തിങ്കളാഴ്ച കനത്തമഴയിലും കാറ്റിലുമുണ്ടായ അപകടങ്ങളിൽ സംസ്ഥാനത്ത് ഒരു വിദ്യാർഥിയുൾപ്പെടെ മൂന്നുപേർ മരിച്ചു. കോഴിക്കോട് ദേവഗിരി കോളേജ് മൂന്നാംവർഷ ബിരുദവിദ്യാർഥി അശ്വിൻ തോമസ് (20), ഇടുക്കി അടിമാലി വെള്ളത്തൂവൽ മുതുവാൻകുടി കുഴിയാലിയിൽ കെ.സി. പൗലോസ് (56), പീരുമേടിന് സമീപം ഏലപ്പാറ കോഴിക്കാനം എസ്റ്റേറ്റ് സ്വദേശിനി ഭാഗ്യം (പുഷ്പ -50) എന്നിവരാണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് കാമ്പസിന് സമീപത്തെ റോഡിൽ കനത്തകാറ്റിൽ പൊട്ടിവീണ തെങ്ങിൽ ഇടിച്ചാണ് ബൈക്ക് യാത്രികനായ അശ്വിൻ തോമസ് അപകടത്തിൽപ്പെട്ടത്. കെട്ടിടനിർമാണം നടക്കുന്നതിനിടെ മൺഭിത്തി ഇടിഞ്ഞ് ദേഹത്തുവീണാണ് പൗലോസ് അപകടത്തിൽപ്പെട്ടത്. ഏലപ്പാറയിൽ ലയത്തിലേക്ക് മണ്ണിടിഞ്ഞാണ് ഭാഗ്യം അപകടത്തിൽപ്പെട്ടത്.മലയോരമേഖലയിൽ മഴക്കെടുതി തുടരുന്നു. കനത്തമഴയിൽ കീഴൂർകുന്നിൽ കിണർ ഇടിഞ്ഞുതാഴ്ന്നു.