedding upon his return home.