ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ 24 മണിക്കൂറിൽ 20 ലേറെ തുടർച്ചയായ ഭൂചലനങ്ങൾ. തിങ്കൾ,ചൊവ്വ ദിവസങ്ങളിലാണ് ഭൂചലനത് തുടരുന്നത്. ചൊവ്വാഴ്ച പുലർച്ചെ 5:57 നാണ് ഏറ്റവും ശക്തമായ ഭൂചലനമുണ്ടായത്. റിക്ടർ സ്‌കെയിലിൽ 5.0 രേഖപ്പെടുത്തിയിട്ടുണ്ടെന്ന് നാഷണൽ സെന്റർ ഫോർ സീസ്‌മോളജി അറിയിച്ചു. എന്നാൽ ജീവഹാനിയോ വസ്തുവകകൾക്ക് നാശനഷ്ടമോ ഉണ്ടായതായി ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.
തലസ്ഥാനമായ പോർട്ട് ബ്ലെയറിന് 215 കിലോമീറ്റർ അകലെയാണ് 5.0 രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. നാഷനൽ സെന്റർ ഫോർ സീസ്‌മോളജിയുടെ കണക്കനുസരിച്ച്, തിങ്കളാഴ്ച വൈകുന്നേരം 5.18 നാണ് ദ്വീപുകൾക്ക് ചുറ്റുമുള്ള പ്രദേശങ്ങളിൽ ആദ്യത്തെ ഭൂചലനം ഉണ്ടായത്. റിക്ടർ സ്‌കെയിലിൽ 4.6 തീവ്രത രേഖപ്പെടുത്തി. വൈകുന്നേരമായപ്പോൾ കൂടുതൽ ഭൂചലനങ്ങൾ ഉണ്ടായി.
ഭൂരിഭാഗവും ഭൂചലനവും റിക്ടർ സ്‌കെയിലിൽ 4.5 രേഖപ്പെടുത്തിയിരുന്നു. അതിൽ നിന്നെല്ലാം ശക്തമായതാണ് ചൊവ്വാഴ്ച പുലർച്ചെയുണ്ടായത്. രണ്ട് ദിവസത്തിനിടെ 24 ഭൂചലനങ്ങൾ നാഷനൽ സെന്റർ ഫോർ സീസ്‌മോളജിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്.