ചാലിയാറിന്‍റെ തീരങ്ങളിൽ ദിവസങ്ങളോളം അധ്വാനിച്ച് സ്വർണത്തരികൾ ശേഖരിച്ച് അവർ ജീവിത ചിലവിന് വഴി കണ്ടെത്തുന്നു
നിലമ്പൂർ വനമേഖലയിൽ ചാലിയാറിൽനിന്ന് സ്വർണം അരിച്ചെടുക്കുകയായിരുന്ന ഏഴംഗ സംഘത്തെ കഴിഞ്ഞ ദിവസം വനപാലകർ അറസ്റ്റ് ചെയ്തുവെന്ന വാർത്ത കഴിഞ്ഞദിവസമാണ് നാം കേട്ടത്. മമ്പാട് സ്വദേശികളായ കുണ്ടുപറമ്പ് ഷമീം (43), പനങ്ങാടൻ അബ്ദുൽ റസാഖ്(56), നരിമടക്കൽ സക്കീർ (53), പന്താർ അഷ്റഫ് (53), ചപ്പങ്ങാ തോട്ടത്തിൽ അലവിക്കുട്ടി (62), പന്താർ ജാബിർ (42), എടക്കര ടി.സി. സുന്ദരൻ (40) എന്നിവരെയാണ് വനപാലകർ അറസ്റ്റ് ചെയ്തത്. മോട്ടർ ഉൾപ്പെടെയുള്ള യന്ത്രസാമഗ്രികൾ ഇവർ സ്വർണം അരിച്ചെടുക്കാൻ ഉപയോഗിച്ചിരുന്നു. പ്രതികളിൽനിന്ന് തൊണ്ടി സാധനങ്ങൾ പിടിച്ചെടുത്തു. നിലമ്പൂർ റേഞ്ചിൽ പനയംകോട് സെക്ഷനിൽ ആയിരവല്ലിക്കാവ് വനത്തിലൂടെ ഒഴുകുന്ന ചാലിയാറിലാണ് സംഭവം. പിന്നീട് പ്രതികളെ ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു.
സ്വർണ്ണം അരിച്ചെടുക്കൽ ഉപജീവന മാർഗ്ഗം
സത്യത്തിൽ ഈ സ്വർണ്ണം അരിച്ചെടുക്കൽ ഒരു പറ്റം ആളുകളുടെ ഉപജീവനമാർഗ്ഗം കൂടിയാണ്. സ്വർണത്തരികളാൽ സമ്പന്നമായ ചാലിയാർ പുഴ നൂറ്റാണ്ടുകളായി ഒരുകൂട്ടം ആളുകൾക്ക് ഉപജീവനമാർഗ്ഗം നൽകികൊണ്ടിരിക്കുന്നു. ഈ പുഴ ഇവിടുത്തെ ജനങ്ങളുടെ പ്രതീക്ഷയുടെ പുൽനാമ്പാണ്. പുഴയുടെ ആഴങ്ങളിൽനിന്ന് സ്വർണത്തരികൾ അരിച്ചെടുക്കുന്ന ഓരോ മനുഷ്യനും പ്രത്യാശയുടെ ഒരുതുണ്ട് ജീവിതത്തിലേക്ക് കോരിയെടുക്കുകയാണ്. ഇത് വെറും സ്വർണമല്ല, ജീവിതം മുന്നോട്ട് കൊണ്ടുപോകാനുള്ള വരുമാനമാർഗ്ഗമാണ്.
തമിഴ്നാട്ടിലെ പന്തല്ലൂരിൽനിന്നും വയനാടൻ മലനിരകളിൽനിന്നും കൈവഴികളായി ഉത്ഭവിച്ച് ഏറനാടിന്‍റെ ഹൃദയത്തിലൂടെ ഒഴുകി അറബിക്കടലിൽ പതിക്കുമ്പോൾ, ചാലിയാർ പ്രകൃതിയുടെ വലിയ വരദാനമായി നിലകൊള്ളുന്നു. ഈ വരദാനമാണ് ചാലിയാറിലെ സ്വർണത്തിന്‍റെ തിളക്കം.
പാറകളാണ് സ്വർണ്ണ ഉറവിടം
പുഴ കടന്നുപോകുന്ന മലനിരകളിലെ പാറകളാണ് സ്വർണ ഉറവിടം. കുത്തിയൊലിച്ചെത്തുന്ന വെള്ളം പാറകൾക്കുള്ളിലെ സ്വർണാംശങ്ങളെ പുഴക്കരയിലേക്ക് എത്തിക്കുന്നു. ചാലിയാറിന്‍റെ തീരങ്ങളിൽ, ദിവസങ്ങളോളം അധ്വാനിച്ച് സ്വർണത്തരികൾ ശേഖരിക്കുന്നവരുടെ മുഖത്ത് കാണാൻ കഴിയുന്നത് കഠിനാധ്വാനത്തിന്‍റെ കഥയാണ്. പുഴയിലെ സ്വർണത്തിന് എന്തുമാത്രം വിലയുണ്ടോ അതിനേക്കാൾ എത്രയോ വലുതാണ് അവരുടെ അധ്വാനത്തിനും സ്വപ്‌നങ്ങൾക്കും. ഓരോ സ്വർണത്തരിയും ഒരു കുടുംബത്തിന്‍റെ അന്നമാണ്.
പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധം വളരെ ആഴമേറിയതാണ്.
ചാലിയാറും തേക്കിൻകാടുകളും സഞ്ചാരികളുടെ പ്രധാന ആകർഷണങ്ങളായി മാറിയത് അതിന്‍റെ പ്രകൃതിപരമായ സൗന്ദര്യംകൊണ്ടു മാത്രമല്ല, മറിച്ച് മനുഷ്യജീവിതങ്ങളുമായി അത് എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നതുകൊണ്ടുകൂടിയാണ്. ഇവിടെ, പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധം വളരെ ആഴമേറിയതാണ്. കേരള-തമിഴ്നാട് അതിർത്തിയിലെ മലകളിൽ ബ്രിട്ടീഷുകാരുടെ കാലത്ത് വാണിജ്യാടിസ്ഥാനത്തിൽ സ്വർണഖനനം നടത്തിയെങ്കിലും പിന്നീട് നിർത്തിവെക്കുകയായിരുന്നു. തമിഴ്നാട്ടിലെ ദേവർശോല, പന്തല്ലൂർ എന്നിവിടങ്ങളിൽ ഇന്നും ഇതിന്‍റെ ശേഷിപ്പുകളുണ്ട്. ഖനനനിരോധനം ഉള്ളതുകൊണ്ടുതന്നെ പുഴയിലൂടെ ഒഴുകിയെത്തുന്ന തരികളിലാണ് ഇന്നുള്ളവരുടെ ജീവിതപ്രതീക്ഷ.
ചാലിയാറിന്‍റെയും അതിലേക്ക് വന്നുചേരുന്ന ചെറുപുഴകളുടെയും തീരങ്ങളിൽ അതിരാവിലെത്തന്നെ കൂട്ടമായാണ് സ്ത്രീകൾ ഉൾപ്പെടെയുള്ളവർ പൊന്നരിക്കാൻ എത്തുന്നത്. മരവി, കൊളഞ്ചി എന്നിവയാണ് പുഴയുടെ തീരങ്ങളിൽനിന്ന് സ്വർണം അരിച്ചെടുക്കാൻ ഉപയോഗിക്കുന്ന ആയുധങ്ങൾ.
വീതിയേറിയ മരത്തിൽനിന്നാണ് മരവി നിർമിക്കുന്നത്. ഏകദേശം 21 ഇഞ്ച് നീളവും 18 ഇഞ്ച് വീതിയും ആറ് ഇഞ്ച് കനവുമാണ് സിമന്‍റ് ചട്ടിക്ക് സമാനമായ ഈ മരച്ചട്ടിക്ക് വേണ്ടത്. ഉൾഭാഗം കുനിഞ്ഞിരിക്കുന്ന രീതിയിലാണ് നിർമാണം.
സ്വർണ്ണമരിക്കാൻ പ്രത്യേക ആയുധങ്ങൾ
ചെറിയ കൈക്കോട്ടിന് സമാനമായ കൊളഞ്ചി എന്ന ഉപകരണംകൊണ്ടാണ് മണ്ണ് മരവിയിലേക്ക് ഇടുന്നത്. വെള്ളത്തോടുകൂടിയ ഈ മണ്ണ് നിരവധി തവണ പുഴവെള്ളം കൊണ്ടുതന്നെ തേവി അരിക്കുകയാണ് ചെയ്യുന്നത്. അവസാനം ചളിയും മണ്ണുമെല്ലാം നീക്കം ചെയ്യുന്നതോടെയാണ് സ്വർണത്തരികൾ മരവിയുടെ കുഴി ഭാഗത്ത് കാണാനാകുക.
ഇവ ഒരുപാത്രത്തിലേക്ക് മാറ്റും. ഇങ്ങനെ കിട്ടിയ സ്വർണത്തിരികൾ ഒരു ചെറിയ തുണിക്കിഴിയുണ്ടാക്കി കെട്ടിവെക്കും. പിന്നീട് മെർക്കുറി ചേർത്ത് ചെറു തീയിൽ കത്തിക്കും. ഇതോടെയാണ് സ്വർണം മണ്ണിൽനിന്ന് വേർതിരിച്ചെടുക്കാനാകുക. ഇവ പിന്നീട് ഒന്നുകൂടി ശുദ്ധീകരിച്ചാണ് സ്വർണപ്പണിക്കാർക്ക് വിൽക്കുന്നത്.
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ സ്വര്‍ണശേഖരമുള്ള മണ്ണാണ് മരുതയിലുള്ളത്. മലകളില്‍ മാത്രമല്ല, പുഴകളിലും നടന്നുപോകുന്ന ഇടവഴികളിലും വീട്ടുമുറ്റത്തും പറമ്പുകളിലും പൊന്‍തരികള്‍ നല്‍കി മരുത ഇന്നാട്ടുകാരെ അനുഗ്രഹിച്ചു.
1991 ൽ വനപ്രദേശങ്ങളിൽ സ്വർണ്ണഖനനം നിരോധിച്ചു
വനപ്രദേശങ്ങളിൽനിന്ന് മണ്ണിനോടൊപ്പം ഒഴുകിയെത്തുന്ന പൊന്‍തരികള്‍ ജനങ്ങള്‍ക്ക് ലഭിച്ചിരുന്നു. മരുത വനങ്ങളിലെ മലകളില്‍ മേല്‍മണ്ണില്‍ സ്വർണ നിക്ഷേപമുണ്ടെന്ന് നാട്ടുകാര്‍ തിരിച്ചറിഞ്ഞു. ഇതോടെയാണ് മരവിയും കൊളാഞ്ചിയുമായി അവർ അക്കാലത്ത് മല കയറിയത്. മണ്ണ് കിളച്ചെടുത്ത് മഴവെള്ളച്ചാലുകളില്‍ സ്വർണം അരിച്ചെടുത്ത് അവര്‍ ജീവിത ചെലവിന് വഴികണ്ടെത്തുകയായിരുന്നു. ചാലിയാറിൽ വന്നുപതിക്കുന്ന മരുതപ്പുഴ, പാണ്ടിപ്പുഴ, പുന്നപ്പുഴ തുടങ്ങിയ പുഴകളില്‍നിന്നാണ് പൊന്ന് ഇപ്പോഴും അരിച്ചെടുക്കുന്നത്. വനപ്രദേശങ്ങളിൽ നടന്നിരുന്ന സ്വർണഖനനം 1991ൽ സർക്കാർ നിരോധിച്ചതിനെ തുടർന്നാണ് പുഴയുടെ തീരങ്ങളിലേക്ക് ഇവർ സ്വർണം തേടി എത്തിയത്.
English Summary : Marutha has the highest gold reserves in the state. Marutha blessed the people of this land by providing gold not only in the mountains but also in the rivers, walking paths, backyards and fields.